"വിദ്യാഭ്യാസം: ആഗോള ഉടമ്പടി"
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
അസതോമ സത്ഗമയ
തമസോമാ ജ്യോതിർഗമയ
മൃത്യോർമ്മ അമൃതം ഗമായ
ഓം ശാന്തി ശാന്തി ശാന്തി
അസതോമാ സത്ഗമയ ഒരു ശാന്തി മന്ത്രമാണ് (സമാധാന മന്ത്രം). ഇത്ബൃഹദാരണൃക ഉപനിഷത്തുകളില്‍ നിന്ന് (1 .3 .28 ) എടുത്തതാണിത്. ഭാരതത്തിലെ വിദ്യാലയങ്ങളിൽ ഈശ്വരപ്രാത്ഥനയായും, ആത്മീയ മതപരമായ ഒത്തുചേരലുകളിലും, സാമൂഹീക അരങ്ങുകളിലും, പ്രാർത്ഥനാഗീതമായി ആലപിക്കപ്പെടുന്നു. ഈ ശാന്തി മന്ത്രത്തിന്‍റെ പാരായണം വഴി സമാധാനം കൈവരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
അസതോമ സത്ഗമയ - അജ്ഞതയിൽ നിന്ന് എന്നെ സത്യത്തിലേക്ക് നയിക്കേണമേ
തമസോമാ ജ്യോതിർഗമയ - അന്ധകാരത്തിൽ നിന്ന് എന്നെ പ്രകാശത്തിലേക്ക് നയിക്കേണമേ
മൃത്യോർമ്മ അമൃതംഗമയ - മൃത്യുവിൽ നിന്ന് എന്നെ അമൃത്യതയിലേക്ക് നയിക്കേണമേ
ഓം ശാന്തി ശാന്തി ശാന്തി
ഈ പ്രാർത്ഥനയിലൂടെ ഈശ്വരനോടു നാം ആദ്യം അപേക്ഷിക്കുന്നത് അജ്ഞതയിൽ നിന്നുള്ള മോചനമാണ്. അജ്ഞതയിൽ നിന്നും സത്യത്തിലേക്ക് നയിക്കുക എന്ന് യാചിക്കുമ്പോൾ യഥാർത്ഥത്തിൽ ജ്ഞാനം എന്നത് സത്യമാണെന്ന സൂചന നൽകുന്നു. സത്യം എന്താണെന്ന് അറിയാനുള്ള ഒരു അന്വേഷണം എല്ലാ മനുഷ്യനിലും കുടികൊള്ളുന്നു. സത്യത്തെ അറിയാൻ, അനുഭവിക്കാൻ നമുക്ക് പ്രകാശവും ജീവനും വേണം. അങ്ങനെ സത്യം, പ്രകാശം, ജീവൻ, ഇവയെ അന്വേഷിച്ചുള്ള മനുഷ്യന്‍റെ യാത്രയിൽ അവനെ സഹായിക്കുന്ന ആയുധമാണ് ജ്ഞാനം എന്ന് നാം വിശേഷിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ജ്ഞാനം എന്താണ്? ജ്ഞാനം എവിടെ ഇന്നും വരുന്നു? യഥാർത്ഥ ജ്ഞാനി ആരാണ്?
ജ്ഞാനത്തെക്കുറിച്ച് വിശുദ്ധഗ്രന്ഥം
"കർത്താവു ജ്ഞാനം നൽകുന്നു; അവിടുത്തെ വദനത്തിൽ നിന്ന് അറിവും വിവേകവും പുറപ്പെടുന്നു."(സുഭാ.2:6)
"നിങ്ങളിൽ ജ്ഞാനം ഇല്ലാത്തവൻ ദൈവത്തോടു ചോദിക്കട്ടെ. അവനു അത് ലഭിക്കും." (യാക്കോ.1:5)
"ഉന്നതത്തിൽ നിന്നുള്ള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാന പൂർണ്ണവും, വിനീതവും, വിധേയത്വമുള്ളതും, കാരുണ്യവും, സത്ഫലങ്ങളും നിറഞ്ഞതുമാണ്. അത് അനിശ്ചിത്തമോ ആത്മാർത്ഥത ഇല്ലാത്തതോ അല്ല." (യാക്കോ.3:17)
"ജ്ഞാനം നേടുന്നത് തന്നെത്തന്നെ സ്നേഹിക്കലാണ്, വിവേകം കാത്തു സൂക്ഷിക്കുന്നവന് ഐശ്വര്യമുണ്ടാകും." (യാക്കോ.19:18)
"സൈന്യങ്ങളുടെ കർത്താവിൽ നിന്നാണ് ഈ അറിവ് ലഭിക്കുന്നത്. അവിടുത്തെ ഉപദേശം വിസ്മയനീയവും, ജ്ഞാനം മഹോന്നതവുമാണ്."(ഏശ.28:29)
ഇങ്ങനെ തിരുവചനം നമ്മോടു വ്യക്തമാക്കുന്നത് ജ്ഞാനം ദൈവത്തിൽ നിന്നും വരുന്നു. ആ ജ്ഞാനം പരിശുദ്ധി നിറഞ്ഞതാണ്. ഈ പശ്ചാത്തലത്തിൽ സത്യത്തെ അന്വേഷിച്ചു കൊണ്ടുള്ള മനുഷ്യന്‍റെ സഞ്ചാരത്തിൽ ജ്ഞാനം എങ്ങനെയാണ് മനുഷ്യൻ സ്വന്തമാകുന്നതെന്ന് ചിന്തിക്കുമ്പോൾ നമ്മുടെ മുന്നിൽ കാണുന്ന ഒരു ഉപാധിയാണ് നാം അഭ്യസിക്കുന്ന വിദ്യാഭ്യാസം.
