തിരയുക

Vatican News
2020.02.25 Mons. Giorgio Demetrio Gallaro da papa Francesco 2015.09.10 2020.02.25 Mons. Giorgio Demetrio Gallaro da papa Francesco 2015.09.10 

പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കുള്ള സംഘത്തിന് പുതിയ സെക്രട്ടറി

അല്‍ബേനിയന്‍ സഭാസമൂഹത്തിലെ ആര്‍ച്ചുബിഷപ്പ് ജോര്‍ജിയോ ദെമേത്രിയോ ഗലാരോയെ പാപ്പാ ഫ്രാന്‍സിസ് നിയമിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. അല്‍ബേനിയന്‍ കത്തോലിക്ക സഭാസമൂഹത്തിലെ
ആര്‍ച്ചുബിഷപ്പ് ജോര്‍ജിയോ ദെമേത്രിയോ ഗലാരോ

ഫെബ്രുവരി 25-Ɔο തിയതി ചൊവ്വാഴ്ചയാണ് ആര്‍ച്ചുബിഷപ്പ് ജോര്‍ജിയോ ദെമേത്രിയോ ഗലാരോയെ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍റെ പൗരസ്ത്യസഭാ കാര്യാലയത്തില്‍ (Congregation for Oriental Churches) പുതിയെ സെക്രട്ടറിയായി നിയോഗിച്ചത്. ഇതേ വകുപ്പിന്‍റെ ഉപദേശകസമിതി അംഗമായും, തെക്കെ ഇറ്റലിയിലെ സിസിലിയിലുള്ള അല്‍ബേനിയന്‍-ഇറ്റാലിയന്‍ സഭാപ്രവിശ്യയുടെ (Eparchy) മെത്രാപ്പോലീത്തയുമായി സേവനംചെയ്യവെയാണ് പാപ്പാ അദ്ദേഹത്തെ പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള സംഘത്തിന്‍റെ സെക്രട്ടറിയായി നിയമിച്ചത്.

2. ഹ്രസ്വജീവിത രേഖ
72 വയസ്സുകാരന്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജിയോ ഗലാരോ തെക്കെ ഇറ്റലിയിലെ സിസിലി സ്വദേശിയാണ്. അമേരിക്കയിലെ സെന്‍റ് ജോണ്‍സ് സെമിനരിയില്‍ പഠിച്ച അദ്ദേഹം 1972-ല്‍ പൗരോഹിത്യം സ്വീകരിച്ചു. അമേരിക്കിയിലെ പൗരസ്ത്യ അര്‍മേനിയ സഭാസമൂഹങ്ങളില്‍ അജപാലനശുശ്രൂഷ ആരംഭിച്ചു.

റോമിലെ തോമസ് അക്വീനസ് യൂണിവേഴ്സിറ്റിയില്‍നിന്നും സഭൈക്യദൈവശാസ്ത്രത്തിലും, റോമിലെതന്നെ പൊന്തിഫിക്കല്‍ പൗരസ്ത്യവിദ്യാപീഠത്തില്‍നിന്നും കാനോനിക നിയമത്തിലും ഡോക്ടര്‍ ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ജര്‍മ്മനിയിലെയും അമേരിക്കയിലെയും വിവിധ കത്തോലിക്കാ യൂണിവേഴ്സിറ്റികളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ച പരിചയസമ്പത്തും ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജിയോ ഗലാരോയ്ക്കുണ്ട്.

3. വത്തിക്കാന്‍റെ നിയമനങ്ങള്‍
2013-ല്‍ പൗരസ്ത്യസഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപദേശകസമിതി അംഗമായി നിയമിതനായി. 2015-ല്‍ പാപ്പാ ഫ്രാന്‍സിസ് അദ്ദേഹത്തെ സിസിലിയിലെ പിയെനാ അല്‍ബേനിയന്‍-ഇറ്റാലിയന്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയോഗിച്ചു.

4. മുന്‍സെക്രട്ടറി ബിഷപ്പ് സിറിള്‍ വാസില്‍  
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍

പൗരസ്ത്യസഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സെക്രട്ടി, ബിഷപ്പ് സിറിള്‍ വാസില്‍ എസ്.ജെ.-യെ ജന്മനാടായ സ്ലൊവാക്കിയയിലെ കൊസീച്ച ഗ്രീക്ക് കത്തോലിക്കാ രൂപതയുടെ അപ്പസ്തോലിക് അഡിമിനിസ്റ്റേറ്ററായി പാപ്പാ നിയമിച്ചതിനെ തുടര്‍ന്നാണ് വത്തിക്കാന്‍റെ പൗരസ്ത്യസഭാ കാര്യാലയത്തില്‍ ഈ പുതിയനിയമനം ഉണ്ടായതെന്ന് ഫെബ്രുവരി 25-ന് പ്രസിദ്ധപ്പെടുത്തിയ നിയമനപത്രിക വ്യക്തമാക്കി.
 

27 February 2020, 18:55