“വൈറസി”ല്‍നിന്നും രക്ഷനേടുവാന്‍ ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. “ദിവീനോ അമോരെ”യില്‍ ദിവ്യബലിയര്‍പ്പണം
കൊറോണ വൈറസ്സിന്‍റെ പിടിയില്‍നിന്നും മോചനം തേടി റോമാരൂപത കന്യകാനാഥയുടെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നു. പാപ്പാ ഫ്രാന്‍സിസിനെ പ്രതിനിധീകരിച്ച് റോം രൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസ്സാണ് നഗര പ്രാന്തത്തിലെ വിഖ്യാതമായ മേരിയന്‍ തീര്‍ത്ഥാടനകേന്ദ്രം, “ദിവീനോ അമോരെ”യില്‍ മാര്‍ച്ച് 11-Ɔο തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് ദിവ്യബലി അര്‍പ്പിക്കുന്നത്. കൊറോണ വൈറസ്സില്‍നിന്നും ലോകജനതയെ മോചിപ്പിക്കുന്നതിനായി പാപ്പാ അദ്ധ്യക്ഷനായുള്ള റോം രൂപത പ്രഖ്യാപിച്ച മാര്‍ച്ച് 11-ന്‍റെ ഉപവാസപ്രാര്‍ത്ഥനയുടെ പരിസമാപ്തിയായിട്ടാണ് കര്‍ദ്ദിനാള്‍ ദി ദൊനാത്തിസ് “ദിവീനോ അമോരെ”യില്‍ ദിവ്യബലി അര്‍പ്പിക്കുന്നത്.
2. പ്രത്യാശയോടെ മാതൃസന്നിധിയില്‍
ലോകത്തെ മോചിക്കണമേയെന്ന പ്രാര്‍ത്ഥനയോടെ റോമാനിവാസികള്‍ ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥതയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്ക് ആമുഖസന്ദേശം നല്കിക്കൊണ്ട് പാപ്പാ ഫ്രാന്‍സിസും ദിവ്യബലിയില്‍ പങ്കുചേര്‍ന്നു പ്രാര്‍ത്ഥിക്കും. റോമാനഗരത്തെയും ഇറ്റലിയെയും ലോകം മുഴുവനെയും രക്ഷയുടെയും പ്രത്യാശയുടെയും അമ്മയായ കന്യാകാനാഥയ്ക്കു പാപ്പാ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതാണ് സന്ദേശം.
3. മറ്റൊരു ചരിത്ര സംഭവത്തിന്‍റെ ഓര്‍മ്മയില്‍
നാസിപ്പടയുടെ ആക്രമണത്തില്‍നിന്നും റോമാനഗരത്തെ രക്ഷിക്കണമേയെന്ന് 75 വര്‍ഷങ്ങള്‍ക്കുമുന്‍പ് 12-Ɔο പിയൂസ് പാപ്പാ ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ചതിനു സമാന്തരാണ്, വൈറസ് വസന്തയില്‍നിന്നുള്ള സംരക്ഷണയ്ക്കായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ മാദ്ധ്യസ്ഥപ്രാര്‍ത്ഥനയെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, മത്തയോ ബ്രൂണി മാര്‍ച്ച് 10-ന് ഇറക്കിയ പ്രസ്താവനയിലൂടെ അനുസ്മരിച്ചു.