തിരയുക

LEBANON BEIRUT BLAST VATICAN DIPLOMACY LEBANON BEIRUT BLAST VATICAN DIPLOMACY 

ലബനോന്‍റെ സമാധാനത്തിനായി ഒരു ആത്മീയാഹ്വാനം

പാപ്പാ ഫ്രാന്‍സിസി‍ന്‍റെ പ്രതിനിധിയായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ബെയ്റൂട്ടിലെ സംഘര്‍ഷ ഭൂമിയില്‍...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. മതനേതാക്കളുടെ കൂട്ടായ്മയോടും രാഷ്ട്രത്തോടും
യാതനകള്‍ക്ക് അറുതിവരുത്തി സമാധാനവും അന്തസ്സുമുള്ള ജീവിതം പുനര്‍സ്ഥാപിക്കാന്‍ വിഭാഗീയതകള്‍ മറന്ന് ഒന്നിക്കണമെന്ന്, ബെയ്റൂട്ടില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായെത്തിയ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ആഹ്വാനംചെയ്തു. സെപ്തംബര്‍ 4-ന് പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച  ലബനോനുവേണ്ടിയുള്ള ആഗോള പ്രാര്‍ത്ഥനാദിനത്തില്‍ പങ്കെടുക്കുവാനാണ് കര്‍ദ്ദിനാള്‍ പരോളിന്‍ തലേനാള്‍തന്നെ വന്‍സ്ഫോടന ദുരന്തത്തില്‍ നീറിനില്ക്കുന്ന ബെയ്റൂട്ടിലെത്തിയത്.

2. ബെയ്റൂട്ടിലെ മാരനൈറ്റ് ഭദ്രാസന
ദേവാലയത്തിലെ സമ്മേളനം

സെപ്തംബര്‍ 3, വ്യാഴാഴ്ച വൈകുന്നേരം കര്‍ദ്ദിനാള്‍ പരോളിന്‍ രാജ്യത്തെ വിവിധ മതനേതാക്കളെ തലസ്ഥാന നഗരമായ ബെയ്റൂട്ടിലുള്ള വിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ നാമത്തിലുള്ള മാരനൈറ്റ് ഭദ്രാസന ദേവാലയത്തില്‍ കൂടിക്കാഴ്ചയില്‍ അഭിസംബോധനചെയ്യവെയാണ് സമാധാനത്തിനുള്ള ആഹ്വാനം നടത്തിയത്. രാജ്യത്തെ വഞ്ചിക്കുന്ന പരസ്പര വിശ്വാസമില്ലായ്മയും നശീകരണപ്രവൃത്തികളും ഇല്ലാതാക്കി സമാധാനത്തിലും അന്തസ്സോടെയും ജീവിക്കാന്‍ ലബനീസ് ജനത പ്രത്യാശ കൈവെടിയാതെ  പരിശ്രമിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ ലബനോനിലെ വിവിധ മതനേതാക്കളോടും രാഷ്ട്രത്തോടുമായി കര്‍ദ്ദിനാള്‍ പരോളിന്‍ അഭ്യര്‍ത്ഥിച്ചു.

3. യുവതലമുറയില്‍ അര്‍പ്പിക്കേണ്ട വിശ്വാസം
മതങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതിനാല്‍ സഹോദരങ്ങളെ പരിചരിക്കുവാനും ഒത്തുചേര്‍ക്കുവാനുമുള്ള കൂട്ടായ്മയുടേയും സാഹോദര്യത്തിന്‍റേയും ഉപകരണങ്ങളാണെന്നു കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.  യുവതലമുറയുടെ പങ്കാളിത്തത്തോടെ നീതിനിഷ്ഠമായ രാഷ്ട്രത്തിനായി ഐക്യദാര്‍ഢ്യത്തോടും നാടിന്‍റെ സവിശേഷവും പാരമ്പരാഗതവുമായ ക്ഷമയുടെയും കൂട്ടായ്മയുടെയും സ്വാതന്ത്ര്യത്തിന്‍റെയും വഴികളില്‍ മുന്നേറണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

4. വിശുദ്ധനാടിന്‍റെ ഭാഗമായിരുന്ന ലബനോന്‍
ദേവദാരുവിന്‍റെ ഈ നാട് വിശുദ്ധനാടിന്‍റെ ഭാഗമായിരുന്നെന്നും, ക്രിസ്തുവും, അവിടുത്തെ അമ്മയും, ശിഷ്യന്മാരും സന്ദര്‍ശിച്ചിട്ടുള്ള പുണ്യഭൂമിയാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിപ്പിച്ചു. അതിനാല്‍ മതനേതാക്കള്‍ ഒത്തൊരുമിച്ച്, വേദനിക്കുന്ന ജനത്തിന് ആത്മധൈര്യവും പ്രത്യാശയും പിന്‍തുണയും നല്കണമെന്നും, സകലരും സഹോദരങ്ങളും ദൈവമക്കളുമാണെന്നുമള്ള ധാരണ കൈവെടിയാതെ പ്രത്യാശയോടെ പുനരുത്ഥാരണത്തിനുള്ള പരിശ്രമങ്ങള്‍ തുടരാമെന്നും ആഹ്വാനംചെയ്തുകൊണ്ടാണ് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രഭാഷണം ഉപസംഹരിച്ചത്.
 

04 September 2020, 15:43