തിരയുക

2020.07.01 SALVATORE MARTINEZ 2020.07.01 SALVATORE MARTINEZ 

മതബോധന ഡയറക്ടറി സുവിശേഷവത്ക്കരണത്തിന്‍റെ നൂതനശൈലി

ഇറ്റലിയുടെ ദേശീയ ക്യാരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, സാല്‍വതോര്‍ മര്‍ത്തീനെസിന്‍റെ അഭിപ്രായപ്രകടനം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1.  പാപ്പായുടെ പ്രബോധനങ്ങളുടെ സംക്ഷേപം
പാപ്പാ ഫ്രാന്‍സിസിന്‍റെ "പ്രബോധനങ്ങളുടെ ചുരുക്കെഴുത്താ"ണ് സഭയുടെ പുതിയ മതബോധന ഡയറക്ടറിയെന്ന് (New Catechetical Directory) ഇറ്റലിയുടെ ദേശീയ ക്യാരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, സാള്‍വത്തോര്‍ മര്‍ത്തിനെസ് പ്രസ്താവിച്ചു. ജൂണ്‍ 30-Ɔο തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനു മാധ്യമ ശ്രൃംഖലയിലൂടെ നല്കിയ അഭിമുഖത്തിലാണ് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉപദേശകന്‍ (consultor) കൂടിയായ അല്‍മായ നേതാവ്, മര്‍ത്തീനെസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2. നവമായ സുവിശേഷ പ്രഘോഷണരീതി

കാരുണ്യം, സംവാദം, സാക്ഷ്യം എന്നീ മൂന്ന്  അടിസ്ഥാന വിശ്വാസ ഘടകങ്ങളുടെ സഹായത്താല്‍ ഓരോ ക്രൈസ്തവനും  സുവിശേഷത്തിന് സാക്ഷ്യമേകണം എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനത്തിന്‍റെ സുവ്യക്തമായ പ്രവര്‍ത്തന സമ്പ്രദായമാണ് മതബോധന ഡയറക്ടി വിശദീകരിക്കുന്നതും പഠിപ്പിക്കുന്നതുമെന്ന്  മതബോധനപ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നനായ മര്‍ത്തീനസ് വ്യക്തമാക്കി. നവസഹസ്രാബ്ദത്തിന് ആവശ്യമായതും സമൂഹത്തിന്‍റെ പുതിയ ജീവിത വെല്ലുവിളികളെ നേരിടുവാന്‍ സഹായകമാകുന്നതുമായ വിധത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകളും പ്രബോധനങ്ങളും ക്രമീകരിച്ചും ചിട്ടപ്പെടുത്തിയും ഈ മതബോധന വിവരസൂചിക നവമായ സുവിശേഷപ്രഘോഷണ രീതിക്കുള്ള സമ്പ്രദായമാണ് (methodology) മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

3. സകലരെയും ആശ്ലേഷിക്കുന്ന സംവാദത്തിന്‍റെ പ്രബോധനം
വിശ്വാസം ജീവിക്കുവാനും സജീവമാക്കുവാനുമുള്ള കാലികമായ ഉപാധിയാണ് പുതിയ ഡയറക്ടറി. വിശ്വാസത്തിന്‍റെ തദ്ദേശവത്ക്കരണം യാഥാര്‍ത്ഥ്യമാക്കുവാന്‍ തക്കവിധം ഇതര സംസ്കാരങ്ങളും മതങ്ങളുമായുമുള്ള സംവാദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വഴികള്‍ പുതിയ പദ്ധതിയുടെ പ്രത്യേകതയാണ്. അതുപോലെ സംവാദത്തിന്‍റെയും കൂട്ടായ്മയുടെയും എല്ലാവരെയും ആശ്ലേഷിക്കുന്ന ഒരു സാകല്യസംസ്കൃതിയിലൂടെ പാപ്പാ ഫ്രാന്‍സിസ് വിഭാവനംചെയ്യുന്ന ഒരു വിശ്വമാനവിക സാഹോദര്യം നവമായ മതബോധനത്തിന്‍റെ ഭാഗമാകണെന്ന് മര്‍ത്തീനെസ് അഭിപ്രായപ്പെട്ടു.

