തിരയുക

2018.09.21 Federico Lombardi 2018.09.21 Federico Lombardi 

ദൈവം കൂടെയുണ്ടെന്ന പ്രത്യാശ കൈവെടിയരുത്

“പ്രതിബന്ധങ്ങള്‍ക്കും അപ്പുറം” - ഫാദര്‍ ലൊമ്പാര്‍‍ഡി കുറിക്കുന്ന പ്രതിവാര പംക്തിയുടെ മൂന്നാം പതിപ്പ് :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഭയപ്പെടരുതെന്ന ദൈവികാഹ്വാനം
ഭയപ്പെടരുത്, ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്! ഈ വാക്കുകള്‍ വേദഗ്രന്ഥം പലവട്ടം ആവര്‍ത്തിക്കുന്നുണ്ട്. തന്നെ വിളിച്ചപേക്ഷിച്ച ജനങ്ങള്‍ക്കും വ്യക്തികള്‍ക്കും ദൈവംതന്നെ നല്കിയ ഉറപ്പാണിത്. കത്തുന്ന മുള്‍പ്പടര്‍പ്പില്‍നിന്നും ദൈവം മോശയോടും, ദൈവദൂതന്‍വഴി നസ്രത്തിലെ കന്യകയായ മറിയത്തോടുമെല്ലാം ദൈവം അരുള്‍ചെയ്ത സാന്ത്വനവചനമാണിത്. തന്നെ അനുഗമിച്ച ചെറിയ അജഗണത്തിന് പീഡനങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും എതിരെ ഈശോ ഉറപ്പുനല്കിയതും ഇതേ വാക്കുകളിലാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വിവരിച്ചു. ഭയപ്പെടരുത്, നിങ്ങളുടെ ഹൃദയകവാടങ്ങള്‍ ക്രിസ്തുവിനായ് തുറക്കുക! പത്രോസിന്‍റെ പരമാധികാരത്തിലായിരിക്കെ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ആവര്‍ത്തിച്ചു പ്രബോധിപ്പിച്ചിട്ടുള്ള സംജ്ഞയാണിത്. ജീവിത പ്രതിസന്ധിയില്‍നിന്നും ഭീതിയില്‍നിന്നും മുക്തി നേടാനുള്ള മാര്‍ഗ്ഗം രക്ഷകനായ ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസമാണെന്ന് വിശുദ്ധനായ പാപ്പാ പഠിപ്പിക്കുന്നു.

2. ഭയത്തിനെതിരെ പ്രതിരോധിക്കാം
വൈദ്യശാസ്ത്രം ഫലപ്രദമായ ഒരു കുത്തിവയ്പ്പ് കൊറാണവൈറസിനെ പ്രതിരോധിക്കാന്‍ കണ്ടുപിടിക്കും എന്ന ഉറപ്പു നിലനില്ക്കെ, എവിടെയും ഏതു നിമിഷവും എത്തിപ്പെടാവുന്ന ഒരു സുരക്ഷിതത്വമില്ലായ്മയുടെ പൈതൃകവും, നിഗൂഢമായൊരു ഭീതിയും ഇന്ന് നമ്മില്‍ ഊര്‍ന്നിറങ്ങുകയാണ്. നമ്മുടെ മനസ്സമാധാനം കെടുത്തുകയും സുരക്ഷ ഇല്ലാതാക്കുകയും പൊടുന്നനെ സകലരിലും നിസ്സഹായതയും ഭീതിയും വളര്‍ത്തുന്ന വൈറസ്ബാധ ഇനിയും എപ്പോഴും വന്നുചേരാമെന്നാണ് ഈ പ്രതിസന്ധി നമുക്ക് താക്കീതുനല്കുന്നത്. പ്രശാന്തവും സാധാരണവും വ്യക്തിഗതവുമായ സാമൂഹിക ജീവിതത്തിന് ഉറപ്പുനല്കുന്ന ശാസ്ത്ര-സാമൂഹിക-രാഷ്ട്രീയ സംഘടനകള്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ അവ നല്കുന്ന പ്രശാന്തജീവിതത്തിനുള്ള ഉത്തരങ്ങള്‍ മതിയാവാത്തതിനാല്‍, അവയ്ക്ക് അപ്പുറം ആഴമായ മറ്റെന്തോ നാം അന്വേഷിക്കുന്നുണ്ട്.

മൗലികമായ ഭീതിയെ അതിജീവിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ആനുപാതികമായ കരുത്തുണ്ട്. നമ്മുടെ വ്യക്തിത്വത്തിനും സ്വഭാവത്തിനും വ്യക്തിഗത ജീവിത ചുറ്റുപാടുകള്‍ക്കും അനുസൃതമായി ഭീതിക്കെതിരായ പ്രതിരോധശേഷി കൂടുകയും കുറയുകയും ചെയ്യും. ചിലര്‍ പൊതുവെ പ്രശാന്തരും, പ്രത്യാശയുള്ളവരും, എന്തിനെയും ക്രിയാത്മകമായി നേരിടുന്നവരുമാണ്. ഈ കഴിവ് ദൈവികദാനമാണ്. എന്നാല്‍ നമുക്കു മുന്നെ ചരിക്കുന്ന ഒരു അദൃശ്യ സ്നേഹത്തില്‍  ഭയപ്പെടാതെ പ്രത്യാശവയ്ക്കുവാനാണ് വേദഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത്.

