തിരയുക

2020.03.28 KEVIN FARRELL cardinal messaggio per le famiglie nel periodo di crisi corona 2020.03.28 KEVIN FARRELL cardinal messaggio per le famiglie nel periodo di crisi corona 

“കൊറോണക്കാലം” കുടുംബങ്ങളില്‍ നന്മയുടെ കാലമാക്കാം

കുടുംബങ്ങള്‍, ജീവന്‍, അല്‍മായര്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെലിന്‍റെ സന്ദേശം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. കുടുംബങ്ങളില്‍ സ്നേഹത്തിന്‍റെ ആനന്ദം
പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക ലിഖിതം “സ്നേഹത്തിന്‍റെ ആനന്ദ”ത്തെ (Amoris Laetitia, 315) ആധാരമാക്കി കുടുംബങ്ങള്‍ക്കായി മാര്‍ച്ച് 19-Ɔο തിയതി വ്യാഴാഴ്ച വിശുദ്ധ യൗസേപ്പിതാന്‍റെ തിരുനാളില്‍ പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ഫാരെല്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. യാതനകളും സംഘട്ടനങ്ങളും ആനന്ദവും ഇടതിങ്ങിയ അനുദിന ജീവിതത്തില്‍ നവമായ ദൈവിക സാന്നിദ്ധ്യമുണ്ടെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനത്തിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ഫാരെല്‍ സന്ദേശം ആരംഭിച്ചത് (സ്നേഹത്തിന്‍റെ ആനന്ദം, 130). കുടുംബങ്ങള്‍, അല്‍മായര്‍, ജീവന്‍ എന്നീക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Dicastery for Families, Laity and Life) പ്രീഫെക്ടാണ് കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍.

2. കുടുംബം സമൂഹത്തില്‍ ഒളിഞ്ഞിരിക്കുന്ന നിധി
പ്രതിസന്ധികള്‍ക്കിടയിലും അനിതരസാധാരണമായ സന്ദേശങ്ങള്‍ നല്കിക്കൊണ്ട് ദൈവം തന്‍റെ ജനത്തെ അനുധാവനം ചെയ്തിട്ടുണ്ടെന്നത് ചരിത്രമാണ്. കൊറോണ മഹാമാരിയുടെ പ്രതിസന്ധിയില്‍ കുടുംബങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ നാം നിര്‍ബന്ധിതരാകുന്ന ഈ സാഹചര്യത്തില്‍ ദൈവം നമ്മുടെ ചാരത്തുണ്ടെന്നും നമ്മെ നയിക്കുമെന്നും വിശ്വസിക്കാം. കാരണം ദൈവാലയങ്ങള്‍ അടയ്ക്കപ്പെട്ടു. ആരാധനക്രമങ്ങള്‍ നിലച്ചു. അവയിലെ പങ്കാളിത്തം സാദ്ധ്യമല്ലാതായി. ഹൃദയത്തിലെ നൊമ്പരം ഒറ്റപ്പെടലിന്‍റെ ഭീതി വളര്‍ത്താവുന്ന ഈ അവസരത്തിലാണ് വിവാഹമെന്ന കൂദാശയുടെ മൂല്യം വീണ്ടെടുക്കുവാന്‍ പരിശുദ്ധാത്മാവു നമ്മെ പ്രചോദിപ്പിക്കേണ്ടതും, പ്രേരിപ്പിക്കേണ്ടതുമെന്ന് കര്‍ദ്ദാനാള്‍ സന്ദേശത്തില്‍ ഉദ്ബോധിപ്പിക്കുന്നു.

ദമ്പതികളുടെ അവിഭക്തമായ ദൈവിക അഭിഷേകത്താല്‍ ഭവനങ്ങളില്‍ യാഥാര്‍ത്ഥ്യമാകുന്ന ക്രിസ്തു സാന്നിദ്ധ്യം ദമ്പതികള്‍ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും ഈ ഏകാന്തതയുടെ അവസരത്തില്‍ മനസ്സുവയ്ക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു. അങ്ങനെയാണ് ക്രൈസ്തവ കുടുംബങ്ങള്‍ “ഗാര്‍ഹിക സഭ”യായി (Family the Domestic church) പരിണമിക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ ഫാരെല്‍ വ്യക്തമാക്കി.

