ഇത് നഷ്ടമായതു വീണ്ടെടുക്കുവാനുള്ള സമയം
- ഫാദര്‍ വില്യം നെല്ലിക്കല്‍
“പ്രതിസന്ധികള്‍ക്കും അപ്പുറം” എന്ന തുടര്‍പംക്തി – ഭാഗം രണ്ട് :
1. ഭൂമിയിലെ ഭ്രാന്തവേഗത
അതിശീഘ്രത അല്ലെങ്കില്‍ വേഗത ഇന്നും നമ്മുടെ പൊതുഭവനമായ ഭൂമിയിലെ ജീവിത നിയമമായി മാറിയിരിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനം, “അങ്ങയ്ക്കു സ്തുതി”യെ ഉദ്ധരിച്ചുകൊണ്ടാണ് റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ് ഫാദര്‍ ഫെദറീക്കൊ ലൊമ്പാര്‍ദി #പ്രതിസന്ധികള്‍ക്കും അപ്പുറം എന്ന തന്‍റെ പരമ്പരയുടെ രണ്ടാംഭാഗം ആരംഭിച്ചത്. എന്നാല്‍ മനുഷ്യരുടെ പൊതുനന്മയുടെയും, സമഗ്രമായ സുസ്ഥിതി വികസനത്തിന്‍റെയും വീക്ഷണത്തില്‍ കാണുകയാണെങ്കില്‍ ഈ ഭ്രാന്തവേഗത സ്വാഭാവികമായ ജൈവപരിണാമത്തിനു വിരുദ്ധമാണെന്ന് ഫാദര്‍ ലൊമ്പാര്‍ദി പ്രസ്താവിച്ചു.
2. മാറ്റങ്ങളും കാലഹരണപ്പെടലും
ഇന്ന് പ്രായാധിക്യത്തില്‍ എത്തിയിട്ടുള്ളവര്‍ ഇക്കാലഘട്ടത്തിന്‍റെ പുരോഗതിയെയും അവയുടെ അടയാളമായ വസ്തുക്കളെയും പരിശോധിക്കുകയാണെങ്കില്‍, അവയില്‍ക്കാണുന്ന മാറ്റങ്ങള്‍ വലുതും, ചുരുങ്ങിയ കാലയളവില്‍ അവ മാറ്റങ്ങള്‍ക്ക് വീണ്ടും വിധേയമാകുന്നതായി കാണാം. ജീവിതചുറ്റുപാടുകള്‍, വിദ്യാഭ്യാസം, വിവരസാങ്കേതികത, ആശയവിനിമയം എന്നീ മേഖലകളിലെ പുരോഗതി ഇതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ പുതിയ വസ്തുക്കളുടെ അതിവേഗത്തിലുള്ള കാലഹരണപ്പെടല്‍ പ്രതീക്ഷിച്ചതിലും ഏറെ ധൃതഗതിയില്‍ ആയിരുന്നുവെന്നതാണ് സത്യം.
3. പരിഷ്കാരത്തിനുള്ള വിഭ്രാന്തി
ആവശ്യമില്ലാത്തവയെ അത്യാവശ്യമായി അവതരിപ്പിച്ചും, പരസ്യപ്പെടുത്തിയും അനുദിന ജീവിതക്രമത്തെ ഉപഭോഗസംസ്കാരം മാറ്റിമറിച്ചതായി ഫാദര്‍ ലൊമ്പാര്‍ഡി നിരീക്ഷിച്ചു. അങ്ങനെ ഉല്പാദനവും വികസനവും യഥാര്‍ത്ഥ മാനവപുരോഗതിക്കും അപ്പുറം ധൃതഗതിയിലുള്ള മാറ്റത്തിന്‍റെ പരിഷ്ക്കാരത്തോടുള്ള വിഭ്രാന്തിയോ അടിമത്തമോ മാത്രമായി പരിണമിച്ചെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അങ്ങനെ സമൂഹത്തില്‍ വന്നിട്ടുള്ള സുസ്ഥിതിയില്ലാത്ത ജീവിതത്തിന്‍റെ താളക്രമം വളരെ ഗൗരവകരമായ പാരിസ്ഥിതിക പ്രതിസന്ധികളിലേയ്ക്ക് ചുരുങ്ങിയ കാലയളവില്‍ മനുഷ്യകുലത്തെ നയിച്ചിട്ടുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍ദി വിശദീകരിച്ചു.
4. നേടിയതെല്ലാം നഷ്ടമാകുമോ?
അമിതവേഗത്തിലുള്ള മാറ്റങ്ങളോടു കിടപിടിച്ചോടിയവര്‍ ജീവിതത്തില്‍ നേട്ടമായി തല്ക്കാലം കണ്ടവയൊക്കെ, ചെറിയൊരു കാലയളവില്‍ യഥാര്‍ത്ഥ വികസനത്തിന്‍റെയും കുടുംബക്കൂട്ടായ്മയുടെയും വ്യക്തിബന്ധങ്ങളുടെയും സാമൂഹിക ജീവിതത്തിന്‍റെയും പശ്ചാത്തലത്തില്‍ നഷ്ടവും വിനാശകരവുമെന്ന് മനസ്സിലാക്കി. പുരോഗതിയുടെ ഭ്രാന്തവേഗത്തില്‍ ഓടിയ നമ്മള്‍ ഇന്ന് ഇതാ, ഒരു ചെറിയ വൈറസ് ബാധമൂലം എല്ലാമേഖലകളിലും സ്തംഭിച്ചിരിക്കുകയാണ്! ലോകം ഉഗ്രമായ അല്ലെങ്കില്‍ ദുര്‍ഘടമായ നടുക്കത്തിലാണ്!!
5. ഇനി എന്തുചെയ്യും?
എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും? എങ്ങനെ ഇത് കലാശിക്കും? പ്രവര്‍ത്തിക്കാന്‍ ഒരു സമയമുണ്ടെന്നും, വിശ്രമിക്കാന്‍ ഒരു സമയമുണ്ടെന്നും. ചിന്തിക്കാനും, പഠിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും, പരസ്പരം പങ്കുവയ്ക്കുവാനും ഒരു സമയമുണ്ടെന്നുമെല്ലാം നാം മറന്നുപോയിരിക്കുന്നു. ഇതാ, ഒരു വൈറസ്ബാധ നമ്മെ വീടുകളുടെ കൂട്ടായ്മയില്‍ ഒന്നിപ്പിക്കുകയും, പങ്കുവയ്ക്കുവാനും, പരസ്പരം സംസാരിക്കുവാനും, ഒരുമിച്ച് ഉല്ലസിക്കുവാനും, വ്യായാമം ചെയ്യുവാനും, പ്രാര്‍ത്ഥിക്കുവാനും പഠിപ്പിക്കുകയാണ്. അങ്ങനെ നഷ്ടമായതൊക്കെ വീണ്ടെടുക്കുവാനുള്ള സമയമാക്കാം കൊറോണ കാലഘട്ടമെന്ന് ഈശോ സഭാംഗവും വത്തിക്കാന്‍ മാധ്യമങ്ങളുടെ മുന്‍മേധാവിയും, ഇപ്പോള്‍ റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റുമായ ഫാദര്‍ ഫെദറീക്കൊ ലൊമ്പാര്‍ദി അഭിപ്രായപ്പെട്ടു. തുടരും.