“ഐക്യദാര്‍ഢ്യത്തിന്‍റെ പുതുരൂപങ്ങള്‍” വത്തിക്കാനിലെ സംഗമം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. വത്തിക്കാന്‍റെ സാമൂഹ്യശാസ്ത്ര അക്കാഡമി
വിളിച്ചുകൂട്ടിയ സംഗമം
വത്തിക്കാന്‍റെ സാമൂഹ്യശാസ്ത്ര അക്കാഡമി സംഘടിപ്പിച്ച സംഗമം ശീര്‍ഷകം ചെയ്തിരിക്കുന്നത് “ഐക്യദാര്‍ഢ്യത്തിന്‍റെ പുതുരൂപങ്ങള്‍” (New Forms of Solidarity) എന്നാണ്. International Monetary Fund- ലോക നാണ്യനിധിയുടെ മേധാവി, ക്രിസലീന ജോര്‍ജിയേവ ഉള്‍പ്പെടെ ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക നേതാക്കളും, സാമ്പത്തിക വിദഗ്ദ്ധരും, അവരുടെ സഹപ്രവര്‍ത്തകരും പങ്കെടുക്കുന്ന ഏകദിന സംഗമം ഫെബ്രുവരി 5- Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ കസീനോ പിയോ വേദിയില്‍ (Casino Pio) ആരംഭിച്ചു. പാപ്പാ ഫ്രാന്‍സിസ് സംഗമത്തെ പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് അഭിസംബോധനചെയ്യും.
2. വളരുന്ന ലോകത്ത് പെരുകുന്ന ദാരിദ്ര്യം
സമ്പത്തും സാങ്കേതിക വളര്‍ച്ചയുംകൊണ്ട് ആഗോളവത്കൃതമായ ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യവും, അനീതിയും, അഴിമതിയും, അക്രമവും നിരീക്ഷിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് പൊന്തിഫിക്കല്‍ സാമൂഹ്യശാസ്ത്ര അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ലോകനേതാക്കളെ വിളിച്ചു കൂട്ടിയിരിക്കുന്നതെന്ന്, അക്കാഡമിയുടെ പ്രസിഡന്‍റ്, പ്രഫസര്‍ സ്റ്റേഫനോ സമാഞ്ഞി തന്‍റെ സ്വാഗത പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.
3. എന്തിനെയും മറികടക്കാന്‍ രാഷ്ട്രീയം
ധാര്‍മ്മികതയെയും നീതിശാസ്ത്രത്തെയും രാഷ്ട്രീയം മറികടക്കുകയും പകരംവയ്ക്കുകയും ചെയ്യുന്ന ലോകത്താണ് നാമിന്ന് ജീവിക്കുന്നതെന്ന് പ്രസിഡന്‍റ് സമാഞ്ഞി ആമുഖമായി പ്രസ്താവിച്ചു. സാമ്പത്തിക മേഖലയിലും ധാര്‍മ്മികതയെ നേട്ടത്തിന്‍റെയും ലാഭത്തിന്‍റെ ഒരു സംസ്കാരം കീഴടക്കിയപ്പോള്‍ മൂല്യങ്ങള്‍ നഷ്ടമായൊരു ലോകത്ത് ബഹൂഭൂരിപക്ഷം ജനങ്ങള്‍ ദാരിദ്രാവസ്ഥയിലേയ്ക്ക് തള്ളിമാറ്റപ്പെടുകയും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും, പാവങ്ങള്‍ പിന്നെയും കൊടും ദാരിദ്ര്യത്തില്‍ അമരുകയും ചെയ്യുകയാണെന്ന് പ്രഫസര്‍ സമാഞ്ഞി ആമുഖപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
4. കണ്ടെത്തേണ്ട “ഐക്യദാര്‍ഢ്യത്തിന്‍റെ പുതുരൂപങ്ങള്‍”
മനുഷ്യാസ്തിത്വത്തിന്‍റെ അതിര്‍വരമ്പുകളില്‍ മാനവിക ഐക്യദാര്‍ഢ്യത്തിന്‍റെ നവമായ രൂപങ്ങളിലൂടെ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും ഒരു സംസ്കാരത്തിലൂടെ ജനതകളുടെ സുസ്ഥിതിക്കായുള്ള ഒരു ചുവടുവയ്പ്പാണ് പാപ്പാ ഫ്രാന്‍സിസ് വിഭാവനംചെയ്ത സംഗമമെന്ന് പ്രഫസര്‍ സമാഞ്ഞി പ്രസ്താവിച്ചു.