തിരയുക

2020.07.05CARDINAL PAROLIN  2020.07.05CARDINAL PAROLIN  

ഇസ്രായേല്‍ പലസ്തീന്‍ ഉഭയരാഷ്ട്ര അസ്തിത്വത്തിനായി വത്തിക്കാന്‍

ഏകപക്ഷീയമായ തീരുമാനങ്ങള്‍ വിശുദ്ധനാടിന്‍റെ സമാധാനം തകര്‍ക്കുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍...

- ഫാദര്‍  വില്യം  നെല്ലിക്കല്‍ 

1. നയതന്ത്ര പ്രതിനിധികളുടെ കൂടിക്കാഴ്ച
അമേരിക്കയുടെയും, ഇസ്രായേല്‍ പലസ്തീന രാജ്യങ്ങളുടെയും വത്തിക്കാനിലേയ്ക്കുള്ള അംബാസിഡര്‍മാരുമായി ജൂലൈ 1-Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്. ഏതെങ്കിലും ഒരു രാഷ്ട്രം എടുക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഇസ്രായേല്‍ പലസ്തീന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം തച്ചുടയ്ക്കുകയും മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ ആകമാനം സമാധാനം കെടുത്തുകയും ചെയ്യുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ചൂണ്ടിക്കാട്ടി.

2. സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്കായി
ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന

വത്തിക്കാന്‍ 2019 നവംബര്‍ 20-നും, 2020 മെയ് 20-നും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതുപോലെ ഇസ്രായേല്‍ പലസ്തീന ഇരുരാഷ്ട്രങ്ങളുടെ ഉല്പത്തിയെക്കുറിച്ചും രാജ്യാന്തര സമൂഹം അംഗീകരിച്ചിട്ടുള്ള സ്വന്തമായ അതിര്‍ത്തികളാല്‍ വേര്‍തിരിക്കപ്പെട്ട് രണ്ടു രാഷ്ട്രങ്ങളായി വളരേണ്ടതാണ്. അവരവരുടെ അവകാശങ്ങളും സുരക്ഷയും സമാധാനവും പാലിച്ചുകൊണ്ട് സ്വതന്ത്രമായി വളരാന്‍ ഇതുവഴി ഇരുപക്ഷങ്ങള്‍ക്കും സാധിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ നാമത്തില്‍ അംബാസി‍ഡര്‍മാരുടെ സംഗമത്തോട് കര്‍ദ്ദിനാള്‍ പരോളിന്‍ അഭ്യര്‍ത്ഥിച്ചു.

3. സുവ്യക്തമായ യുഎന്‍ നിര്‍ദ്ദേശം
ഐക്യരാഷ്ട്ര സംഘടന നടത്തിയിട്ടുള്ള ഒത്തുതീര്‍പ്പുകളുടെ വെളിച്ചത്തില്‍ ഇരുരാഷ്ട്രങ്ങള്‍ തമ്മില്‍ നേരിട്ടുള്ള സംവാദത്തിന്‍റെ വഴികള്‍ എത്രയും വേഗം തുറക്കേണ്ടതാണ്.  പരസ്പരം ആത്മവിശ്വാസം വളര്‍ത്തുവാനും  സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി കൂട്ടായ്മ  യാഥാര്‍ത്ഥ്യമാക്കുവാനും  ഈ സംവാദശൈലി സഹായിക്കുമെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.  അതിക്രമങ്ങള്‍ വെടിഞ്ഞ് സംവാദത്തിന്‍റെ പാതയില്‍ പുരോഗമിക്കുവാനും, ശത്രുത മറന്ന് കൂടിയാലോചനകള്‍വഴി സൗഹൃദം വളര്‍ത്തുവാനും, പ്രകോപനങ്ങളില്ലാതെ സമാധാനവഴികളില്‍ മുന്നേറുവാനും ഇതുവഴി സാധിക്കുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അഭിപ്രായപ്പെട്ടു.

4. പാപ്പാ ഫ്രാന്‍സിസ് നടത്തിയ അഭ്യര്‍ത്ഥന
2014 ജൂണ്‍ 8-ന് വിശുദ്ധനാടു സന്ദര്‍ശിച്ച പാപ്പാ ഫ്രാന്‍സിസ് യേശുവിന്‍റെ പാദസ്പര്‍ശമേറ്റ ഭൂമിയില്‍നിന്നുകൊണ്ട് നടത്തിയ സമാധാന വഴികള്‍ക്കായുള്ള പ്രബോധനവും അഭ്യര്‍ത്ഥനയും താന്‍ ആവര്‍ത്തിക്കുയാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടിയതായി, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി ജലൈ 2-ന് റോമില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെ അറിയിച്ചു.


 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2020, 08:43