തിരയുക

ITALY-POPE-GRECCIO ITALY-POPE-GRECCIO 

“എല്ലാവരും സഹോദരങ്ങള്‍” ചാക്രിക ലേഖനത്തിന്‍റെ ലഭ്യത

“എല്ലാവരും സഹോദരങ്ങള്‍” (Omnes Fratres, All Brothers) എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പുതിയ ചാക്രികലേഖനം ഒക്ടോബര്‍ 4-Ɔο തിയതി വിവിധ ഭാഷകളില്‍ ലഭ്യമാക്കും

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. പ്രകാശനവും വിതരണവും
ഒക്ടോബര്‍ 3-Ɔο തിയതി വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍വച്ച് പുതിയ ചാക്രികലേഖനം പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച് പ്രകാശനംചെയ്യുമെങ്കിലും വിവിധ ഭാഷകളിലുള്ള പ്രതികളുടെ വിതരണം ഒക്ടോബര്‍ 4-നു മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, മത്തയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു.  “എല്ലാവരും സഹോദരങ്ങള്‍,” എന്നു ശീര്‍ഷകവും, “സാഹോദര്യത്തെയും സാമൂഹിക കൂട്ടായ്മയെയും കുറിച്ചുള്ള ചാക്രികലേഖനം…” എന്ന് ഉപശീര്‍ഷകവും ചെയ്തിരിക്കുന്ന ഈ പ്രമാണരേഖ വിശുദ്ധ ഫ്രാന്‍സിസിന്‍റെ സ്മൃതിമണ്ഡപം കൂടിയായ അസ്സീസിയിലെ താഴത്തെ ബസിലിക്കയിലാണ് പ്രകാശനംചെയ്യുന്നത്.

2. ദിവ്യബലിയും ഹ്രസ്വമായ പ്രകാശനകര്‍മ്മവും
ഒക്ടോബര്‍ 3-Ɔο തിയതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് അസ്സീയിലെത്തി താഴത്തെ ബസിലിക്കിയില്‍ ദിവ്യബലി അര്‍പ്പിച്ചതിനുശേഷമാണ് പാപ്പാ ചാക്രിക ലേഖനത്തില്‍ കൈയ്യൊപ്പു ചാര്‍ത്തുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് അറിയിച്ചു. മഹാമാരിയുടെ നിയന്ത്രണ പരിധിയില്‍നിന്നുകൊണ്ട് വിശ്വാസികളുടെ കൂട്ടുചേരല്‍ ഇല്ലാത്ത ഒരു സ്വകാര്യ ആഘോഷമായിരിക്കണം ഇതെന്നാണ് പാപ്പാ ആഗ്രഹിക്കുന്നത്. പ്രകാശനകര്‍മ്മം കഴിഞ്ഞാല്‍ ഉടന്‍ പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങും. എന്നാല്‍ വത്തിക്കാന്‍ മാധ്യമശ്രൃംഖലകള്‍ പാപ്പായുടെ ദിവ്യബലിയും ചാക്രികലേഖനത്തിന്‍റെ പ്രകാശന പരിപാടികളും രാജ്യാന്തരതലത്തില്‍ തത്സമയം കണ്ണിചേര്‍ക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

3. സിദ്ധനോടുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ
ആത്മബന്ധം

വിശുദ്ധ ഫ്രാന്‍സിസിന്‍റെ രചനകളാണ് കാലിക പ്രസക്തമായ ഈ പ്രബോധനത്തിന് പ്രചോദനമായിരിക്കുന്നത്. “നമുക്കു സാഹോദര്യത്തില്‍ ജീവിക്കാം. തന്‍റെ അജഗണങ്ങളെ രക്ഷിക്കാന്‍ കുരിശിലെ ക്ലേശങ്ങളെ ആശ്ലേഷിച്ച നല്ല ഇടയനായ ക്രിസ്തുവിനെ മാതൃകയാക്കാം,” എന്നിങ്ങനെയുള്ള വിശുദ്ധ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ പാപ്പാ തന്‍റെ പ്രബോധനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. (ഫ്രാന്‍സിസിന്‍റെ ശാസനകള്‍ 6, 1. 155). അതുകൊണ്ടുതന്നെയാണ് ഓരോ ദൈവസൃഷ്ടിയിലും സാഹോദര്യം ദര്‍ശിക്കുകയും അതിനെ കാലാതീതമായ ഒരു ഗാനമാക്കി മാറ്റുകയും ചെയ്ത വിശുദ്ധ ഫ്രാന്‍സിസിന്‍റെ സ്മൃതിമണ്ഡപത്തില്‍വച്ചുതന്നെ ഭൂമിയിലെ സഹോദരബന്ധത്തിന്‍റെ പുതിയ പ്രമാണം പാപ്പാ ഫ്രാന്‍സിസ് ലോകത്തിനു സമര്‍പ്പിക്കുവാന്‍ പോകുന്നത്.
 

17 September 2020, 15:10