വിദ്യാഭ്യാസം
വിദ്യാഭ്യാസം ഒരു വ്യക്തിയിൽ നിന്ന് ആരംഭിച്ച് സമൂഹത്തെയും, രാജ്യത്തെയും ലോകത്തെത്തന്നെ പ്രബുദ്ധമാകാൻ സഹായിക്കുന്ന ശക്തമായ ആയുധമാണ്. വിദ്യാഭ്യാസത്തിന്‍റെ വെളിച്ചത്താല്‍ സത്യം, നീതി, ധർമ്മം, സ്വാതന്ത്ര്യം, സാഹോദര്യം, എന്നിങ്ങനെ എല്ലാ ധാർമ്മീകവും, ആത്മീയവുമായ മൂല്യങ്ങളെ മനുഷ്യന്‍റെ കർമ്മങ്ങളിലൂടെ പ്രകാശിപ്പിക്കപ്പെടുന്നു. വിദ്യാഭ്യാസം എന്നത് ഒരു സാധനയാണ്. അത് നിരന്തരം അഭ്യസിക്കുന്നതിലൂടെ മാത്രമേ അതിന്‍റെലോകത്തിലേക്ക് നമുക്ക് പ്രവേശിക്കാനാകുകയുള്ളു.
വിദ്യാഭ്യാസം ഒരു വ്യക്തിയുടെ മാനസീകവും, സാമൂഹീകവുമായ ഉന്നമനം ലക്ഷ്യം വയ്ക്കുന്നതാകണമെന്ന് മഹാത്മാ ഗാന്ധി നിർദ്ദേശിച്ചു. മുൻരാഷ്ട്രപതി അബ്‌ദുല്‍ കലാമിനെ സംബന്ധിച്ച് സമ്പന്നവും, സന്തുഷ്ടവും, ശക്തവുമായ ഒരു രാഷ്ട്രമാക്കി മാറ്റുന്ന പ്രബുദ്ധരായ പൗരന്മാരെ സൃഷ്ടിക്കുവാൻ ഉറപ്പു വരുത്തുന്നതിനുള്ള അടിത്തറയാണ് വിദ്യാഭ്യസം. അദ്ദേഹം പറഞ്ഞത് പഠനം ലക്ഷ്യമാകുമ്പോൾ പൂർണ്ണമായും സർഗ്ഗാത്മകത പുഷ്പ്പിക്കപ്പെടുന്നു, സർഗ്ഗാത്മകത പൂവണിയുമ്പോൾ ചിന്തകൾ ജന്മമെടുക്കുന്നു, ചിന്ത ജനിക്കുമ്പോൾ അറിവ് പൂർണ്ണമായും പ്രകാശിക്കുന്നു. അറിവ് പൂർണ്ണമായും പ്രകാശിക്കുമ്പോൾ സമ്പത്ത് വ്യവസ്ഥ തഴച്ചു വളരും. വിദ്യാഭ്യാസ രീതി കുട്ടികളിൽ അവരുടെ പുഞ്ചിരി നിലനിറുത്തണം. അതിനു നമ്മുടെ വിദ്യാഭ്യാസ രീതികൾ സർഗ്ഗാത്മകത നിറഞ്ഞതായി എല്ലാവർക്കും തൊഴിൽ ലഭ്യമാകുകയും ചെയ്താൽ അത് സാധ്യമാകുമെന്ന് അദ്ദേഹം വിലയിരുത്തി.
