തിരയുക

Papa Giovanni Paolo I, Papa Luciani Papa Giovanni Paolo I, Papa Luciani 

ധിഷണാശാലിയായ പാപ്പാ ജോണ്‍ പോള്‍ ഒന്നാമന്‍

ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പായുടെ കാലാതീതമായ ചിന്താധാരകള്‍... സെപ്തംബര്‍ 28 ദൈവദാസന്‍റെ 42-Ɔο ചരമവാര്‍ഷികം

- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക്ക്  നെയ്യാറ്റിന്‍കര

1. ആധുനിക കാലത്തെ സഭയെ
വിഭാവനംചെയ്ത ജോണ്‍ പോള്‍ ഒന്നാമന്‍

വെനീസിലെ പാത്രിയാര്‍ക്കിസ് ആയിരിക്കെ കര്‍ദ്ദിനാള്‍ അല്‍ബീനോ ലൂച്യാനി 1978 ആഗസ്റ്റ് 26-ന് പത്രോസിന്‍റെ പരമാധികാരത്തിലേ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ രക്തം കട്ടിയാകുന്ന രോഗാധീനനായിരുന്ന അദ്ദേഹം അതേ വര്‍ഷം സെപ്തംബര്‍ 28-ന് കാലംചെയ്തു. ധന്യനായ ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പായുടെ സ്ഥാനാരോഹണത്തിന്‍റെ 42-Ɔο വാര്‍ഷികവും ചരമവാര്‍ഷികവും സംയുക്തമായി അനുസ്മരിച്ചുകൊണ്ട്, പാപ്പാ ലൂചിയാനി ഫൗണ്ടേഷന്‍റെ പ്രസിഡന്‍റുകൂടിയായ (Pope John Paul I Foundation) വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ അനുസ്മരണനാളില്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് മുന്‍പാപ്പായുടെ കാലാതീതമായ ദാര്‍ശനികതയും കാഴ്ചപ്പാടുകളും വെളിപ്പെടുത്തിയത്.
വെനീസ് അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരിക്കെയാണ് കര്‍ദ്ദിനാള്‍ ലൂചിയാനി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്തത്. കൗണ്‍സിലില്‍ അദ്ദേഹം അവതരിപ്പിക്കുകയും തന്‍റെ അജഗണവുമായി നിരവധി കത്തുകളിലൂടെ പങ്കുവയ്ക്കുകയും ചെയ്ത ആധുനിക കാലത്തെ സഭയെക്കുറിച്ചുള്ള ധാരണകള്‍ കാലത്തെ വെല്ലുന്നവയാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ സാക്ഷ്യപ്പെടുത്തി.

2. പാപ്പാ  ലൂചിയാനിയുടെ  കാഴ്ചപ്പാടുകൾ
ലോകത്തിൽ വ്യാപകമായിക്കൊണ്ടിരുന്ന അശുഭാപ്തി വിശ്വാസത്തെക്കുറിച്ചും, സാർവത്രിക സഭാ അനുഭവത്തെക്കുറിച്ചും, ആരാധനാക്രമ പരിഷ്ക്കരണത്തെക്കുറിച്ചും, മതസ്വാതന്ത്ര്യത്തെക്കുറിച്ചും, കത്തോലിക്കരല്ലാത്തവരുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതിനെ സംബന്ധിച്ചും, മതബോധനത്തില്‍ നൽകേണ്ട പ്രാധാന്യത്തെകുറിച്ചും കർദിനാൾ അൽബിനോ ലൂചിയാനിയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കവേ കർദ്ദിനാൾ അൽബിനോ ലൂചിയാനി പലര്‍ക്കായി എഴുതിയ കത്തുകളുടെ അടിസ്ഥാനത്തിൽ ഈ കാഴ്ചപ്പാടുകള്‍ രേഖീകൃതമായിട്ടുള്ളവയാണ്.

3. അശുഭാപ്തി വിശ്വാസത്തിന് എതിരെ
രണ്ടാം വത്തിക്കാൻ കൗൺസിലിൽ വെനീസിലെ കർദ്ദിനാളായി പങ്കെടുക്കവേ കർദിനാൾ അൽബിനോ ലൂചിയാനി വെനീസിലെ തന്‍റെ വിശ്വാസികൾക്ക് ഇങ്ങനെ എഴുതി: ആപേക്ഷിക സംസ്കാരത്തിന്‍റെ സ്വാധീനത്താൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന 'അശുഭാപ്തി വിശ്വാസ'ത്തിന് എതിരെ രണ്ടാം വത്തിക്കാൻ കൗൺസിൽ വാഗ്ദാനംചെയ്യുന്ന "ക്രിസ്തീയ ശുഭാപ്തിവിശ്വാസം" ലോകത്തിന് പ്രത്യാശ പകരും.

