തിരയുക

2020.04.18 Messa Santa Marta 2020.04.18 Messa Santa Marta 

ക്രൂശിതരൂപത്തിന്‍റെ മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ശീലം

ഏപ്രില്‍ 22-Ɔο തിയതി ബുധനാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. കുരിശുരൂപത്തെ നോക്കി പ്രാര്‍ത്ഥിക്കുന്നവര്‍
ധാരാളം ക്രൈസ്തവര്‍ കുരിശുരൂപത്തെ നോക്കി പ്രാര്‍ത്ഥിക്കുന്ന ശീലമുണ്ടെന്നും, കാരണം ദൈവസ്നേഹവും സഭയുടെ സകല പ്രബോധനവും ക്രിസ്തീയ വിജ്ഞാനവും ശാസ്ത്രവും കുരിശില്‍നിന്നു പരിശുദ്ധാത്മാവു വെളിപ്പെടുത്തി തരുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഫരീസേയനായ നിക്കൊദേമൂസുമായുള്ള സംഭാഷണത്തില്‍ രക്ഷനേടുന്നതിന് എപ്രകാരം ഒരാള്‍ പരിശുദ്ധാത്മാവില്‍ നവീകൃതനായി ജീവിക്കണമെന്ന് ക്രിസ്തു ഉദ്ബോധിപ്പിക്കുന്ന വിശുദ്ധ സുവിശേഷ ഭാഗം വ്യാഖ്യാനിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത് (യോഹ. 3, 16-21). ലോകത്തോടുള്ള സ്നേഹം പ്രകടമാക്കാന്‍ ദൈവം തന്‍റെ പുത്രനെ ഈ ഭൂമിയിലേയ്ക്ക് അയച്ചു. അതുവഴി സകലരും അവിടുന്നില്‍ വിശ്വസിക്കുകയും രക്ഷപ്രാപിക്കുകയും നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യുന്നതിനുവേണ്ടിയായിരുന്നെന്ന സുവിശേഷംഭാഗം പാപ്പാ ആവര്‍ത്തിച്ചു.

2. ലോകരക്ഷയ്ക്കായുള്ള കുരിശുയാഗം
ദൈവപുത്രനായ ക്രിസ്തു ലോകത്തിലേയ്ക്കു വന്നത് അതിനെ വിധിക്കുവാനായിരുന്നില്ല, മറിച്ച് അവിടുന്നിലൂടെ അതിനെ രക്ഷിക്കുവാന്‍ വേണ്ടിയായിരുന്നെന്ന് പാപ്പാ വിശദീകരിച്ചു. എന്നാല്‍ യേശു പ്രസ്താവിച്ചത്, പ്രകാശം ലോകത്തിലേയ്ക്കു വന്നെങ്കിലും  മനുഷ്യര്‍ ഇരുട്ടിനെയാണ് പ്രകാശത്തെക്കാള്‍ ഇഷ്ടപ്പെട്ടത്, കാരണം അവരുടെ പ്രവൃത്തികള്‍ തിന്മയായിരുന്നെന്ന് പാപ്പാ വചനഭാഗം ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കി. ദൈവസ്നേഹം മാനസികവിഭ്രാന്തിയായി ആര്‍ക്കും തോന്നാം. കാരണം, ദൈവം ലോകത്തിലേയ്ക്ക് സ്നേഹത്തോടെ അയച്ച തന്‍റെ ദിവ്യസുതന്‍ മനുഷ്യരുടെ രക്ഷയ്ക്കായ് കുരിശില്‍ മരിച്ചു. അതിനാല്‍ കുരിശുരൂപം നമ്മോടുള്ള ദൈവസ്നേഹത്തിന്‍റെ സ്രോതസ്സാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു. അതുകൊണ്ടാണ് ക്രൈസ്തവര്‍ കുരിശിന്‍റെ മുന്നില്‍ സമയം ചെലവഴിക്കുന്നതും കുരിശിനെ നോക്കി ധ്യാനിക്കുന്നതുമെന്നും പാപ്പാ വ്യക്തമാക്കി.

3. കുരിശില്‍ തെളിയുന്ന ശാസ്ത്രവും അറിവും
കുരിശില്‍ തെളിയുന്ന ദൈവസ്നേഹവും, സകല ശാസ്ത്രവും, അറിവും, വിജ്ഞാനവും മനസ്സിലാക്കാന്‍ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവാണ് ദൈവസ്നേഹത്തിന്‍റെ പ്രകാശം മനുഷ്യര്‍ക്കു വെളിപ്പെടുത്തി തരുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. എന്നാല്‍ മനുഷ്യര്‍ പ്രകാശത്തെ ഇഷ്ടപ്പെടാതെ ഇരുട്ടിലേയ്ക്കാണ് കൂടുതല്‍ തിരിഞ്ഞതെന്നും അതിനു കാരണം, മനുഷ്യജീവിതത്തിലെ തിന്മയാണെന്നും വചനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ വിശദീകരിച്ചു. ഇരുട്ടില്‍ പറക്കുന്ന വവ്വാലുകളെപ്പോലെയാണ് മനുഷ്യര്‍ ജീവിക്കുന്നത്.   തിന്മയില്‍ വസിക്കുന്നതിനാല്‍ മനുഷ്യര്‍  ഇരുട്ടിനെ ഇഷ്ടപ്പെടുകയും അതില്‍ സഞ്ചരിക്കുകയും ചെയ്യുന്നു.  അവര്‍  ഇരുട്ടില്‍ തപ്പിത്തടയുവാന്‍ ഇടവരുമെന്ന് പാപ്പാ  താക്കീതു നല്കി. അതിനാല്‍ നമ്മോടു തന്നെ ചോദിക്കണം, ഇരുട്ടിന്‍റെ സന്തതികളാണോ നാം, അതോ പ്രകാശത്തിന്‍റെയോ? പാപ്പാ ഉദ്ബോധിപ്പിച്ചു.

4. കുരിശില്‍നിന്നു കിട്ടുന്ന ദൈവികവെളിച്ചം
യേശുവിനെ ലോകത്തിലേയ്ക്ക് അയച്ച ദൈവസ്നേഹവും ദൈവാരൂപിയുടെ പ്രകാശവും നമ്മില്‍ ആവസിക്കട്ടെയെന്നും, അങ്ങനെ നാം എല്ലാവരും സകലതും ദൈവിക വെളിച്ചത്തില്‍ കാണുവാനും, തിന്മയുടെ ഇരുട്ടിനെ ഉപേക്ഷിക്കുവാനും ഇടവരട്ടെയെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.
 

22 April 2020, 13:38