തിരയുക

2019.07.24 Benedetto XVI - con il fratello George Ratzinger 2019.07.24 Benedetto XVI - con il fratello George Ratzinger 

സഹോദരന്‍ ജോര്‍ജ്ജിനു യാത്രാമൊഴിയായി ഒരു സ്നേഹസന്ദേശം

സ്ഥാനത്യാഗിയായ പാപ്പാ ബെനഡിക്ട് തന്‍റെ സഹോദരന്‍ ജോര്‍ജ്ജിന്‍റെ അന്തിമോപചാര ശുശ്രൂഷയില്‍ ആത്മീയ സാന്നിദ്ധ്യമായി അയച്ച കത്ത് :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഒരു  യാത്രാമൊഴി 
ജെര്‍മ്മനിയിലെ റിജെന്‍സ്ബര്‍‍ഗിലെ ആശുപത്രിയില്‍വച്ച് വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 96-Ɔമത്തെ വയസ്സിലാണ് പാപ്പാ ബെനഡിക്ടിന്‍റെ സഹോദരന്‍, മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് ജൂലൈ 1-ന് അന്തരിച്ചത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് 93 വയസ്സെത്തിയ പാപ്പാ വത്തിക്കാനില്‍നിന്നും ജര്‍മ്മനയിലെത്തി സഹോദരനെ കണ്ട് യാത്രപറയുകയുണ്ടായി. ബുധനാഴ്ച ജൂലൈ 8-ന് റിജെന്‍സ്ബര്‍ഗിലെ വിശുദ്ധ പത്രോസിന്‍റെ ദേവാലയത്തില്‍ നടന്ന അന്തിമോപചാര ശുശ്രൂഷയില്‍ വായിക്കുന്നതിനുള്ള കത്ത് തന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ ജാന്‍സ്വെയിന്‍റെ പക്കല്‍ കൊടുത്തയക്കുകയും അദ്ദേഹംതന്നെ അത് അന്തിമോപചാര ശുശ്രൂഷയില്‍ വായിക്കുകയും ചെയ്തു. റിജെന്‍സ്ബര്‍ഗിന്‍റെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷ്പ്പ് റുഡോള്‍ഫ് വോഡാഹോസര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും സംഗീതജ്ഞരും അഭ്യാദയകാംക്ഷികളുമായി ധാരാളംപേര്‍ ശുശ്രൂഷയില്‍ പങ്കെടുത്തു.

2. പാപ്പാ ബെനഡിക്ടിന്‍റെ  ആത്മീയസാന്നിദ്ധ്യം
തന്‍റെ സഹോദരന്‍ ജോര്‍ജ്ജിനെ സ്നേഹപൂര്‍വ്വം യാത്രയയ്ക്കുന്ന അന്തിമോപചാര ശുശ്രൂഷവേളയില്‍ ഈ കത്തിലൂടെ താന്‍ പരേതന്‍റെ ആത്മാവിനുവേണ്ടിയുള്ള ദിവ്യബലിയിലും അവസാന ശുശ്രൂഷകളിലും ആത്മീയമായി സന്നിഹിതനാണെന്ന് പാപ്പാ ആമുഖമായി കുറിച്ചു. ആശുപത്രിയില്‍ കിടപ്പിലായപ്പോള്‍ തന്നേ ഓര്‍ത്തുകൊണ്ട് കത്തെഴുതുകയും പ്രാര്‍ത്ഥന നേരുകയും ചെയ്തവര്‍ക്ക് മറുപടി എഴുതാന്‍ സാധിക്കാതെ വന്നതിലുള്ള വിഷമം സഹോദരന്‍ തന്നെ അറിയിച്ചിരുന്നു. അതിനാല്‍ അവസാനനിമിഷങ്ങളില്‍ തന്‍റെ സഹോദരനെ നേരിട്ടും അല്ലാതെയും പ്രാര്‍ത്ഥനയോടെ അനുഗമിച്ച സുഹൃത്തുക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും, പരിചരിച്ച എല്ലാവര്‍ക്കും പാപ്പാ രണ്ടാമതായി നന്ദിയര്‍പ്പിച്ചു.

3. വത്തിക്കാനില്‍ എത്തിയ അനുശോചന സന്ദേശങ്ങള്‍
മാത്രമല്ല, തന്‍റെ സഹോദരന്‍റെ വേര്‍പാടില്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെയും അജപാലന പ്രവര്‍ത്തനങ്ങളുടെയും പ്രതിഫലനംപോലെ ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും, സഭാശുശ്രൂഷകരില്‍നിന്നും കഴിഞ്ഞൊരാഴ്ചയില്‍ വത്തിക്കാനില്‍ തനിക്കു ലഭിച്ച നിരവധിയായ അനുശോചന കത്തുകള്‍ക്കും ടെലിഗ്രാമുകള്‍ക്കും പാപ്പാ കൃതജ്ഞത രേഖപ്പെടുത്തി. കത്തുകളിലെ വാക്കുകള്‍ക്കും അപ്പുറം “ഹൃദയം ഹൃദയത്തോടു സംസാരിക്കട്ടെ...” (Cor ad cor loquitur) എന്ന പുണ്യാത്മാവായ കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ വാക്കുകളാണ് പണ്ഡിതനായ പാപ്പാ ബെനഡിക്ട് യാത്രാമൊഴിയില്‍ കൂട്ടിച്ചേര്‍ത്തത്.