4. സാർവത്രിക സഭയെക്കുറിച്ചുള്ള ധാരണകള്‍
കൗൺസിലിലെ സാർവത്രിക സഭാ അനുഭവത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: മിഷനറി ബിഷപ്പുമാരുടെ നീണ്ട താടിയും, ആഫ്രിക്കക്കാരുടെ കറുത്ത മുഖം, ഏഷ്യക്കാരുടെ നീണ്ടുനിൽക്കുന്ന കവിൾത്തടങ്ങളും അകലങ്ങളിൽ വ്യാപിച്ചിരിക്കുന്ന സഭയെ അടുത്തനുഭവിക്കാൻ സഹായിക്കുന്നു. അവരുമായി കുറച്ച് സമയം ആശയ വിനിമയം നടത്തുകയും, അവരെക്കുറിച്ച് തനിക്കറിയാത്ത അവരുടെ ദർശനങ്ങളും, അവരുടെ ആവശ്യങ്ങളും മനസിലാക്കുവാന്‍ ആഗ്രഹിക്കുന്നു, അതുമാത്രം മതി.

5. ആരാധനാക്രമം
ക്രിസ്തീയ ജീവിതത്തിന്‍റെ അടിസ്ഥാന കേന്ദ്രമായ വിശുദ്ധ കുർബാനയിൽനിന്ന് പരമാവധി ഫലം സ്വീകരിക്കുന്നതിന് വിശ്വാസികൾക്ക് കഴിയുന്നത്ര പങ്കെടുക്കുവാന്‍ പറ്റുന്നവിധം ആരാധനക്രമം അവരവരുടെ ഭാഷകളിൽ ലഭ്യമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാടും പ്രാർത്ഥനയും.

6. മതസ്വാതന്ത്ര്യം
ഏക സത്യവിശ്വാസം ക്രിസ്തുവിലുള്ള വിശ്വാസമാണെങ്കിലും, കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ താല്പര്യമില്ലാത്തവർക്കും സത്യം അന്വേഷിക്കുവാൻ അവകാശമുണ്ട്. അതിനാല്‍, ഒരു വ്യക്തിയുടെ അവകാശമായ വ്യക്തിസ്വാതന്ത്ര്യംപോലെ പ്രധാനമാണ് മതസ്വാതന്ത്ര്യവുമെന്നായിരുന്നു കർദിനാൾ ലൂചിയാനിയുടെ കാഴ്ചപ്പാട്.

7. കത്തോലിക്കരല്ലാത്തവരുടെ
അവകാശങ്ങൾ ആദരിക്കണം

ഇതു സംബന്ധിച്ച് കർദ്ദിനാൾ എഴുതിയത് ഇങ്ങനെയാണ്: തന്‍റെ മതത്തെക്കുറിച്ച് ഒരാൾക്ക് വ്യക്തതയുണ്ടെങ്കിൽ, അത് സംരക്ഷിക്കുവാനും പ്രകടിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും അയാള്‍ക്ക് അവകാശമുണ്ട്. ഒരാൾ തന്‍റെ മതത്തെ നല്ലതാണെന്ന് കരുതുന്നതുപോലെ തന്നെയാണ് മറ്റുള്ളവർക്ക് അവരുടെ മതവും. കൂടാതെ, മതത്തിന്‍റെ തിരഞ്ഞെടുപ്പ് എപ്പോഴും സ്വതന്ത്രമായിരിക്കണം, ഇത് സ്വാഭാവിക അവകാശമാണ്. അതുപോലെ, കടമയുമായി പൊരുത്തപ്പെടാത്ത ഒരവകാശവുമില്ല. അതിനാൽ, കത്തോലിക്കരല്ലാത്തവർക്ക് അവരുടെ മതത്തിൽ വിശ്വസിക്കാനുള്ള അവകാശമുണ്ട്, അവരുടെ അവകാശത്തെ മാനിക്കേണ്ട ബാധ്യത കത്തോലിക്കനുമുണ്ട്.

8. മതബോധനം അനിവാര്യം
മതബോധനത്തിനു നൽകേണ്ട പ്രാധാന്യത്തെ കുറിച്ച് കർദ്ദിനാള്‍  പറയുന്നതിങ്ങനെയാണ്: നാളെ ബുദ്ധമതക്കാർ റോമിൽ വന്ന് പ്രചാരണം നടത്തുകയും, ഇറ്റലിയെ പരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നുവെങ്കിലോ? റോമിൽ നാലായിരം മുസ്ലീങ്ങളുണ്ടെങ്കിൽ അവർക്ക് ഒരു പള്ളി പണിയാനുള്ള അവകാശമുണ്ട്, അവരെ അനുവദിക്കണം. നിങ്ങളുടെ കുട്ടികൾ ബുദ്ധമതക്കാരാകരുതെന്നും മുസ്ലീങ്ങളാകരുതെന്നും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ മികച്ച രീതിയിൽ ജീവിക്കുകയാണ് വേണ്ടത്. മാത്രമല്ല കുട്ടികൾക്ക് അവരുടെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് വ്യക്തമായ അറിവും, ബോധ്യവും പകർന്നുകൊടുക്കുകയും വേണം.
 

28 September 2020, 08:49