തിരയുക

ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് (Archbishop Ivan Jurkovič), സ്വിറ്റസർലണ്ടിലെ ജനീവാ പട്ടത്തിൽ ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് (Archbishop Ivan Jurkovič), സ്വിറ്റസർലണ്ടിലെ ജനീവാ പട്ടത്തിൽ ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകൻ 

വർഗ്ഗീയതയുടെയും ഒറ്റപ്പെടുത്തലിൻറെയും നേരെ കണ്ണടയ്ക്കാനാവില്ല!

ഒരോവ്യക്തിയുടെയും മൗലികാവകാശങ്ങൾ അംഗീകരിക്കാനും സംരക്ഷിക്കാനും രാഷ്ട്രങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു, ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച്

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സകലവിധ വർഗ്ഗവിവേചനവും അക്ഷന്തവ്യമാണെന്ന് ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് (Archbishop Ivan Jurkovič).

സ്വിറ്റസർലണ്ടിലെ ജനീവാ പട്ടത്തിൽ ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ നാല്പത്തിമൂന്നാത് യോഗത്തെ വ്യാഴാഴ്‌ച (18/06/20) സംബോധന ചെയ്യുകയായിരുന്നു.

വംശീയത മൂലമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ, പൊലീസിൻറെ നിഷ്ഠൂരത, സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങൾക്കു നേരെയുള്ള ആക്രമണം എന്നിവയായിരുന്നു ഈ യോഗത്തിൽ ചർച്ചയ്ക്ക് വിഷയീഭവിച്ചത്.

മാനവകുടുംബത്തിലെ എല്ലാ അംഗങ്ങളും ദൈവത്തിൻറെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിക്കപ്പെട്ടിരിക്കുന്നതെന്നും ആകയാൽ വർഗ്ഗ, ദേശ, രാഷ്ട്ര, ലിംഗ, പാമ്പര്യ, സംസ്കാര, മതഭേദമന്യേ എല്ലാവരും ജന്മസിദ്ധമായ ഔന്നത്യത്തിൽ തുല്യരാണെന്നും ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് പറഞ്ഞു.

അതുകൊണ്ടു തന്നെ ഒരോവ്യക്തിയുടെയും മൗലികാവകാശങ്ങൾ അംഗീകരിക്കാനും സംരക്ഷിക്കാനും രാഷ്ട്രങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പലപ്പോഴും വിവേചനത്തിൻറെയും വർഗ്ഗീയതയുടെയും പരദേശീസ്പർദ്ധയുടെയും അടിസ്ഥാന കാരണമായ പഴക്കമേറിയ തെറ്റിദ്ധാരണകളും മുൻവിധികളും പര്സപരവിശ്വാസമില്ലായ്മയും ഇല്ലായ്മ ചെയ്യുന്നതിനുള്ള സമയമായിരിക്കുന്നുവെന്ന ഫ്രാൻസീസ് പാപ്പായുടെ വാക്കുകളും ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് അനുസ്മരിച്ചു.

ഒറ്റപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്ന തോന്നാൽ ആർക്കും ഉണ്ടാകാൻ ഇടവരരുതെന്നും അപരൻറെ അന്തസ്സും അവകാശവും ചവിട്ടിമെതിക്കാനുള്ള അധികാരം ആർക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരുടെ അലംഘനീയ ഔന്നത്യം ചവിട്ടിമെതിക്കുകയെന്നാൽ സ്വന്തം ഔന്നത്യത്തെ ചവിട്ടിത്തേയ്ക്കുകയാണെന്നും ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് കൂട്ടിച്ചേർത്തു.

വർഗ്ഗീയതയുടെയും ഒറ്റപ്പെടുത്തലിൻറെയും  നേരെ കണ്ണടയ്ക്കാനൊ അവ സമ്മതിച്ചുകൊടുക്കാനൊ നമുക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം സത്യത്തിൽ സ്വയം നശിപ്പിക്കലും സ്വയം പരാജയപ്പെടുത്തലുമാണെന്നും അതിക്രമം കൊണ്ട് നേട്ടമല്ല നഷ്ടമാണ് ഉണ്ടാകുന്നതെന്നും നാം തിരിച്ചറിയേണ്ടതിൻറെ ആവശ്യകതയും ആർച്ച്ബിഷപ്പ് യുർക്കോവിച്ച് എടുത്തുകാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 June 2020, 16:25