മഹാമാരിയില്‍നിന്നു രക്ഷനേടാന്‍ ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥം തേടാം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. മാതൃസന്നിധിയില്‍ പ്രാര്‍ത്ഥനയോടെ...
കൊറോണ വൈറസ് ബാധയില്‍നിന്നും ലോകം രക്ഷപ്രാപിക്കാന്‍ റോമാ നഗരവാസികള്‍ ഉപവസിച്ച് കന്യകാനാഥയുടെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ചു. ഒരു ദിവസം നീണ്ട ഉപവാസത്തിന്‍റെ അന്ത്യത്തില്‍ റോമാനഗര പ്രാന്തത്തിലുള്ള “ദിവീനോ അമോരെ,” ദൈവസ്നേഹത്തിന്‍റെ അമ്മയുടെ തിരുനടയില്‍ പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായുള്ള റോമാരൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസ് ദിവ്യബലി അര്‍പ്പിച്ച്, ദിവ്യജനനിയുടെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ചു. ദിവ്യബലിക്ക് ആമുഖമായി പാപ്പാ ഫ്രാന്‍സിസ് ഹ്രസ്വവീഡിയോയിലൂടെ ചൊല്ലിയ ദൈവമാതാവിനോടുള്ള മാദ്ധ്യസ്ഥ പ്രാര്‍ത്ഥന താഴെ ചേര്‍ക്കുന്നു.
2. രോഗികള്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് ഉരുവിട്ട പ്രാര്‍ത്ഥന :
“ഓ, പരിശുദ്ധ കന്യകാനാഥേ,
ഞങ്ങളുടെ ജീവിതവഴികളില്‍ രക്ഷയുടെയും പ്രത്യാശയുടെയും
അടയാളമായി അങ്ങു തിളങ്ങുന്നുവല്ലോ.
രോഗികള്‍ക്ക് ആരോഗ്യമായ അമ്മേ, ഞങ്ങള്‍ അങ്ങില്‍ അഭയംതേടുന്നു.
കുരിശിന്‍ ചുവട്ടില്‍ വിശ്വാസത്തോടെ ഉറച്ചുനിന്നുകൊണ്ട്
അങ്ങു യേശുവിന്‍റെ പീഡകളില്‍
പതറാതെ പങ്കുചേര്‍ന്നുവല്ലോ!
റോമിന്‍റെ രക്ഷകിയേ,
ഞങ്ങളുടെ ആവശ്യങ്ങള്‍ അങ്ങ് അറിയുന്നുവല്ലോ.
കാനായിലെ കല്യാണവിരുന്നില്‍ എന്നപോലെ
പ്രതിസന്ധിയുടെ ഈ ഘട്ടം തരണംചെയ്യാന്‍ ഞങ്ങളെ സഹായിക്കുകയും
അങ്ങു ഞങ്ങളുടെ ആനന്ദകാരണമാവുകയും ചെയ്യണമേ!
ദൈവസ്നേഹത്തിന്‍റെ അമ്മേ, ഞങ്ങളുടെ വേദനകള്‍ സ്വയം ഏറ്റെടുത്ത്
കുരിശിലൂടെ ഞങ്ങളെ പുനരുത്ഥാനത്തിലേയ്ക്കു നയിച്ച
അങ്ങേ ദിവ്യസുതനായ യേശു ആജ്ഞാപിക്കുന്നതുപോലെ പ്രവര്‍ത്തിക്കുവാനും, അവിടുത്തെപ്പോലെ പിതൃഹിതത്തോടു സാരൂപ്യപ്പെടുവാനും അങ്ങു ഞങ്ങളെ സഹായിക്കണമേ!
ഓ, പരിശുദ്ധ ദൈവമാതാവേ,
അങ്ങേ സംരക്ഷണയില്‍ ഞങ്ങള്‍ അഭയം തേടുന്നു.
ജീവിതപ്രതിസന്ധിയില്‍ ഉഴലുന്ന ഞങ്ങളെ കൈവെടിയരുതേ!
ഓ മഹത്വപൂര്‍ണ്ണയായ കന്യകാമറിയമേ,
എല്ലാ അപകടങ്ങളില്‍നിന്നു ഞങ്ങളെ കാത്തുകൊള്ളേണമേ!!
ആമ്മേന്‍!