3. തിന്മയെക്കാള്‍ അധികം നന്മ
ദൈവിക പരിപാലനയില്‍ പ്രത്യാശവയ്ക്കാം. എപ്പോഴും കേള്‍ക്കുന്നതും, ചിലപ്പോള്‍ നമ്മെ ഒരു നിസംഗതയിലേയ്ക്കും, മന്ദതയിലേയ്ക്കും നിരുത്തരവാദിത്വത്തിലേയ്ക്കും ആഴ്ത്താവുന്ന ഒരു പ്രയോഗമാണ്. എന്നാല്‍ ദൈവപരിപാലനയെ മറക്കുന്നത് നമ്മെ പൊതിയുകയും അനുഗമിക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തെ നാം അവഗണിക്കുന്നതിനു തുല്യമാണ്. അതിനാല്‍ കണ്ണുതുറക്കേണ്ടിയിരിക്കുന്നു.

ആകാശത്തിലെ പറവകളെയും വയലിലെ ലില്ലിപ്പൂക്കളെയും ചൂണ്ടിക്കാണിച്ചുകൊണ്ട്, ആകുലപ്പെടാതെ ജീവിക്കാന്‍ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നുണ്ട്. സകലത്തിന്‍റെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തില്‍ ധൈര്യപ്പെട്ടു ജീവിക്കുവാനാണ് ക്രിസ്തു നമ്മോട് ആഹ്വാനംചെയ്യുന്നത്. ദൈവസ്നേഹത്തിന്‍റെയും സംരക്ഷണയുടെയും ചെറിയ അടയാളങ്ങള്‍ നമുക്കു ചുറ്റുമുള്ളത് ശ്രദ്ധിച്ചു പഠിക്കുവാനും മനസ്സിലാക്കുവാനും ക്രിസ്തു ആഹ്വാനംചെയ്യുന്നു. ലോകം മുഴുവനും തിന്മയല്ല, തിന്മയെക്കാള്‍ അധികം നന്മയാണ്, ദൈവിക നന്മകളാണ്. ചെറിയ പ്രതിസന്ധിയുണ്ടാകുമ്പോള്‍ ദൈവിക നന്മകള്‍ മറന്ന് നാം അതില്‍ മുങ്ങുപ്പോവുകയാണ്. അതിനാല്‍ ചുറ്റുമുള്ള അദൃശ്യമായ ദൈവിക പരിപാലനയുടെ അടയാളങ്ങള്‍ മനസ്സിലാക്കിയും അംഗീകരിച്ചും പ്രത്യാശയോടും സ്നേഹത്തോടുംകൂടെ മുന്നോട്ടു ചരിക്കുവാന്‍ നമുക്കു സാധിക്കണമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ഉദ്ബോധിപ്പിച്ചു.

4. ദൈവിക കാരുണ്യത്തിലുള്ള പ്രത്യാശ
ഓരോ ദിവസത്തിലും അതിന്‍റേതായ ബദ്ധപ്പാടുകള്‍ നമുക്കുണ്ട്. അതിനാല്‍ നാളയെക്കുറിച്ച് ആകുലപ്പെടാതെ, അന്നത്തെ ദൈവിക കൃപകള്‍ക്ക് നന്ദിയുള്ളവരായി മുന്നോട്ടു ചരിക്കണമെന്ന് ക്രിസ്തു സുവിശേഷത്തിലൂടെ ഉദ്ബോധിപ്പിക്കുന്നത് ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി. ദൈവം മാറ്റങ്ങള്‍ക്ക് വിധേയനാകുന്നില്ല. അവിടുന്ന് അനശ്വരനും അമര്‍ത്ത്യനുമാണ്. അതിനാല്‍ തന്നില്‍ ദൈവമുള്ളവര്‍ക്കും, ദൈവത്തില്‍ പ്രത്യാശ അര്‍പ്പിക്കുന്നവര്‍ക്കും ദൈവം തുണയായിരിക്കും, അവരെ നയിക്കും പരിപാലിക്കുമെന്ന് ക്രിസ്തു ഉറപ്പുനല്കുന്നുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ നമ്മെ ഇന്ന് അലട്ടുന്ന ഭീതിയില്‍നിന്നും ആകുലതകളില്‍നിന്നും അകന്ന് വിശ്വാസപൂര്‍വ്വം ജീവിതയാത്ര മുന്നോട്ടു നയിക്കാന്‍ കരുത്താര്‍ജ്ജിക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ്, ഭയപ്പെടേണ്ട! എന്നു ശീര്‍ഷകംചെയ്ത തന്‍റെ മൂന്നാമത്തെ പംക്തി ഫാദര്‍ ലൊമ്പാര്‍ഡി ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2020, 07:58