വത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. പ്രതിരോധ പദ്ധതിയുടെ രണ്ടാംഘട്ടം
ഇറ്റലിയിലുണ്ടായ ഭീതിദമായ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അടച്ചുപൂട്ടിയ വത്തിക്കാന്‍റെ എല്ലാവിഭാഗങ്ങളും മെയ് 4 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഏപ്രില്‍
22-Ɔο തിയതി ബുധനാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് പുറത്തുവിട്ട പ്രസ്താവന അറിയിച്ചു. സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍റെ അദ്ധ്യക്ഷതയില്‍ വത്തിക്കാന്‍റെ വിവിധ വകുപ്പുകളുടെ അദ്ധ്യക്ഷന്മാര്‍ പഴയ സിനഡുഹാളില്‍ ബുധനാഴ്ച രാവിലെ ചേര്‍ന്ന സമ്മേളനത്തിലാണ് കോവിഡ് 19 ദേശീയ പ്രതിരോധ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ മെയ് 4-ന് തുടങ്ങാമെന്നു തീരുമാനിച്ചത്.
2. ഇനിയും കരുതലോടെ
രാജ്യത്തെ വൈറസ് ബാധയുടെ പ്രതിസന്ധികള്‍ ഇനിയും സുസ്ഥിതി പ്രാപിക്കാനിരിക്കെ വളരെ കരുതലോടെയായിരിക്കും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്. വൈറസ്ബാധയുടെ വ്യാപനം തടയാനുള്ള എല്ലാകരുതലുകളും ഇനിയും പാലിച്ചുകൊണ്ടായിരിക്കണം പാപ്പായുടെയും ആഗോളസഭയുടെയും സേവനം ഉറപ്പുവരുത്താന്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് തലവന്മാരോട് കര്‍ദ്ദിനാള്‍ പരോളിന്‍ ആവശ്യപ്പെട്ടു.
3. സഹകരണത്തിന് നന്ദി
ഇറ്റലിയുടെയും വത്തിക്കാന്‍റെയും കര്‍ക്കശമായ ആദ്യഘട്ട നടപടിക്രമങ്ങളോടു ഏറെ സുസ്ഥിരമായ വിധത്തില്‍ എല്ലാവകുപ്പുകളും സഹകരിച്ചതിന് കര്‍ദ്ദിനാള്‍ പരോളിന്‍ സമ്മേളനത്തില്‍ പൊതുവായി നന്ദിപറഞ്ഞു.