4. സുവിശേഷപ്രചാരണത്തിന്‍റെ മാധ്യമശൈലി
സുവിശേഷത്തിന്‍റെ സംവേദനശൈലിയില്‍ നവമാധ്യമങ്ങളുടെ ഉപയോഗത്തിനുള്ള പ്രാധാന്യവും പ്രസക്തിയും സഭയുടെ പുതിയ പദ്ധതിയില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്, ഇന്നത്തെ ലോകത്തിന്‍റെ ആഗോളവത്കൃത സ്വഭാവത്തിലേയ്ക്കു പ്രവേശിക്കുന്നതിനായി  ഡിജിറ്റല്‍ സംവിധാനങ്ങള്‍ സുവിശേഷപ്രഘോഷണത്തില്‍ ഉപയോഗിക്കുവാനുള്ള രീതികളും പരിഷ്ക്കരിച്ച മതബോധന ഡയറക്ടറി നല്കുന്നുണ്ടെന്ന് മര്‍ത്തീന‍െസ് ചൂണ്ടിക്കാട്ടി.

5. കുടുംബങ്ങളെയും സമൂഹങ്ങളെയും
സംഘടനകളെയും ആശ്ലേഷിക്കുന്ന സംവിധാനം

കുടുംബമാണ് മതബോധനത്തിനുള്ള പ്രഥമവും പ്രധാനവുമായ കേന്ദ്രമെന്ന സത്യവും മര്‍ത്തീനസ് അഭിമുഖത്തില്‍ വിശദമാക്കി. വിശ്വാസത്തിന്‍റെ ഉറവയും, അത് ജീവിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന വേദിയും, പക്വമാര്‍ന്ന് സാക്ഷ്യമാകുവോളം പരിപാലിക്കുകയും ചെയ്യേണ്ട വിശ്വാസത്തിന്‍റെ പ്രഭവസ്ഥാനം കുടുംബംതന്നെയാണെന്നും മതബോധന ഡയറക്ടറി പ്രതിപാദിക്കുന്നത് മര്‍ത്തിനെസ് എടുത്തുപറഞ്ഞു. അതുപോലെ കത്തോലിക്കാ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും, വിശിഷ്യാ മതബോധന കേന്ദ്രങ്ങളുടെയും  വിശ്വാസരൂപീകരണത്തിലുള്ള പങ്ക് നവമായ ശൈലിയില്‍ നല്കുവാനും ഡയറക്ടറിക്ക് സാധിച്ചിട്ടുണ്ടെന്ന്  അദ്ദേഹം വ്യക്തമാക്കി.

6. സുവിശേഷവത്ക്കരണം
കൂദാശകളുടെ പരികര്‍മ്മം മാത്രമല്ല

കൂദാശകളുടെ പരികര്‍മ്മം  മാത്രമായി  സുവിശേഷവത്ക്കരണത്തെ  കാണുന്ന പഴയരീതി ഉപേക്ഷിച്ച്, അത് ഇതര മാര്‍ഗ്ഗേണയുമുള്ള, പ്രത്യേകിച്ച് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പുക്കുന്ന കാരുണ്യത്തിന്‍റെയും, സംവാദത്തിന്‍റെയും സാക്ഷ്യത്തിന്‍റെയും വഴികളിലൂടെയും സമൂഹത്തില്‍ സാക്ഷാത്ക്കരിക്കുവാനും സുവിശേഷം വേരെടുക്കുവാനും പദ്ധതിയൊരുക്കണമെന്നും, അതിനുവേണ്ട കാലികമായ സുവിശേഷവത്ക്കരണ രൂപീകരണം വിശ്വാസികള്‍ക്ക്, വിശിഷ്യ പുതിയ തലമുറയ്ക്കു നല്കുവാന്‍ സാധിക്കുന്നതാണ് ഈ മതബോധന ഡയറക്ടറിയെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മര്‍ത്തീനെസ് അഭിമുഖം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 July 2020, 14:17