3. കുടുംബങ്ങളിലെ ക്രിസ്തു സാന്നിദ്ധ്യം
കുടുംബങ്ങളില്‍ ദിവസത്തിന്‍റെ 24 മണിക്കൂറും ഭാര്യഭര്‍ത്താക്കന്മാര്‍ക്ക് ദൈവസ്നേഹത്തിന്‍റെ സാന്നിദ്ധ്യമാകാനാകുമെന്ന് അദ്ദേഹം വിവരിച്ചു. കാരണം, വിവാഹമെന്ന കൂദാശയിലൂടെ ദമ്പതികളിലേയ്ക്കു ക്രിസ്തുവാണ് കടന്നുവന്നിട്ടുള്ളത്. അവര്‍ ഭവനങ്ങളില്‍ ഓരോ നിമിഷവും – പ്രാര്‍ത്ഥിക്കുമ്പോഴും, ജോലിചെയ്യുമ്പോഴും, മക്കള്‍ക്കായി സമയം ചെലവഴിക്കുമ്പോഴും അദ്ധ്വാനിക്കുമ്പോഴും ക്രിസ്തുവിന്‍റെ ദൈവിക സാന്നിദ്ധ്യം അവരുടെമദ്ധ്യേ സന്നിഹിതമാണെന്നും യാഥാര്‍ത്ഥ്യമാവുകയാണെന്നും കര്‍ദ്ദിനാള്‍ ഫാരെല്‍ വ്യക്തമാക്കി.

4. “ഗാര്‍ഹിക സഭ”യാകുന്ന കുടുംബം
ഇറ്റലി മാത്രമല്ല, ലോകം മുഴുവന്‍ വൈറസ് ബാധയാല്‍ ഇന്നു ഭയന്നു വിറച്ചുനില്ക്കുമ്പോള്‍, ക്ലേശകരമായ ഈ ജീവിതചുറ്റുപാടുകള്‍ക്കു മുന്നില്‍ പതറിപ്പോകാതെ കുടുംബങ്ങള്‍ ഒറ്റെക്കെട്ടായിനിന്നുകൊണ്ട് കുടുംബജീവിതത്തിന്‍റെ മൂല്യങ്ങള്‍ പുനരാവിഷ്ക്കരിക്കാന്‍ പരിശ്രമിക്കേണ്ട സമയമാണിത്. ക്രൈസ്തവ കുടുംബങ്ങള്‍, ക്രിസ്തുവിന്‍റെ സഭ പോലെതന്നെ അവിടുത്തെ മൗതികശരീരമാണെന്നു മറന്നുപോകരുതെന്ന് കര്‍ദ്ദിനാള്‍ ഫാരെല്‍ പ്രസ്താവിച്ചു. കാരണം കുടുംബങ്ങള്‍ ചേര്‍ന്നാണ് സഭയ്ക്കു രൂപംനല്ക്കുന്നത്. അതിനാല്‍ യഥാര്‍ത്ഥത്തില്‍ കുടുംബങ്ങള്‍ ഗാര്‍ഹിക സഭ തന്നെയാണെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം അദ്ദേഹം ആവര്‍ത്തിച്ചു (സ്നേഹത്തിന്‍റെ ആനന്ദം, 27).

5. പരീക്ഷണഘട്ടത്തെ എങ്ങനെ നേരിടാം?!
ലോകം ഇന്ന് അനുഭവിക്കുന്ന മഹാമാരി കുടുംബങ്ങള്‍ക്ക് വലിയ പരീക്ഷണഘട്ടമാണ്. ശാരിരികവും ഭൗതികവും സാമ്പത്തികവുമായ ക്ലേശങ്ങള്‍ കുടുംബങ്ങളെ ഏറെ വിഷമിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ നാം ഈ വെല്ലുവിളിയെ നേരിടേണ്ടത് നിരാശകൊണ്ടോ നിസംഗതകൊണ്ടോ അല്ല. മറിച്ച് സാധിക്കുന്നത്ര നന്മചെയ്തുകൊണ്ടും, പരസ്നേഹപ്രവൃത്തികള്‍ ചെയ്തുകൊണ്ടും, പങ്കുവച്ചുകൊണ്ടും, പരസ്പരം സഹായിച്ചുകൊണ്ടുമാണ് കൊറോണയുടെ ഈ ദുരന്തകാലത്തെ അംഗീകരിക്കുകയും നേരിടുകയും ചെയ്യേണ്ടത്.

സ്കൂള്‍ വിട്ടുനില്ക്കുന്ന നമ്മുടെ കുട്ടികളെയും സ്നേഹത്തോടെ പരിചരിച്ചും പഠിപ്പിച്ചും, അവരെ പതിവിലും കൂടുതല്‍ ശ്രദ്ധിച്ചും ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോകാന്‍ കുടുംബങ്ങള്‍ പരിശ്രമിക്കണമെന്നും,  ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതകളും വെല്ലുവിളികളും നേരിടാന്‍ കുടുംബങ്ങള്‍ സന്നദ്ധമാകണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടുമാണ് കര്‍ദ്ദിനാള്‍ ഫാരെല്‍ സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 March 2020, 17:04