തിരയുക

Vatican News
POPE-THAILAND/Bangkok 2019 POPE-THAILAND/Bangkok 2019 

ദൈവിക വെളിച്ചവും വെളിപാടും തേടുന്ന മതങ്ങള്‍

സഭയുടെ മതാന്തരസംവാദ പ്രവര്‍ത്തനങ്ങള്‍ക്ക് 60 വയസ്സ്.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

മതാന്തര സംവാദത്തെക്കുറിച്ച് വത്തിക്കാന്‍ മാധ്യമങ്ങളുടെ മുഖ്യപത്രാധിപര്‍, അന്ത്രയ തൊര്‍ണിയേലി എഴുതിയ ലേഖനത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

1. മതങ്ങളുമായി തുറന്ന സംവാദത്തിന്‍റെ വഴികള്‍
“മതാന്തര സംവാദം എന്ന പ്രമാണരേഖയും ഇതര മതങ്ങളുമായുള്ള സഭയുടെ സംവാദത്തിന്‍റെ തുറന്ന വഴികളും” എന്ന ശീര്‍ഷകത്തില്‍ ജൂണ്‍ 16-ന് വത്തിക്കാന്‍ മാധ്യമങ്ങളിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. “മതാന്തര സംവാദം” (Nostrae Aetate) എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഇതര മതങ്ങളെ സംബന്ധിച്ച പ്രഖ്യാപനത്തോടെയാണ് സഭ ആധുനിക ലോകത്തിലേയ്ക്ക് സംവാദത്തിന്‍റെ വഴിയില്‍ പ്രവേശിച്ചതെന്ന് തൊര്‍ണിയേലി ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

2. യഹൂദ സമൂഹവുമായുള്ള സാഹോദര്യബന്ധം
ശത്രുതയിലായിരുന്ന യഹൂദ സഹോദരങ്ങളുമായി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തുറന്നത് മുന്‍പൊരിക്കലുമില്ലാത്ത ബന്ധമാണ്. പുതിയ ഉടമ്പടിയിലെ ജനങ്ങള്‍ പഴയനിയമത്തിലെ ദൈവജനവുമായി അബ്രഹാമിന്‍റെ പിതൃത്വത്തിലൂടെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് കൗണ്‍സില്‍ നിരീക്ഷിച്ചു. ഇതൊരു ആത്മീയ പൈതൃകമായി സഭ അംഗീകരിക്കുന്നു. അതിനാല്‍ വചനത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെ വഴികളില്‍ ഈ ബന്ധം പടിപടിയായി ഊട്ടിയുറപ്പിക്കാനാവുമെന്ന് ഇരുകൂട്ടര്‍ക്കുമുള്ള പ്രത്യാശയിലാണ് സഭയും യഹൂദ സമൂഹവും തമ്മിലുള്ള സംവാദം ഇന്നും പുരോഗമിക്കുന്നത്.

3. മതങ്ങളിലെ ദൈവികവെളിച്ചം
മറ്റു മതങ്ങളിലും വെളിപാടിന്‍റെ വെളിച്ചം കാണുന്നുണ്ട് എന്നത് കൗണ്‍സിലിന്‍റെ പ്രസ്താവനയും ബോധ്യവുമാണ്. മനുഷ്യര്‍ എല്ലാവരും ഒരേ ദൈവത്തെ അന്വേഷിക്കുന്നു. എന്നാല്‍ ആനുപാതികമായ വെളിച്ചവും വെളിപാടുമാണ് ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ളത്. എന്നാല്‍ അവയിലുള്ള സത്യത്തിന്‍റെ വെളിച്ചം അംഗീകരിക്കേണ്ടതാണെന്ന സഭയുടെ നിലപാട് മറ്റു മതങ്ങളോട് കൂടുതല്‍ തുറവുള്ളവരാകുവാനും അവരെ കൂടുതല്‍ മനസ്സിലാക്കുവാനും സാധിച്ചു. കാരണം എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന വെളിച്ചം ഒന്നാണ്. ഈ തുറവാണ് ആധുനിക കാലത്ത് ഇതര മതങ്ങളുമായുള്ള സംവാദത്തിന്‍റെ വഴി തുറക്കുവാന്‍ സഹായകമായത്.

