തിരയുക

Vatican News
വത്തിക്കാൻ ആർക്കൈവുകളിൽ   നിന്നുള്ള പ്രമാണം. വത്തിക്കാൻ ആർക്കൈവുകളിൽ നിന്നുള്ള പ്രമാണം. 

പിയൂസ് പന്ത്രണ്ടാമൻ പാപ്പായുടെ ചരിത്രരേഖാശേഖരണം വത്തിക്കാൻ തുറന്നു കൊടുക്കുന്നു

ലോകചരിത്രത്തിലെ ഒരു ഇരുണ്ട കാലഘട്ടത്തിലേക്ക് വെളിച്ചം വീശാൻ ഗവേഷകർക്ക് അവസരമൊരുക്കുന്ന പരിശുദ്ധ സിംഹാസനത്തിന്‍റെ പിയൂസ് പന്ത്രണ്ടാമന്‍റെ ചരിത്രരേഖാശേഖരണം വത്തിക്കാൻ തുറന്നു കൊടുക്കുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

2020 മാർച്ച് 2ആം തിയതി തിങ്കളാഴ്ച മുതൽ, വത്തിക്കാൻ അപ്പോസ്തോലിക ചരിത്രരേഖാശേഖരണങ്ങളും പിയൂസ് പന്ത്രണ്ടാമന്‍റെ (1939 - 1958) അധികാരകാലത്തെ പരിശുദ്ധ സിംഹാസനത്തിന്‍റെ മറ്റ് ചരിത്രരേഖാശേഖരണങ്ങളും ഗവേഷകര്‍ക്കായി തുറന്നു.

2019 മാർച്ച് 4ന് ഫ്രാൻസിസ് മാർപാപ്പായാണ് ആദ്യമായി  ഈ തുറന്ന് കൊടുക്കലിനെക്കുറിച്ച് പ്രഖ്യാപിച്ചത്. വത്തിക്കാനുമായി ബന്ധപ്പെട്ട ചരിത്രപരമായ രേഖകള്‍ പതിനാലു വർഷത്തിലേറെ അദ്ധ്വാനിച്ച് തയ്യാറാക്കിയതിന്‍റെ ഫലമാണ്.

20,000 ഓളം ചരിത്രരേഖകളുടെ ഘടകങ്ങള്‍ ഉൾക്കൊള്ളുന്ന ഈ ശേഖരത്തിൽ വത്തിക്കാന്‍ സെക്രട്ടേറിയറ്റിന്‍റെയും, വത്തിക്കാനിലെ വിവിധ തിരുസംഘങ്ങളുടെയും, ക്യൂറിയാ ഓഫീസുകളിലും നിന്നുള്ള 120 ഓളം ശൃംഖലകളും ചരിത്രപരമായ രേഖകളും ഗവേഷകര്‍ക്ക് ലഭ്യമാണ്. വത്തിക്കാൻ അപ്പോസ്തോലിക ചരിത്രഗ്രന്ഥ രക്ഷാലയം (Vatican Apostolic Archives) തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം  ഇവയില്‍ വലിയൊരു ഭാഗം ഡിജിറ്റൽ രൂപത്തിൽ ലഭ്യമാണ്.

പരിമിതമായ സ്ഥലം

പരിശുദ്ധ സിംഹാസനത്തിന്‍റെ വിവിധ ആർക്കൈവുകളില്‍ ഒരു സമയത്തില്‍ 120 ഓളം ഗവേഷകരെ ഉള്‍കൊള്ളാന്‍ കഴിയും. പിയൂസ് പന്ത്രണ്ടാമന്‍റെ അധികാരകാലഘട്ടത്തില്‍ നിന്നുള്ള രേഖകൾ പ്രദർശിപ്പിക്കുന്ന വത്തിക്കാൻ ചരിത്രരേഖാശേഖരണത്തിൽ റിസർവേഷൻ വഴി മാത്രമേ പ്രവേശിക്കാൻ കഴിയൂ. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച റിസർവേഷൻ ഇതുവരെ മേയ് - ജൂൺ മാസങ്ങളിലേക്ക് വരെ നിറഞ്ഞു കഴിഞ്ഞു.

പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പയുടെ അധികാരകാലം 20 വർഷത്തോളം നീണ്ടുനിന്നതും, രണ്ടാം ലോകമഹായുദ്ധസമയത്ത് സഭയുടെയും സമൂഹ ജീവിതത്തിന്‍റെയും സുപ്രധാന സംഭവങ്ങൾ ഉള്‍കൊണ്ടവയുമാണ്. ഈ കാലഘട്ടത്തിൽ കിഴക്കൻ, പടിഞ്ഞാറൻ രാഷ്ട്രങ്ങൾ തമ്മിലുള്ള എതിർപ്പും, സഭയുടെ യൂറോപ്പേതരകേന്ദ്രീകൃതത്തിൽ നിന്ന് സാർവത്രികതയുടെ മനോഭാവത്തിലേക്കുള്ള  തുറന്നുകൊടുക്കലും കണ്ടെത്താം.

പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പാ യുദ്ധ കുറ്റവാളികൾ, കൃഷിക്കാർ, ഖനിത്തൊഴിലാളികൾ, കായികതാരങ്ങൾ, പത്രപ്രവർത്തകർ,  കായികമനശാസ്ത്രജ്ഞരന്മാര്‍, ഡോക്ടർമാർ, കലാകാരന്മാർ, ജ്യോതിശാസ്ത്രജ്ഞർ എന്നിവരുൾപ്പെടെ നിരവധി ആളുകളുമായി കൂടിക്കാഴ്ച്ച നടത്തി. ആ കൂടിക്കാഴ്ച്ചകളെക്കുറിച്ചും ചരിത്രരേഖാശേഖരണത്തിൽ കാണാന്‍ കഴിയും.

തന്‍റെ മുൻഗാമികളുടെ രേഖകളിലേക്ക് ഒരു പോപ്പിന് മാത്രമേ പ്രവേശനം അനുവദിക്കാൻ അധികാരമുള്ളൂ. 1881ൽ ലിയോ പന്ത്രണ്ടാമൻ 1815 വരെയുള്ള വത്തിക്കാൻ ചരിത്രരേഖാശേഖരണം തുറന്നു. 1921ൽ ബെനഡിക്റ്റ് പതിന‍ഞ്ചാമൻ ഇത് 1830 വരെ നീട്ടി. അടുത്ത കാലത്തായി, പിയൂസ് പതിനൊന്നാമന്‍റെ  അധികാര കാലത്തിലെ രേഖകൾ ലഭ്യമാക്കാന്‍ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പാ അനുവദിച്ചിരുന്നു. പിയൂസ് പന്ത്രണ്ടാമന്‍റെ ചരിത്രരേഖകള്‍ തുറക്കുന്നതിന്‍റെ ലക്ഷ്യം പണ്ഡിതന്മാർക്ക് ഇതുവരെ ലഭ്യമല്ലാത്ത ഉറവിടങ്ങളിലേക്ക് പ്രവേശിക്കാനുള്ള സാധ്യത നൽകുക എന്നതാണ്.

03 March 2020, 16:22