ദുഃഖവെള്ളി : വത്തിക്കാനില്‍ കുരിശാരാധനയും കുരിശിന്‍റെവഴിയും
- ഫാദര്‍ വില്യം നെല്ലിക്കല്‍
ആരാധനക്രമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി ഏപ്രില്‍ 8-Ɔο തിയതി ബുധനാഴ്ച പ്രസിദ്ധീകരിച്ച കാര്യക്രമം. പാപ്പായുടെ പരിപാടികള്‍ തത്സമയം വത്തിക്കാന്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യും :
1. പീഡാനുഭവ അനുസ്മരണവും കുരിശാരാധനയും
പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്. ഇന്ത്യയിലെ സമയം രാത്രി 9.30-ന് ഈശോയുടെ പീഡാനുഭവത്തിന്‍റെ അനുസ്മരണവും കുരിശാരാധനയും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടത്തപ്പെടും. വിശുദ്ധ മര്‍ചേലോയുടെ റോമിലെ ദേവാലയത്തില്‍നിന്നും കൊണ്ടുവന്നിട്ടുള്ള വലിയ ക്രൂശിതരൂപമായിരിക്കും കുരിശാരാധനയ്ക്ക് ഉപയോഗിക്കുന്നത്. അപ്പസ്തോലിക അരമനയുടെ പ്രഭാഷകന്‍, ഫാദര്‍ റനിയേറോ കന്തലമേസ്സ കപ്പൂചിന്‍ കുരിശിന്‍റെ ധ്യാനപ്രസംഗം നടത്തും. തുടര്‍ന്ന് കുരിശുരൂപത്തിന്‍റെ അനാച്ഛാദനവും വണക്കവും പാപ്പാ ഫ്രാന്‍സിസ് നടത്തും.
2. കുരിശിന്‍റെവഴി
പ്രാദേശിക സമയം രാത്രി 9 മണിക്ക്. ഇന്ത്യയിലെ സമയം രാത്രി 12.30-ന് പാപ്പാ ഫ്രാന്‍സിസ് നയിക്കുന്ന കുരിശിന്‍റെവഴി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്തുള്ള വിഖ്യാതമായ ബര്‍ണ്ണീനിയുടെ സ്തംഭാവലികള്‍ക്ക് (colonnade of St. Peter’s Square) ഇടയിലൂടെയാണ് നീങ്ങുക. കുരിശിന്‍റെവഴിയുടെ സമാപനം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ തിരുമുറ്റത്തെ താല്ക്കാലിക വേദിയിലുമായിരിക്കും. പതിവായി റോമിലെ ചരിത്രപുരാതനമായ കൊളോസിയത്തില്‍ നടത്താറുള്ളതും ആയിരങ്ങള്‍ പങ്കെടുക്കുന്നതുമായ കുരിശിന്‍റെവഴിയാണ് ഇത്തവണ വളരെ ലളിതമായി ജനപങ്കാളിത്തമില്ലാതെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ നയിക്കാന്‍ പോകുന്നത്.
3. മനോവ്യഥ അനുഭവിക്കുന്നവരുടെ
ഓര്‍മ്മയായി കുരിശിന്‍റെവഴി
പാദുവായിലുള്ള ഇറ്റലിയുടെ കേന്ദ്രജയിലിലെ അന്തേവാസികളും, വത്തിക്കാന്‍റെ ഫാര്‍മസിയിലെ ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്നു തയ്യാറാക്കിയ കുരിശിന്‍റെവഴിയാണ് ഇത്തവണ ഉപയോഗിക്കുന്നത്. പതിവായി ചരിത്രപുരാതനമായ റോമിലെ കൊളോസിയം വേദിയാക്കി നടത്തപ്പെടുന്ന കുരിശിന്‍റെവഴിയാണ് വളരെ ലളിതമായി വത്തിക്കാനില്‍ ഇന്ന് അനുഷ്ഠിക്കുവാന്‍ പോകുന്നത്. ജയിലില്‍ ഇരുമ്പഴികളുടെ പിന്നില്‍ ഏകാന്തതയും മനോവ്യഥയും അനുഭവിക്കുന്ന സഹോദരങ്ങളെ ഓര്‍ക്കുന്നതോടൊപ്പം, കോവിഡ് 19 രോഗികളെ ശുശ്രൂഷിക്കുവാന്‍ ത്യാഗപൂര്‍വ്വം ജോലിചെയ്യുന്ന രോഗീപരിചാരകരുടെ പ്രത്യേക അനുസ്മരണം കൂടിയാണ് ഈ കുരിശിന്‍റെവഴിയെന്ന് മോണ്‍സീഞ്ഞോര്‍ മരീനിയുടെ പ്രസ്താവന അറിയിച്ചു.
2. തത്സമയം പങ്കെടുക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ തിരുക്കര്‍മ്മങ്ങളില്‍ തത്സമയംപങ്കുചേരാനുള്ള ലിങ്കുകള്‍ :
a) വത്തിക്കാന്‍റെ ടെലിവിഷന്‍ നല്കുന്ന യൂ-ട്യൂബ് ലിങ്ക്
https://www.youtube.com/watch?v=5YceQ8YqYMc
b) വത്തിക്കാന്‍ ന്യൂസ് മലയാളം വെബ് പേജ് ലിങ്ക്
https://www.vaticannews.va/ml.html
c) ഇംഗ്ലിഷ് കമന്‍ററിയോടെ ശ്രവിക്കാന്‍
വത്തിക്കാന്‍ ന്യൂസ് ഇംഗ്ലിഷ് വെബ് പേജ് ലിങ്ക്
https://www.vaticannews.va/en.html