സഭയിലെ ബാലപീഡന കേസുകള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖകള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. സഭയിലെ മുറിവ് സൗഖ്യപ്പെടണം
എന്ന ലക്ഷ്യത്തോടെയുള്ള നിര്‍ദ്ദേശങ്ങള്‍
നിലവിലുള്ള കാനോനിക നിമയമങ്ങള്‍ക്കും സഭാപ്രബോധനങ്ങള്‍ക്കും പുറമെയാണ് മെത്രാന്മാര്‍ക്കും, സഭാകോടതികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹായകമാകുന്ന ഈ പ്രായോഗിക മാര്‍ഗ്ഗരേഖകള്‍ കൂടി വത്തിക്കാന്‍ ലഭ്യമാക്കുന്നതെന്ന്, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ലൂയി ലദാരിയ അറിയിച്ചു. 30 പേജുകള്‍ മാത്രമുള്ള ചെറുഗ്രന്ഥത്തില്‍ ചെറിയ 9 അദ്ധ്യായങ്ങളുമുണ്ട്. ശുശ്രൂഷകരുമായി ബന്ധപ്പെട്ട് സഭ ആകമാനം അനുഭവിക്കുന്ന ഏറെ ആഴമുള്ളതും വേദനാജനകവുമായ അധാര്‍മ്മികതയുടെ മുറിവ് എത്രയും വേഗം സൗഖ്യപ്പെടണം, ഇല്ലാതാകണം എന്ന ലക്ഷ്യത്തോടെയാണ് ഈ മാര്‍ഗ്ഗരേഖകള്‍ നല്കുന്നത്. ജൂലൈ 16, കര്‍മ്മലനാഥയുടെ തിരുനാളിലാണ് പ്രത്യേകമായ നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തുന്നതെന്ന് കര്‍ദ്ദിനാള്‍ ലദാരിയ ആമുഖമായി പ്രസ്താവിച്ചു.
2. കാലികമായ മാറ്റങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ വിധേയമാകും
2019 ഫെബ്രുവരിയില്‍ വത്തിക്കാനില്‍ ചേര്‍ന്ന ദേശീയ മെത്രാന്മാരുടെ ഇതുസംബന്ധിച്ച പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടതു പ്രകാരവും പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിച്ച വിധത്തിലുമാണ് ഈ മാര്‍ഗ്ഗരേഖകള്‍ തയ്യാറിക്കിയിരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ ലദാരിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി. എന്നാല്‍ ഈ മാര്‍ഗ്ഗരേഖകള്‍ സഭാനിയമങ്ങളുടെയും പ്രബോധനങ്ങളുടെ നവീകരണത്തിന് അനുസൃതമായ മാറ്റങ്ങള്‍ക്ക് കാലാകാലങ്ങളില്‍ വിധേയമാകുന്നതാണെന്നും, കര്‍ദ്ദിനാള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബാലപീഡനക്കുറ്റം എന്താണ്? അതിന്‍റെ പ്രാഥമിക അന്വേഷണരീതികള്‍, കുറ്റകൃത്യം കൈകാര്യംചെയ്യേണ്ട വിധങ്ങള്‍, ഇതുമായി ബന്ധപ്പെട്ട ചില മാതൃകാചോദ്യങ്ങള്‍, ഇവയെല്ലാം നിലവിലുള്ള സഭാപ്രബോധനങ്ങളുടെയും നിലവിലുള്ള നിയമങ്ങളുടെയും വെളിച്ചത്തിലാണ് മാര്‍ഗ്ഗരേഖയില്‍ നല്കുന്നതെന്ന് കര്‍ദ്ദിനാള്‍ ലദാരിയ വ്യക്തമാക്കുന്നുണ്ട്.
3. പ്രധാനപ്പെട്ട നാലു മാര്‍ഗ്ഗരേഖകള്‍.
a) വ്യക്തിയെ സംരക്ഷിക്കുക.
b) ഇരയായ വ്യക്തിയെയും കുടുംബത്തെയും അന്തസ്സോടും ആദരവോടും കൂടെ സമീപിക്കുക.
c) അവരെ ശ്രവിക്കുവാനും പിന്‍ചെല്ലുവാനും സേവനമനോഭാവത്തോടെ സന്നദ്ധരാകുക.
d) ഓരോ കുറ്റകൃത്യങ്ങള്‍ക്കും അനുസൃതമായി ഇരയായവര്‍ക്ക് ആത്മീയവും മനഃശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ പിന്‍തുണ ലഭ്യമാക്കണം.
സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട ബാലപീഡന കേസുകളുടെ വാര്‍ത്തകളും വിവരങ്ങളും ഏതു മാര്‍ഗ്ഗേണ ലഭിച്ചാലും, കുമ്പസാരത്തിലൂടെയായിരുന്നാലും ഉത്തരവാദിത്ത്വപ്പെട്ടവര്‍ തുറവോടും സൂക്ഷ്മമായും സത്യസന്ധമായി എത്രയുംവേഗം അന്വേഷണത്തിനു സന്നദ്ധരാവേണ്ടതാണ്. കുമ്പസാര രഹസ്യം സൂക്ഷിക്കേ തന്നെ, കുമ്പസാരക്കാരന്‍ ഇരയായ വ്യക്തിയോട് മറ്റു മാര്‍ഗ്ഗങ്ങളിലൂടെ ഉത്തരവാദിത്ത്വപ്പെട്ട സഭാദ്ധ്യക്ഷനെയോ, സഭാകാര്യാലയത്തെയോ വസ്തുതകള്‍ അറിയിക്കുവാനുള്ള നിര്‍ദ്ദേശം നല്കേണ്ടതാണെന്ന് മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നുണ്ട്.
4. വസ്തുതകളുടെ സ്വകാര്യതയും
സത്യസന്ധമായ കൈമാറ്റവും
പീഡനക്കേസുകള്‍ സംബന്ധിച്ച ഔദ്യോഗിക സ്വകാര്യത ബന്ധപ്പെട്ടവര്‍ നിലനിര്‍ത്തുമ്പോഴും, ഇരയായ വ്യക്തികളോ, അവരുടെ സാക്ഷികളോ അത് സൂക്ഷിക്കാന്‍ കടപ്പാടില്ലാത്തതാണെന്ന് മര്‍ഗ്ഗരേഖ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സഭാശുശ്രൂഷകര്‍ നിയമവിരുദ്ധമായോ അനുഗുണമല്ലാത്ത വിധത്തിലോ വസ്തുതകള്‍ വെളിപ്പെടുത്തുവാനോ പ്രസിദ്ധപ്പെടുത്തുവാനോ പാടില്ലാത്തതാണെന്നും നിര്‍ദ്ദേശമുണ്ട്. ആദ്യഘട്ടം അന്വേഷണത്തില്‍ത്തന്നെ സഭാസമൂഹത്തില്‍ കുറ്റകൃത്യത്തെയും സംഭവത്തെയും കുറിച്ച് അടിസ്ഥാനപരമായ അറിവ് ഏറെ ആദരവോടെ സഭാദ്ധ്യക്ഷനോ, സഭാകോടതിക്കോ കൈമാറേണ്ടതാണ്. എന്നാല്‍ അത് ഉദ്വ്യോഗജനകമാകുന്ന വിധത്തിലോ, വിധിപ്രഖ്യാപനരീതിയിലോ ആവരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
5. സഭാകോടതിയും പ്രാദേശിക നിയമസംവിധാനങ്ങളും
ഇരയായ വ്യക്തിക്ക് അനുഗുണമാകുമെങ്കിലും, ഭാവി കുറ്റകൃത്യങ്ങള്‍ തടയുവാന്‍ സഹായകമാകുമെന്ന് കരുതുമെങ്കില്‍ കുറ്റക്രിത്യത്തെക്കുറിച്ചുള്ള വിവരം ഉത്തരവാദിത്ത്വപ്പെട്ട പ്രാദേശിക ഭരണസംവിധാനത്തെയും അറിയിക്കേണ്ടതാണ്. എന്നിരുന്നാലും പ്രാദേശിക നിയമങ്ങള്‍ അനുവദിക്കുന്ന വിധത്തില്‍ സഭാകോടതിതന്നെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം നടത്തേണ്ടതാണെന്ന് മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നതായി കര്‍ദ്ദിനാള്‍ ലെദാരിയ ചൂണ്ടിക്കാട്ടി.