തിരയുക

file foto - Pope Francis file foto - Pope Francis  

ബ്രസീലിലെ ജനതയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനം

മഹാമാരിയില്‍ ഉഴലുന്നവര്‍ക്ക് നല്കിയ ഒരു ടെലിഫോണ്‍ സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1.  ഒരു ടെലിഫോണ്‍ സന്ദേശം
40,000-ല്‍ അധികംപേരുടെ ജീവന്‍ നഷ്ടമായ വേദനയും രോഗക്ലേശങ്ങളും അനുഭവിക്കുന്ന ബ്രസീലിലെ ജനങ്ങളെ തന്‍റെ പ്രാര്‍ത്ഥനാ സാമീപ്യവും സാന്ത്വനവും അറിയിക്കണമെന്ന് ബ്രസീലിലെ വിഖ്യാതമായ മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രമുള്ള അപ്പരെസീദാ അതിരൂപതയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഒര്‍ലാന്തോ ബ്രാന്തസിനോട് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 10-Ɔο തിയതി ബുധനാഴ്ച വൈകുന്നേരം ടെലിഫോണിലൂടെയാണ് തന്‍റെ സാന്ത്വനവാക്കുകള്‍ ജനങ്ങളെ അറിയിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചത്.

2. പ്രാര്‍ത്ഥനാ സാമീപ്യം
വേദനിക്കുന്ന ബ്രസീലിയന്‍ ജനതയെ തന്‍റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതോടൊപ്പം, ഈ പ്രതിസന്ധിയെ തരണംചെയ്യാന്‍ ദേശീയ മദ്ധ്യസ്ഥയായ അപ്പരെസീദായിലെ കന്യകാനാഥ ജനങ്ങളെ സഹായിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായി പാപ്പാ അറിയിച്ചു. അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥ്യം തേടാന്‍ ജനങ്ങളെ തന്‍റെ പേരില്‍ അനുസ്മരിപ്പിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു. അന്നുതന്നെ രാത്രി ദേശീയ ടെലിവിഷന്‍ ശൃംഖലയില്‍ നടത്തിയ അഭിമുഖത്തിലൂടെയാണ് ആര്‍ച്ചുബിഷപ്പ് ഒര്‍ലാന്തോ ക്ലേശിക്കുന്ന ബ്രസീലിയന്‍ ജനതയെ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനവാക്കുകള്‍ അറിയിച്ചത്.

3. അപ്പരെസീദായിലെ കന്യകാനാഥ
അയല്‍രാജ്യമായ അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീത്ത ആയിരിക്കവെ
2007-ലും, സഭാനേതൃത്വം ഏറ്റെടുത്തതില്‍പ്പിന്നെ 2013-ല്‍ ബ്രസീലില്‍ നടന്ന ആഗോള യുവജനസംഗമത്തില്‍ പങ്കെടുക്കുന്നതിനിടയിലും അപ്പരെസീദായിലെ തീര്‍ത്ഥാടനത്തിന്‍റെ തിരുനടയില്‍ വന്നു പ്രാര്‍ത്ഥിച്ചിട്ടുള്ളത് ടെലിഫോണ്‍ സംഭാഷണത്തിനിടെ പാപ്പാ അനുസ്മരിച്ചതായി ആര്‍ച്ചുബിഷപ്പ് ഒര്‍ലാന്തോ ടെലിവിഷന്‍ അഭിമുഖത്തില്‍ ജനങ്ങളുമായി പങ്കുവച്ചു. 2016-ല്‍ ബ്രസീലിന്‍റെ ദേശീയ മദ്ധ്യസ്ഥയായ അപ്പരെസീദായിലെ കന്യകനാഥയുടെ വെങ്കല ശില്പം പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ വത്തിക്കാന്‍ തോട്ടത്തില്‍ സ്ഥാപിച്ചത് ബ്രസീലിയന്‍ ജനതയോടുള്ള ആത്മീയ ബന്ധത്തിന്‍റെ പ്രതീകമായി നില്ക്കുന്നു.

ബ്രസീലിന്‍റെ തെക്കു-കിഴക്കന്‍ തീരത്ത് അപ്പരെസീദാ എന്ന സ്ഥലത്ത് 1717-ല്‍ കടലില്‍ മീന്‍ പിടിക്കുകയായിരുന്ന മുക്കുവന്മാര്‍ക്കു കിട്ടിയ ഓടുകൊണ്ടു നിര്‍മ്മിതമായ അമലോത്ഭവനാഥയുടെ ശില്പമാണ് ദേശീയ മദ്ധ്യസ്ഥയായി രൂപംകൊണ്ട അപ്പരെസീദായിലെ കന്യകാനാഥ (Our Lady of Aparecida or Nossa Senhora Aparecida in Portughese). ദേശീയ മദ്ധ്യസ്ഥയുടെ തീര്‍ത്ഥാടന കേന്ദ്രത്തിലെ ബസിലിക്കയ്ക്ക് 30,000 പേരെ ഉള്‍ക്കൊള്ളുവാനുള്ള സ്ഥലസജ്ജീകരണമുണ്ട്.

4. പ്രത്യാശ കൈവെടിയരുതെന്ന്...
ധൈര്യമായിരിക്കുവാനും, പ്രത്യാശ കൈവെടിയരുതെന്നും ജനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വ്വാദം നല്കുന്നതായി അറിയിച്ചുകൊണ്ടുമാണ് പാപ്പാ ടെലിഫോണ്‍ സംഭാഷണം ഉപസംഹരിച്ചതെന്ന് ആര്‍ച്ചുബിഷപ്പ് ഒര്‍ലാന്തോ ജനങ്ങളെ അറിയിച്ചു.

മരണനിരക്കു കണക്കിലെടുക്കുമ്പോള്‍ ബ്രസീല്‍ ആഗോളതലത്തില്‍ അമേരിക്കയ്ക്കുശേഷം രണ്ടാം സ്ഥാനത്തു നില്ക്കുകയാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 June 2020, 08:03