4. ഇസ്ലാമിക സമൂഹത്തോടുള്ള ആദരവ്
കാരുണ്യവാനും സര്‍വ്വശക്തനും സ്രഷ്ടാവും മനുഷ്യരോടു സംവദിക്കുന്നവനുമായ ഏകദൈവത്തില്‍ വിശ്വസിക്കുന്ന  ഇസ്ലാമികരായ സഹോദരങ്ങളെയും സഭ ആദരവോടെ കാണുന്നുവെന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖ ഇന്നും പഠിപ്പിക്കുന്ന വ്യക്തമായ നിലപാടാണ്. ദൈവഹിതത്തോട് കീഴ്വഴങ്ങി ജീവിച്ച പൂര്‍വ്വപിതാവായ അബ്രാഹത്തെ ഇസ്ലാമിക മതസ്ഥര്‍ ആദരിക്കുന്നു. യേശുവിനെ അവര്‍ ദൈവമായി ആരാധിക്കുന്നില്ലെങ്കിലും പ്രവാചകനായി അംഗീകരിക്കുന്നു. യേശുവിന്‍റെ അമ്മ മറിയത്തെ വണങ്ങുകയും, പലരും ഭക്തിയോടെ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു. ഇസ്ലാം മതസ്ഥരും അന്ത്യവിധിക്കായി കാത്തിരിക്കുന്നവരാണ്. ദൈവിക ജീവനില്‍ വിശ്വസിക്കുന്നവര്‍ ദൈവസ്നേഹത്തെപ്രതി നിരന്തരമായി പ്രാര്‍ത്ഥിക്കുകയും ദാനധര്‍മ്മം ചെയ്യുകയും, ഉപവാസം അനുഷ്ഠിച്ച് ദൈവസന്നിധിയില്‍ നാളുകള്‍ ചെലവഴിക്കുകയും ചെയ്യുന്നു.

5. ജോണ്‍ 23-Ɔമന്‍ പാപ്പാ തുറന്ന സംവാദത്തിന്‍റെ പാത
മേല്പറഞ്ഞ ഇതര മതങ്ങളോടുള്ള നിലപാടില്‍ത്തന്നെയാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം സഭ മുന്നോട്ടു നീങ്ങിയിട്ടുള്ളത്. അതിനു തെളിവാണ് ചരിത്രത്തില്‍ നാഴികക്കല്ലുകളായി നില്ക്കുന്ന സഭാദ്ധ്യക്ഷന്മാരുടെ ഇതര മതസ്ഥരോടുള്ള സമീപനവും സാഹോദര്യത്തോടെയുള്ള സംവാദ ശ്രമങ്ങളും. വിശുദ്ധനായ ജോണ്‍ 23-Ɔമന്‍ പാപ്പാ കൗണ്‍സിലിനു മുന്നോടിയായി ഇതര മതങ്ങളുമായുള്ള സംവാദത്തിനായി വത്തിക്കാനില്‍ ഒരു സെക്രട്ടേറിയേറ്റു തുറന്നതുതന്നെ ആധുനിക സഭയുടെ നിലപാടു വെളിപ്പെടുത്തുന്ന നല്ല തുടക്കമായിരുന്നു.

6. പോള്‍ 6-Ɔമന്‍ പാപ്പാ പ്രകടമാക്കിയ
ആത്മീയതയുടെ തുറവ്

മതാന്തര സംവാദത്തിന്‍റെയും, ഭിന്നിച്ചു നില്ക്കുന്ന ഇതര സഭകളെ ഐക്യത്തിന്‍റെയും പാതയിലേയ്ക്ക് നയിക്കും വിധം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ തുടര്‍ന്നു നയിച്ചത് പോള്‍ ആറാമന്‍ പാപ്പായാണ്. 1964-ലെ ഭാരതസന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ എല്ലാമതനേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ പാപ്പാ സമയം കണ്ടത്തി.

