തിരയുക

ഇസ്ലാം പുണ്യസ്ഥലമായ മെക്കാ, ഒരു ആകാശവീക്ഷണം ഇസ്ലാം പുണ്യസ്ഥലമായ മെക്കാ, ഒരു ആകാശവീക്ഷണം 

മുസ്ലീം സഹോദരങ്ങൾക്ക് റമദാൻ-ഈദ് അൽ-ഫിത്തർ ആശംസകൾ!

ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കുമിടയിൽ സാഹോദര്യം വളർത്താനുള്ള സവിശേഷാവസരങ്ങളാണ് റമദാനും ഈദ് അൽ-ഫിത്തറുമെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആത്മീയസൗഖ്യപ്രാപ്തിയുടെയും വളർച്ചയുടെയും പാവപ്പെട്ടവരുമായുള്ള പങ്കുവയ്ക്കലിൻറെയും ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തലിൻറെയും സമയമാണ് റംസാൻ മാസവും ഈദ് അൽ-ഫിത്തർ തിരുന്നാളും എന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതി.

ഇസ്ലാം സഹോദരങ്ങളുടെ പുണ്യമാസമായ റംസാൻ മാസത്തോടും അതിൻറെ സമാപനം കുറിക്കുന്ന ഈദ് അൽ-ഫിത്തർ തിരുന്നാളിനോടും അനുബന്ധിച്ചു പതിവുപോലെ ഇക്കൊല്ലവും നൽകിയ സന്ദേശത്തിലാണ് ഈ പൊന്തിഫിക്കൽ സമതിയുടെ ഈ പ്രസ്താവനയുള്ളത്.

മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മിഗേൽ ആംഹെൽ അയുസൊ ഗിസോതും (Cardinal Miguel Àngel Ayuso Guixot) കാര്യദർശി മോൺസിഞ്ഞോർ ഇന്ദുനിൽ കൊദിത്തുവാക്കു ജനകരത്നെ കങ്കണമലാഗെയും (Indunil Kodithuwakku Janakaratne Kankanamalage) ആണ് ഈ സന്ദേശത്തിൽ ഒപ്പു വച്ചിരിക്കുന്നത്.

ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കുമിടയിൽ സാഹോദര്യം വളർത്താനുള്ള സവിശേഷാവസരങ്ങളാണ് റംദാനും ഈദ് അൽ-ഫിത്തറുമെന്ന് സന്ദേശത്തിൽ കാണുന്നു.

ക്രൈസ്തവരും മുസ്ലീങ്ങളും, അതുപോലെ തന്നെ ഇതര മതങ്ങളും ആരാധനായിടങ്ങൾക്കു നല്കുന്ന അതീവ പ്രാധാന്യം അടിവരയിട്ടു കാട്ടുന്ന ഈ സന്ദേശം ആദ്ധ്യാത്മികാതിഥ്യത്തിൻറെ വേദികളാണ് ആരാധനായിടങ്ങളെന്ന് പ്രസ്താവിക്കുന്നു.

ആരാധനായിടങ്ങൾ പലപ്പോഴും ആക്രമിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ചു സൂചിപ്പിക്കുന്ന മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ സമിതി ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിൻറെ ലംഘനമാണെന്ന് വ്യക്തമാക്കുകയും ആരാധനയിടങ്ങൾക്കു സംരക്ഷണമേകാനുള്ള അന്താരാഷ്ട്രസമൂഹത്തിൻറെ യത്നങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്യുന്നു.

 

02 May 2020, 15:39