4. സംഗീതത്തില്‍ മുഴുകിയ പ്രേഷിതന്‍

തന്‍റെ സഹോദരനെക്കുറിച്ചു കത്തില്‍ പറഞ്ഞ മൂന്നു കാര്യങ്ങളില്‍ ആദ്യത്തേത്, അദ്ദേഹത്തിന്‍റെ ദൈവവിളി ദേവാലയസംഗീതവുമായി ബന്ധപ്പെട്ടതായിരുന്നു എന്നതാണ്. വളരെ ചെറുപ്രായത്തിലേ സംഗീതത്തിനായി ഏറെ സമര്‍പ്പിതനായി ജീവിച്ച സഹോദരന്‍ പിന്നീട് റിജെന്‍സ്ബര്‍ഗ് ഭദ്രാസന ദേവാലയത്തിലെ ഗായകസംഘത്തെ നയിച്ചത് പാപ്പാ അനുസ്മരിച്ചു. എന്നാല്‍ ആ സ്ഥാനം സ്വീകരിക്കാന്‍ അമ്മ അന്നാളില്‍ ജീവിച്ചിരുന്നെങ്കില്‍ അനുവദിക്കുമായിരുന്നില്ലെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നുള്ള പൗരോഹിത്യം സംഗീതജീവിതവുമായി ഇടകലര്‍ന്നു തുടര്‍ന്നപ്പോള്‍ ഗായകസംഘത്തിലെ‍ നിരവധി യുവാക്കള്‍ക്ക് സഹോദരന്‍ ജോര്‍ജ്ജ് ഒരു അദ്ധ്യാപകനെക്കാള്‍ പിതൃ സ്ഥാനിയനായിരുന്നെന്ന് പാപ്പാ വിശേഷിപ്പിച്ചു. സംഗീതമേഖലയില്‍ പരേതനോടു സഹകരിച്ച സകലര്‍ക്കും പാപ്പാ ഹൃദ്യമായ വാക്കുകളില്‍ നന്ദിയര്‍പ്പിച്ചു.

5. പ്രസന്നവദനനും ദൈവസ്നേഹിയും
തന്‍റെ സഹോദരന്‍റെ സവിശേഷതയായി പാപ്പാ രണ്ടാമതു കുറിച്ചത്, അദ്ദേഹം എപ്പോഴും പ്രസന്നവദനനായിരുന്നുവെന്ന കാര്യമാണ്. നര്‍മ്മരസമുള്ള സംഭാഷണവും, പ്രകൃതിഭംഗിയും അതിലെ നന്മയും ആസ്വദിക്കുന്നതിലുള്ള ആനന്ദവും അദ്ദേഹം കിടപ്പിലാകുംവരെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് പാപ്പാ രേഖപ്പെടുത്തി. എന്നാല്‍ മിതത്ത്വവും സത്യസന്ധതയും ജീവിതത്തിന്‍റെ കേന്ദ്രമാക്കിയ സഹോദരന്‍ എന്നും ദൈവസ്നേഹത്തില്‍ ജീവിച്ചുവെന്ന് പാപ്പാ ബെനഡിക്ട് കത്തില്‍ സാക്ഷ്യപ്പെടുത്തി.

6. മറുലോകത്തു കാണാമെന്ന പ്രത്യാശ
ജൂണ്‍ 22-ന് റിജെന്‍സ്ബര്‍ഗ് ആശുപത്രിയില്‍ സഹോദരനെ കണ്ട് യാത്രപറയുമ്പോള്‍, അത് അന്ത്യയാത്രാമൊഴിയായിരുന്നെന്നും, ഈ ഭൂമിയില്‍ സാഹോദര്യത്തിന്‍റെ കൂട്ടായ്മ നല്കിയ നല്ലവനായ ദൈവം, മറുലോകത്ത് വീണ്ടും സഹോദരനുമായുള്ളൊരു കൂടിക്കാഴ്ചയ്ക്ക് ഒരുനാള്‍ തന്നെയും അനുവദിക്കും എന്ന പ്രത്യാശയിലും ആത്മധൈര്യത്തിലുമാണ് അന്നു താന്‍ വത്തിക്കാനിലേയ്ക്ക് മടങ്ങിയതെന്നു തുറന്നു പ്രസ്താവിച്ചു. പ്രിയങ്കരനായ സഹോദരന്‍, ജോര്‍ജ്ജ് തനിക്കായി ചെയ്ത എല്ലാ നന്മകള്‍ക്കും, ത്യാഗത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് യാത്രാമൊഴി ഉപസംഹരിച്ചത്.

7. ലാളിത്യമാര്‍ന്ന റാത്സിങ്കര്‍ കുടുംബം

ജര്‍മ്മനിയില്‍ ബവേറിയയിലെ മെര്‍ട്ടില്‍-ആം-ഇന്‍ ഗ്രാമത്തില്‍ പൊലീസ് ഓഫിസറായിരുന്ന ജോസഫ് റാത്സിങ്കറിന്‍റെയും മേരി റാത്സിങ്കറിന്‍റെയും മൂത്തപുത്രനും മുന്‍പാപ്പാ ബെനഡിക്ടിന്‍റെ ജ്യേഷ്ഠസഹോദരനുമാണ് പരേതനായ  മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് റാത്സിങ്കര്‍.  കുട്ടികളുടെ ബാല്യത്തിലേ പിതാവു മരിച്ചപ്പോള്‍, അമ്മ മേരിയായിരുന്നു മക്കളെ വളര്‍ത്തിയത്.  രണ്ടാമത്തെ പുത്രന്‍, ജോസഫ് റാത്സിങ്കര്‍ ഫ്രെയ്സിങ് അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനമേറ്റതിനുശേഷം അമ്മയും കടന്നുപോയി. റാത്സിങ്കര്‍ കുടുംബത്തില്‍ രണ്ടാമത്തെ സന്താനം മരിയ റാത്സിങ്കര്‍ 1991-ല്‍ ജര്‍മ്മനിയില്‍ അന്തരിച്ചു.

 

09 July 2020, 14:19