തിരയുക

മനുഷ്യക്കടെത്തെന്ന വിപത്തിനെതിരെ! മനുഷ്യക്കടെത്തെന്ന വിപത്തിനെതിരെ! 

മനുഷ്യക്കടത്ത് മഹാ വിപത്ത്, ആർച്ചുബിഷപ്പ് ഇവാൻ യുർക്കോവിച്ച് !

മനുഷ്യക്കടത്ത്, “ഉപയോഗിച്ചു വലിച്ചെറിയൽ സംസ്കൃതി”യുടെ ദുരന്തപൂർണ്ണമായ ആവിഷ്ക്കാരങ്ങളിൽ ഒന്നാണ്. മനുഷ്യക്കടത്തെന്ന ആവശ്യം സൃഷ്ടിക്കുന്നവരും നിന്ദ്യമായ ഈ കുറ്റകൃത്യത്തിൽ, അത് ചെയ്യുന്നവർക്കൊപ്പം തന്നെ ഉത്തരവാദികൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനുഷ്യക്കടത്ത് എന്ന കുറ്റകൃത്യത്തിനെതിരായ ഫലപ്രദമായ പോരാട്ടത്തിന് എകീകൃത ആഗോള യത്നം ആവശ്യമാണെന്ന് ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് (ARCHBISHOP IVAN JURKOVIC).

ഐക്യരാഷ്ട്രസഭയ്ക്ക് സ്വിറ്റ്സർലണ്ടിലെ ജനീവാ പട്ടണത്തിലുള്ള കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷക പദവി അലങ്കരിക്കുന്ന അദ്ദേഹം ഐക്യരാഷ്ട്ര സഘടനയുടെ മനുഷ്യാവകാശസമിതിയുടെ ചൊവ്വാഴ്ച (30/06/20) ആരംഭിച്ച നാല്പത്തിനാലാം യോഗത്തെ സംബോധന ചെയ്യുകയായിരുന്നു.

മനുഷ്യക്കടത്ത് അവസാനിപ്പിക്കുന്നതിനുള്ള ആഗോള സംയുക്ത പ്രവർത്തനത്തിൽ “സുമനസ്സുകളുടെ സഖ്യം” അനിവാര്യമാണെന്ന് ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് പറയുന്നു.

ഈ മേഖലയിൽ, അതായത്, മനുഷ്യക്കടത്ത് തടയുന്നതിനും മനുഷ്യക്കടത്തിനിരകളായവരെ രക്ഷിച്ച് പുനരധിവസിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നതിനും സമൂഹത്തിലേക്ക് പുനരാനയിക്കുന്നതിനും  മതാന്തരസംഘടനകൾ നടത്തുന്ന പ്രവർത്തനം അദ്ദേഹം എടുത്തുകാട്ടി.

“മനുഷ്യക്കടത്തെന്ന ആവശ്യം” ഇല്ലാതാക്കേണ്ടതും ഈ പ്രശ്നത്തിന് അറുതി വരുത്തുന്നതിന് അനിവാര്യമാണെന്ന് ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് ഓർമ്മിപ്പിച്ചു. 

ഇത്തരം ആവശ്യം സൃഷ്ടിക്കുന്നവരും നിന്ദ്യമായ ഈ കുറ്റകൃത്യത്തിൽ, അത് ചെയ്യുന്നവർക്കൊപ്പം തന്നെ ഉത്തരവാദികളാണെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യക്കടത്ത് അതിനിരകളായവരെ കേവലം വസ്തുവായി കണക്കാക്കി മാനവാന്തസ്സിനെ നിഷേധിക്കുന്നതിനാൽ അത് നമ്മുടെ സമൂഹത്തിന് ഒരു മഹാ വിപത്താണെന്ന് ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് ആശങ്ക പ്രകടപ്പിച്ചു.

“ഉപയോഗിച്ചു വലിച്ചെറിയൽ സംസ്കൃതി”യുടെ ദുരന്തപൂർണ്ണമായ ആവിഷ്ക്കാരങ്ങളിൽ ഒന്നാണ് മനുഷ്യക്കടത്തെന്നും അദ്ദേഹം പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 July 2020, 16:43