തിരയുക

Vatican News
Conflict in Rakhine State Conflict in Rakhine State  (ANSA)

“ആഗോള വിദ്യാഭ്യാസ ഉടമ്പടി” സമ്മേളനം ഒക്ടോബറില്‍

“വൈറസ് വസന്ത”മൂലം സമ്മേളനം മെയ് മാസത്തില്‍നിന്നും ഒക്ടോബറിലേയ്ക്ക് മാറ്റി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. സമ്മേളനം ഒക്ടോബറില്‍
പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന “ആഗോള വിദ്യാഭ്യാസ ഉടമ്പടി” സമ്മേളനം ഒക്ടോബര്‍ മാസത്തില്‍ റോമിലെന്ന് വത്തിക്കാന്‍റെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായുള്ള സംഘത്തിന്‍റെ (Congregation for Catholic Education) പ്രസ്താവന അറിയിച്ചു. 2020 ഒക്ടോബര്‍ 11-മുതല്‍ 18-വരെ നീളുന്നതാണ് സമ്മേളനം. ഇന്നിന്‍റെ മാനവികതയ്ക്കുതകുന്ന ഒരു സമഗ്ര വിദ്യാഭ്യാസ ഉടമ്പടിയില്‍ ആഗോള വിദ്യാഭ്യാസ പ്രമുഖരുടെ കൂട്ടായ്മ ഒക്ടോബര്‍ 15-ന് ഒപ്പുവയ്ക്കുമെന്നും മാര്‍ച്ച് 4-Ɔο തിയതി ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെ അറിയിച്ചു.

2. ആഗോളതലത്തില്‍ വന്നുചേരുന്ന
വിദ്യാഭ്യാസവിദഗ്ദ്ധരും വിദ്യാര്‍ത്ഥികളും

മെയ് 14 പ്രഖ്യാപിക്കേണ്ട ആഗോള വിദ്യാഭ്യാസ ഉടമ്പടിയും അതുമായി ബന്ധപ്പെട്ട് മെയ്
10-മുതല്‍ 17-വരെ തിയതികളില്‍ നടക്കേണ്ടിയിരുന്ന ആഗോളവിദ്യാഭ്യാസ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പരിപാടികളും, ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തുന്ന വിദ്യാര്‍ത്ഥികളുടെ അവതരണങ്ങളും ഉള്‍പ്പെടുന്ന സമ്മേളനം, ഇന്ന് ആഗോളതലത്തില്‍ ഉയരുന്ന “കൊറോണ വൈറസ്” ഭീതിമൂലമാണ് ഒക്ടോബറിലേയ്ക്ക് മാറ്റിവച്ചതെന്നും സംഘാടകരായ വത്തിക്കാന്‍റെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള സംഘത്തിന്‍റെ പ്രസ്താവന വ്യക്തമാക്കി.

3. ആഗോള “വിദ്യാഭ്യാസഗ്രാമം”
ആഗോള വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സമാധാനപൂര്‍ണ്ണവും വ്യാപകവുമായ പങ്കാളിത്തമാണ് പാപ്പാ ഫ്രാന്‍സിസ് വിഭാവനംചെയ്തിരിക്കുന്നത്. മാത്രമല്ല, ഈ ആഗോള ഉടമ്പടി വിദ്യാപീഠങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമായി സംവരണം ചെയ്യാതെ, രാജ്യാന്തരതലത്തില്‍ മതങ്ങളുടെയും, വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുടെയും, മാനവവികസനത്തിനുള്ള സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നൊരു ആഗോള “വിദ്യാഭ്യാസ ഗ്രാമ”ത്തിന്‍റെ (A global educational village) കാഴ്ചപ്പാടും ഈ സമ്മേളനത്തിന്‍റെ സവിശേഷതയാണെന്നും പ്രസ്താവന വിശദീകരിച്ചു.

4. വിദ്യാഭ്യാസവും കൂട്ടായ്മയില്‍
വേരൂന്നിയ മാനവികതയും

ഒരു ആഗോള ഉടമ്പടിയുടെ രൂപീകരണത്തിനായുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ
ഈ സംഗമത്തിനായി അര്‍പ്പണത്തോടെ എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും,
ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ഒരുമിച്ചു പ്രതിവിധികള്‍ കാണണമെന്നും, ധൈര്യപൂര്‍വ്വം മാറ്റങ്ങള്‍ക്കു സന്നദ്ധരാകണമെന്നും, അങ്ങനെ പ്രത്യാശയോടെ ഭാവിയിലേയ്ക്ക് കുതിക്കണമെന്നുമുള്ള പാപ്പായുടെ നിയോഗങ്ങള്‍ വത്തിക്കാന്‍ സംഘം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. വ്യക്തിപരമായും, സമൂഹമായും മാനവികതയുടെ സ്വപ്നങ്ങള്‍ ദൈവത്തിന്‍റെ പദ്ധതികളോടു ചേര്‍ത്തു കാണുവാനും, അങ്ങനെ കൂട്ടായ്മയിലും സാഹോദര്യത്തിലും വേരൂന്നിയ ഒരു മാനവികത വളര്‍ത്തുകയുമാണ് ഈ ആഗോള വിദ്യാഭ്യാസ ഉടമ്പടിയുടെ ലക്ഷ്യമെന്നും ഉദ്ധരിച്ചുകൊണ്ടാണ്, സമ്മേളനദിനങ്ങളില്‍ വന്ന മാറ്റങ്ങള്‍ അറിയിച്ചുകൊണ്ടുള്ള പ്രസ്താവന വത്തിക്കാന്‍ പുറത്തുവിട്ടത്.
 

05 March 2020, 18:55