പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ മാലിയുടെ പ്രസിഡന്‍റ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
സൗഹൃദകൂടിക്കാഴ്ച
ഫെബ്രുവരി 13-Ɔο തിയതി വ്യാഴാഴ്ച രാവിലെയാണ് പാപ്പാ ഫ്രാന്‍സിസ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയുടെ പ്രസിഡന്‍റ് ഇബ്രാഹിം ബൗബക്കാര്‍ കെയ്ത്തായുമായി പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ ഓഫിസില്‍ കൂടിക്കാഴ്ച നടത്തിയത്. തികച്ചും സ്വകാര്യമായ പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന്, പ്രസിഡന്‍റ് കെയ്ത്താ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനും വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറുമായും നേര്‍ക്കാഴ്ച നടത്തി.
ഉഭയകക്ഷി ചര്‍ച്ചകള്‍
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍
വളരെ ഹൃദ്യമായി നടന്ന കൂടിക്കാഴ്ചയില്‍ മാലിയും വത്തിക്കാനുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. മാലി ഇന്നു നേരിടുന്ന മാനവികവും, സുരക്ഷാസംബന്ധവുമായ പ്രശ്നങ്ങള്‍ മതമൗലികവാദത്തില്‍നിന്നും ഭീകരപ്രവര്‍ത്തനങ്ങളില്‍നിന്നും ഉടലെടുത്തതാണെന്ന് പ്രസിഡന്‍റ് കെയ്ത്താ തുറന്നു പങ്കുവച്ചതായി, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തെയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു. അടുത്തകാലത്ത് സാഹേല്‍ പ്രവിശ്യയില്‍ ഉയര്‍ന്നുവരുന്ന ഭീതിദവുമായ ഭക്ഷ്യക്ഷാമം, കുടിയേറ്റ പ്രതിഭാസം, പശ്ചിമാഫ്രിക്കന്‍ പ്രവിശ്യയില്‍ പൊതുവെ ആവശ്യമായിരിക്കുന്ന സമാധാന സുരക്ഷ എന്നീക്കാര്യങ്ങള്‍ ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടതായി വത്തിക്കാന്‍ പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവന വ്യക്തമാക്കി.