7. ജോണ്‍ പോള്‍ 2-Ɔമന്‍ പാപ്പായും മതസൗഹാര്‍ദ്ദവും
വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ തീര്‍ച്ചയായും തന്‍റെ 27 വര്‍ഷക്കാലം നീണ്ട സഭാഭരണകാലത്ത് ഇതരമതങ്ങളുമായി സംവദിക്കുവാന്‍ ആഗോളസംഗമങ്ങള്‍ വിളിച്ചുകൂട്ടുകയും, ലോക സമാധാനത്തിന്‍റെ പാതയില്‍ മതങ്ങള്‍ക്കുള്ള പങ്ക് അടിവരയിട്ടു പ്രബോധിപ്പിക്കുകയും ചെയ്തു. വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ അസ്സീസിയില്‍ പ്രഥമ മതാന്തരസംവാദ സംഗമം ആഗോളതലത്തില്‍ വിളിച്ചുകൂട്ടുകയും മതങ്ങള്‍ വിശ്വശാന്തിക്കായി കൈകോര്‍ത്തു നില്ക്കണമെന്ന് പ്രബോധിപ്പിക്കുകയും ചെയ്തത് പാപ്പാ വോയിത്തീവയാണ്.

8. പാപ്പാ ബെനഡിക്ടിന്‍റെ നിലപാട്

ബെനഡിക്ട് 16-Ɔമന്‍ പാപ്പാ ആധുനിക കാലത്തെ പ്രതിഭാസമായ ദൈവത്തിന്‍റെ നാമത്തിലുള്ള അതിക്രമങ്ങളെയും ഭീകരപ്രവര്‍ത്തനങ്ങളെയും, ഒപ്പം മതമൗലിക വാദത്തെയും കര്‍ശനമായി വിമര്‍ശിച്ചു. എന്നാല്‍ സമാധാനത്തിന്‍റെ വഴികളില്‍ എല്ലാമതങ്ങളെയും ആശ്ലേഷിക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.

9. പാപ്പാ ഫ്രാന്‍സിസിന്‍റെ കാരുണ്യത്തിന്‍റെ വഴികള്‍
ഇതര മതങ്ങളുമായുള്ള ബന്ധത്തില്‍ തന്‍റെ മുന്‍ഗാമികളുടെ ചുവടുപിടിച്ച് കൂടുതല്‍ സാഹോദര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും വഴികള്‍ മാനവികതയ്ക്കായി പാപ്പാ ഫ്രാന്‍സിസ് തുറന്നിട്ടുവെന്നു പറയാം. ദൈവത്തെ പിതാവേ എന്നു വിളിക്കുന്ന ഏതു മതവിഭാഗത്തില്‍പ്പെട്ടവരെയും സഹോദരങ്ങളായി സ്നേഹിക്കുന്നതാണ് ദൈവസ്നേഹമെന്ന മൗലിക വീക്ഷണം, നല്ല അജപാലന സമ്പത്തുള്ള പാപ്പാ ഫ്രാന്‍സിസ് പുലര്‍ത്തുന്നു. അതിനു തെളിവാണ് അബുദാബി സന്ദര്‍ശനവും അവിടെവച്ചു ഒപ്പുവച്ച വിശ്വസാഹോദര്യ പ്രഖ്യാപനവും (Human Fraternity Document).  മതങ്ങളുമായി കൈകോര്‍ത്ത് മനുഷ്യകുലത്തിന്‍റെ നന്മയ്ക്കും നിലനില്പിനും ഉതകുന്ന സല്‍പ്രവൃത്തികളില്‍ വ്യാപൃതമാകുന്നതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ വിശ്വസാഹോദര്യ വീക്ഷണം.
 

21 June 2020, 08:13