തിരയുക

2020.03.15 papa-polacco.jpg 100-lecie urodzin św. Jana Pawła II I Granelli della Parola. Centenario della nascita di Giovanni Paolo II 2020.03.15 papa-polacco.jpg 100-lecie urodzin św. Jana Pawła II I Granelli della Parola. Centenario della nascita di Giovanni Paolo II 

ജീവിതക്കുരിശുകളെ സ്നേഹംകൊണ്ടു നേരിടാം

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അനുസ്മരണം - അടുത്തറിഞ്ഞ കര്‍ദ്ദിനാള്‍ ആഞ്ചലോ കൊമാസ്ട്രിയുടെ ചിന്തകള്‍.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1.  കൊറോണബാധയുടെ ക്ലേശങ്ങളില്‍ ഒരു ജീവിതധ്യാനം
വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ 15-Ɔο ചരമവാര്‍ഷികം ഏപ്രില്‍ 2-Ɔο തിയതി വ്യാഴാഴ്ച ഒരഭിമുഖത്തില്‍ അനുസ്മരിച്ചുകൊണ്ടാണ്, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ ശ്രേഷ്ഠപുരോഹിതന്‍, കര്‍ദ്ദിനാള്‍ കൊമാസ്ട്രി ഇങ്ങനെ പ്രസ്താവിച്ചത്. കൊറോണ വൈറസ് ബാധയുടെ ക്ലേശങ്ങള്‍കൊണ്ട് ജീവിതം ഏറെ ക്ലേശകരമായി മാറുമ്പോള്‍, ജീവിതക്കുരിശുകളെ സ്നേഹത്തോടെ ആശ്ലേഷിച്ച വിശുദ്ധനായ പാപ്പായുടെ ജീവിതം മാതൃകയാക്കാമെന്ന് കര്‍ദ്ദിനാള്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

2. ജീവിതത്തിന്‍റെ ആത്മീയവശം
“ഞാന്‍ എവിടെനിന്നു വരുന്നെന്നും എവിടെയ്ക്കു പോകുന്നെന്നും ഒന്നു കണ്ണടച്ചു ചിന്തിച്ചപ്പോള്‍... എന്‍റെ ജീവിതം വലിയ പാപ്പരത്വമാണെന്നു മനസ്സിലായി…” എന്നു പറഞ്ഞുകൊണ്ടാണ് പ്രശസ്ത ഇറ്റാലിയന്‍‍ പത്രപ്രവര്‍ത്തകന്‍, മിലാന്‍കാരനായ ഇന്ത്രൊ മൊന്തിനേല്ലി യാത്രപറഞ്ഞത്. കര്‍ദ്ദിനാള്‍ അഭിമുഖത്തില്‍ ഇക്കാര്യം അനുസ്മരിച്ചു. തന്‍റെ ജീവിതത്തെ സ്വര്‍ഗ്ഗീയവിരുന്നിലേയ്ക്കുള്ള അതിശീഘ്രമുള്ള യാത്രയായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ജീവിതത്തെ വിശേഷിപ്പിക്കുമായിരുന്നെന്നും, ജീവിതത്തിന്‍റെ നീണ്ട അവസാനഘട്ടം ക്ലേശപൂര്‍ണ്ണമായപ്പോഴും അന്ത്യനിമിഷംവരെ സന്തോഷവാനായും, പറ്റുന്ന നന്മകള്‍ ചെയ്തുകൊണ്ടും കടന്നുപോയത് ആത്മീയതലത്തെക്കുറിച്ച് പാപ്പാ വോയ്ത്തീവയ്ക്കു വ്യക്തമായ ധാരണ ഉണ്ടായതുകൊണ്ടാണെന്ന് അടുത്തറിഞ്ഞ കര്‍ദ്ദിനാള്‍ കൊമാസ്ട്രി സാക്ഷ്യപ്പെടുത്തി.

3. ജീവിതക്കുരിശുകളെ ആശ്ലേഷിക്കാം
ഈ ഭൂമിയിലെ കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും അപ്പുറം ദൈവികജീവന്‍റെ ആനന്ദവും സൗഭാഗ്യവും മുന്നില്‍ക്കണ്ടു ജീവിക്കുന്നവര്‍ക്കു മാത്രമേ ജീവിതക്കുരിശ്ശുകളെ സ്നേഹത്തോടെ ആശ്ലേഷിക്കുവാനും സ്നേഹംകൊണ്ട് അതിനെ ആനന്ദമായും നന്മയായും ഈ ജീവിതത്തില്‍ രൂപാന്തരപ്പെടുത്തുവാനും സാധിക്കുകയുള്ളൂവെന്ന് കര്‍ദ്ദിനാള്‍ കൊമാസ്ട്രി  അഭിമുഖത്തില്‍ വ്യക്തമാക്കി. ജീവിതത്തിന്‍റെ വേദനകളും ജീവന്‍ തട്ടിയെടുക്കുന്ന കോവിട്-19 എന്ന  അണുരോഗവും ആരെയും ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ വിശ്വാസത്താല്‍ പ്രകാശിതരായി ജീവിതത്തിന്‍റെ വേദന, വിരസത, ലാഘവത്വം, സ്വാര്‍ത്ഥത എന്നിവയെ ഒതുക്കിയെടുക്കുവാനും ക്രമീകരിക്കുവാനും പഠിക്കുകയും പരിശ്രമിക്കുകയും വേണമെന്ന്, 76-Ɔο വയസ്സിലും വത്തിക്കാനില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കര്‍ദ്ദിനാള്‍ കൊമാസ്ട്രി പങ്കുവച്ചു.

4. മനുഷ്യയാതനയുടെ രക്ഷണീയഭാവം
വേദനയ്ക്ക് ഒരു രക്ഷണീയ ഭാവമുണ്ടെന്നത് ക്രൈസ്തവ കാഴ്ചപ്പാടാണ്. ത്യാഗത്തിലൂടെയും സഹനത്തിലൂടെയുമാണ് നാം വിജയം നേടുന്നത്. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ജീവിതത്തിലെന്നപോലെ തന്നെ പ്രബോധനങ്ങളിലും, വിശിഷ്യാ “രക്ഷണീയമായ സഹനം” (Salvifici Doloris) എന്ന അപ്പസ്തോലിക ലിഖിതത്തിലും വേദനയുടെ രക്ഷണീയ മൂല്യം വിവരിക്കുന്നത് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ഈ ലോക ജീവിതം ക്ലേശകരമാക്കുന്ന കൊറോണാബാധയില്‍നിന്ന് ജനതകളെ സംരക്ഷിക്കണമേ, സൗഖ്യപ്പെടുത്തണമേയെന്ന് മനുഷ്യയാതനകളുടെ രക്ഷാകരമായ കാഴ്ചപ്പാടു പങ്കുവച്ച വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ മാദ്ധ്യസ്ഥത്തില്‍ പ്രാര്‍ത്ഥിക്കാം... എന്നു ഉദ്ബോധിപ്പിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ കൊമാസ്ട്രി അഭിമുഖം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 April 2020, 11:33