തിരയുക

നിണസാക്ഷിയായ വാഴ്ച്ചപ്പെട്ട ദേവസഹായം പിള്ള നിണസാക്ഷിയായ വാഴ്ച്ചപ്പെട്ട ദേവസഹായം പിള്ള 

രക്തസാക്ഷി, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള !

രക്തസാക്ഷി, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ മദ്ധ്യസ്ഥതയാല്‍ നടന്ന അത്ഭുതം അംഗീകരിക്കുന്നതുള്‍പ്പടെയുള്ള 8 പുതിയ പ്രഖ്യാപനങ്ങള്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം പുറപ്പെടുവിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

രക്തസാക്ഷി ദേവസഹായം പിള്ളയുടെ മദ്ധ്യസ്ഥതയാല്‍ നടന്ന അത്ഭുതം അംഗീകരിക്കപ്പെട്ടു.

ഇതു സംബന്ധിച്ച പ്രഖ്യാപനം വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം ശനിയാഴ്ച (22/02/20) പുറപ്പെടുവിച്ചു.

ഈ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചുവിന് വെള്ളിയാഴ്ച (21/02/20) അനുവദിച്ച കൂടിക്കാഴ്ചാ വേളയില്‍ ഫ്രാന്‍സീസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ്  ഇതുള്‍പ്പെടെ പുതിയ 8 പ്രഖ്യാപനങ്ങള്‍ ഈ സംഘം പുറപ്പെടുവിച്ചത്.

1712 ഏപ്രില്‍ 23 മുതല്‍ 1752 ജനുവരി 14 വരെ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട രക്തസാക്ഷി ലാസറിന്‍റെ, അഥവാ, ദൈവസഹായം പിള്ളയുടെ ജന്മ സ്ഥലം അന്നത്തെ തിരുവിതാംകൂറിലെ നട്ടാലം ആണ്. 

ഒരു ഹൈന്ദവ കുടുംബത്തില്‍ ജനിച്ച അദ്ദേഹം മഹാരാജ മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. 

തെക്കന്‍ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് പ്രേഷിതനായിരുന്നു ബുട്ടാരി എന്ന ഈശോസഭാ വൈദികനില്‍ നിന്ന 1745 മെയ് 17-ന് ജ്ഞാന സ്നാനം സ്വീകരിച്ച ദേവസഹായം പിള്ള തുടര്‍ന്ന് തടങ്കലിലായി.

4 കൊല്ലത്തെ കാരഗൃഹ വാസത്തിനുശേഷം അദ്ദേഹത്തെ 1752 ജനുവരി 14-ന് രാജ ശാസനപ്രകാരം വെടവെച്ചു കൊല്ലുകയായിരുന്നു. 

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം ശനിയാഴ്ച പുറപ്പെടുവിച്ച ഇതര 7 പ്രഖ്യപനങ്ങളില്‍ രണ്ടെണ്ണം യഥാക്രമം ലൊവാനൊയിലെ കപ്പൂച്ചിന്‍ മൂന്നാം സഭാസന്ന്യാസിനികളുടെ സമൂഹത്തിന്‍റെ സ്ഥാപകയായ ഇറ്റലി സ്വദേശിനി, യേശുവിന്‍റെ വാഴ്ത്തപ്പെട്ട മരിയ ഫ്രാന്‍ചെസ്ക, ബ്രിട്ടീഷുകാരനായിരുന്ന ധന്യനായ ദൈവദാസന്‍ ചാള്‍സ് അക്കൂത്തിസ് എന്നിവരുടെ മദ്ധ്യസ്ഥതയാല്‍ നടന്ന ഒരോ അത്ഭുതം അംഗീകരിക്കുന്നവയാണ്.

തുടര്‍ന്നു വരുന്ന പ്രഖ്യാപനം മദ്ധ്യ അമേരിക്കന്‍ നാടായ എല്‍സാല്‍വദോറില്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ഇശോസഭാ വൈദികന്‍ റുത്തീലിയൊ ഗ്രാന്തെ ഗര്‍സീയയുടെയും, അദ്ദേഹത്തിന്‍റെ രണ്ടു അല്മായ സുഹൃത്തുക്കളുടെയും രക്തസാക്ഷിത്വം അംഗീകരിക്കുന്നു.

വ്യാകുലനാഥയുടെ ദാസികളായ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ  സ്ഥാപകന്‍, രൂപതാവൈദികന്‍, ദൈവദാസന്‍ എമീലിയൊ വെന്തുരീനി, രൂപതാ വൈദികന്‍, ദൈവദാസന്‍ പീറൊ സ്കവീത്സി, സന്യസ്ത വൈദികന്‍ എമീലിയൊ റേക്കിയ എന്നീ  മൂന്നു ഇറ്റലി സ്വദേശികളുടെയും സന്ധ്യാഗൊ ദെല്‍ ചിലി സ്വദേശിയായ അല്‍മായ വിശ്വാസി മാരിയൊ ഹിരയാര്‍ത്ത് പുലീദൊയുടെയും വീരോചിത പുണ്യങ്ങള്‍ക്ക് അംഗീകാരം നല്കുന്നവയാണ് ശേഷിച്ച 4 പ്രഖ്യാപനങ്ങള്‍.

   

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 February 2020, 12:38