തിരയുക

1589630559133-Laudato-Si-Prayer-Card-24-May---preghiera-ita.png 1589630559133-Laudato-Si-Prayer-Card-24-May---preghiera-ita.png 

പാരിസ്ഥിതിക പദ്ധതികള്‍ക്ക് സഭയില്‍ തുടക്കമായി

മെയ് 18-ന് ആരംഭിച്ച “അങ്ങേയ്ക്കു സ്തുതി പരിസ്ഥിതിവാരം” മെയ് 24-വരെ തുടരും - തുടര്‍ന്ന് ഒരു വര്‍ഷക്കാലം നീളുന്ന കര്‍മ്മപദ്ധതികളും...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. അങ്ങേയ്ക്കു സ്തുതി! പാരിസ്ഥിതിക
പ്രബോധനത്തിന്‍റെ 5-Ɔο വാര്‍ഷികം

പാപ്പാ ഫ്രാന്‍സിസ് 2015 മെയ് 24-നു പ്രബോധിപ്പിച്ച സൃഷ്ടിയെ സംബന്ധിച്ച പാരിസ്ഥിതിക പ്രബോധനം Laudato Si’ അങ്ങേയ്ക്കു സ്തുതിയുടെ ആസന്നമാകുന്ന 5-Ɔο വാര്‍ഷികത്തിന് ഒരുക്കമായിട്ടാണ് ആഗോളസഭയില്‍ വത്തിക്കാന്‍ പരിസ്ഥിതിവാരാചരണത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്. സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘമാണ് പരിസ്ഥിതി പരിപാടികളുടെ ആസൂത്രകര്‍. ഭൂമുഖത്തെ പ്രകൃതിയെക്കുറിച്ചുള്ള ആശങ്ക, അതില്‍വസിക്കുന്ന ജനങ്ങളില്‍ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളെക്കുറിച്ചു മറ്റുള്ളവര്‍ക്കുണ്ടാകേണ്ട അവബോധം, നല്ല പ്രകൃതിയും സഹോദര്യവും ഭൂമിയില്‍ വസിക്കുന്നവര്‍ക്കു നല്കാവുന്ന ആനന്ദവും സാമാധാനവും എന്നിവയാണ് പാപ്പാ ഫ്രാന്‍സിസ് പ്രബോധനത്തില്‍ ഉള്‍ക്കൊള്ളുന്നത്.

2. സഭാ സംവിധാനങ്ങളിലൂടെ
ലക്ഷ്യപ്രാപ്തിക്കായുള്ള പരിശ്രമം

പരിസ്ഥിതിയെ സംബന്ധിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ  പ്രബോധനവുമായി ബന്ധപ്പെട്ട് 2020 മെയ്
24-ന് ആരംഭിച്ച് 2021 മെയ് 24-ന് അവസാനിക്കുന്ന ഒരു വര്‍ഷം നീളുന്ന വാര്‍ഷിക പരിപാടികള്‍ക്ക് ആമുഖമായിട്ടാണ് പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്.  സുസ്ഥിതിയുള്ള പരിസ്ഥിതിയും നല്ല പ്രകൃതിയും യാഥാര്‍ത്ഥ്യമാക്കുവാന്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി ലോകവും രാഷ്ട്രനേതാക്കളും മടിച്ചുനില്ക്കവെയാണ് സഭാതലത്തില്‍ പാരിസ്ഥിതിക പരിപാടികള്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്നത്. ഇതുവഴി പാപ്പായുടെ പാരിസ്ഥിതിക പ്രബോധനങ്ങള്‍  ലോകത്ത് പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുമെന്ന ഉറച്ചബോധ്യത്തോടെയാണ്  ഒരു വര്‍ഷം നീളുന്ന കര്‍മ്മപദ്ധതികള്‍ ഒരുക്കിയിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വിശദീകരിച്ചു.

3. ഭൂമിയെ രക്ഷിക്കാന്‍
സന്മനസ്സുള്ളവര്‍ക്കു കൈകോര്‍ക്കാം

പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാന്‍ സമൂഹത്തില്‍ കൂട്ടുത്തരവാദിത്ത്വവും സഹകരണവും വളര്‍ത്തുവാനും അങ്ങനെ വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും വളര്‍ത്തിയെടുക്കാവുന്ന ക്രിയാത്മകമായ മനോഭാവത്തിലൂടെ പൊതുഭവനമായ ഭൂമി കൂടുതല്‍ വാസയോഗ്യവും സുസ്ഥിതിയുള്ളതുമാക്കി മാറ്റാമെന്ന പ്രത്യാശ പങ്കുവയ്ക്കുകയാണ് പരിസ്ഥിതി വാരത്തിന്‍റെയും, അതിനെ തുടര്‍ന്നുള്ള ഒരു വര്‍ഷം നീളുന്ന പരിസ്ഥിതി വര്‍ഷത്തിന്‍റെയും ലക്ഷ്യമെന്ന് പ്രസ്ഥാനത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ലോകത്ത് എവിടെയുമുള്ള ക്രൈസ്തവരെ മാത്രമല്ല സന്മനസ്സുള്ള സകലരെയും ഒന്നിപ്പിക്കുന്നതാണ് അങ്ങേയ്ക്കു സ്തുതിയെന്ന പാരിസ്ഥിതിക വാര്‍ഷികാഘോഷങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 മെയ് 24 -ന് ആരംഭിക്കുന്ന
പാരിസ്ഥിതിക കര്‍മ്മപദ്ധതികളുടെ  കരടുരൂപം
a)  പ്രബോധനത്തിന്‍റെ 5-Ɔο വാര്‍ഷികം ഫലപ്രദമായി ആഘോഷിക്കുന്നതിന്‍റെ തുടക്കമായി മെയ് 24, ‍ഞായറാഴ്ച മദ്ധ്യാഹ്നം 12 മണിക്ക് ഭൂമിക്കും മാനവകുലത്തിനുവേണ്ടി പൊതുവായ പ്രാര്‍ത്ഥനചൊല്ലും.

b)  വാര്‍ഷിക പരിപാടികള്‍ പ്രായോഗികമാക്കുവാനുള്ള മാര്‍ഗ്ഗരേഖകള്‍ ജൂണില്‍ ലഭ്യമാക്കും.

c)  1 സെപ്തംബര്‍ - 4 ഒക്ടോബര്‍ 2020
സൃഷ്ടിയുടെകാലം എന്ന പേരില്‍ “വെബ് സെമിനാറുകള്‍” സംഘടിപ്പിക്കും.

d)  15 ഒക്ടോബര്‍ 2020
ആഗോള വിദ്യാഭ്യാസ ഉടമ്പടിയുടെ പുനര്‍പരിശോധന.

e)  20-29 ജനുവരി 2021
പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന ആഗോള സാമ്പത്തിക ചര്‍ച്ചാവേദി.

f)  ആഗോള സാമ്പത്തിക കൂട്ടായ്മ, ഡോവോസ് – മൂന്നാമത് വട്ടമേശ സമ്മേളനം (വസന്തം 2021).

g) ലോക ജലദിന പരിപാടികള്‍ (22 മാര്‍ച്ച് 2021).

h)  സമാപനപരിപാടിയും വാര്‍ഷികസമ്മേളനവും (20-22 മെയ് 2021).
യുവജനങ്ങളുടെ അങ്ങേയ്ക്കു സ്തുതി സംഗീതകൂട്ടായ്മ, പാരിസ്ഥിതിക അവാര്‍ഡുകള്‍ എന്നിവ അതില്‍ ശ്രദ്ധേയമായിരിക്കും.

i)  വാര്‍ഷിക പരിപാടിയെ  തുടര്‍ന്നുള്ള 7 വര്‍ഷങ്ങള്‍ നീളുന്ന  കര്‍മ്മ പദ്ധതികള്‍  ദേശീയ പ്രാദേശിക സഭകള്‍ക്ക് ലഭ്യമാക്കും.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2020, 13:25