അന്താരാഷ്ട്ര സാക്ഷരത
ലോകമെമ്പാടുമുള്ള നിരക്ഷരതയുടെ പ്രശ്നങ്ങളെ നേരിടാൻ 1966 ഒക്ടോബർ 26 ന് യുനെസ്കോ സെപ്റ്റംബർ എട്ടാം തിയതിയെ അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ചു. നിരക്ഷരതയെ ചെറുക്കുക മാത്രമല്ല, വ്യക്തികളെയും മുഴുവൻ സമൂഹങ്ങളെയും ശാക്തീകരിക്കാൻ കഴിയുന്ന ഒരു ഉപകരണമായി സാക്ഷരതയെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം.
കഴിഞ്ഞ 50 വർഷമായി സാക്ഷരതാ നിരക്കിൽ ക്രമാനുഗതമായ വർധനയുണ്ടായിട്ടും, ലോകമെമ്പാടും ഇപ്പോഴും 773 ദശലക്ഷം നിരക്ഷരരായ മുതിർന്നവരുണ്ടെന്നും, അവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും UIS (UNESCO INSTITUTES FOR STATISTICS) റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് ഒരു കുഞ്ഞിന് വിദ്യാഭ്യാസം ലഭിക്കണമെന്നത് അത്ര എളുപ്പമായ കാര്യമല്ല. വിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് പോലും വിജ്ഞാപനത്തിൽ വ്യവസ്ഥകൾ ധാരാളം രൂപീകരിക്കപ്പെട്ടിരിക്കുന്നു. മതത്തിന്‍റെയും, ജാതിയുടെയും, സ്വജനപക്ഷപാതത്തിന്‍റെയും, കപടരാഷ്ട്രീയത്തിന്‍റെയും പേരിൽ വിദ്യാഭ്യാസ മേഖലയിൽ തടവറകളും, അടിമ ചങ്ങലകളും, സൃഷ്ട്ടിച്ചു കൊണ്ട് ധനത്തിന്‍റെ പേരിൽ വിദ്യാർത്ഥികളെയും, അവരുടെ സ്വപ്നങ്ങളെയും കൊള്ളയടിക്കുന്ന ചുട്ടുകരിക്കുന്ന ഒരുപാടു യാഥാർത്ഥ്യങ്ങള്‍ നിത്യം സമൂഹത്തിൽ അരങ്ങേറുന്നവയാണ്. കലാലയങ്ങള്‍ കലാപ ഭൂമിയാക്കപ്പെടുന്നതും നാം കാണുന്നു. ഇതിന്‍റെ കാരണമെന്താണ്?
മനുഷ്യനെ കേന്ദ്രീകരിച്ചിട്ടല്ലാതെ പഠനങ്ങൾ പഠനങ്ങളെ മാത്രം കേന്ദ്രികൃതമായിരിക്കുന്ന കാലഘട്ടത്തിലാണ് നാം. ഇന്നത്തെ വിദ്യാഭ്യാസത്തിന്‍റെ കുറവിനെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ശാസ്ത്രം പഠിക്കുന്നത് ശാസ്ത്രത്തിനു വേണ്ടിയും, ഗണിതശാസ്ത്രം ഗണിതശാസ്ത്രത്തിനു വേണ്ടിയായി മാറിയിരിക്കുന്നു. നാം അഭ്യസിക്കുന്ന വിദ്യാഭ്യാസം മനുഷ്യജീവിതത്തിനു വേണ്ടിയാണെന്ന സത്യം മറന്ന് താൻ പഠിക്കുന്ന വിഷയത്തിൽ മാത്രം ഉത്കൃഷ്ടത നേടാനുള്ള പരിശ്രമാണ് ഇന്ന് കണ്ടു വരുന്നത്. ഇതാണ് ഇന്നത്തെ പ്രശ്‌നങ്ങൾക്കു കാരണമായി ഭവിക്കുന്നത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടാണ് മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ഒരു വിദ്യാഭ്യാസ ശൈലിയിലേക്ക് വരാൻ പാപ്പാ ആഹ്വാനം ചെയ്യുന്നത്. അങ്ങനെ മനുഷ്യനെ കേന്ദ്രീകരിച്ചു നാം വിദ്യാഭ്യാസം നൽകുമ്പോൾ അതിലുൾപ്പെടുന്നതാണ് മനുഷ്യന്‍റെ പരസ്പര ബന്ധവും, അവൻ ജീവിക്കുന്ന പരിസ്ഥിതിയുമായുള്ള ബന്ധവും. അങ്ങനെ വരുമ്പോൾ മനുഷ്യന്‍റെ സാഹോദര്യം, അവന്‍റെ മതം, അവന്‍ ജീവിക്കുന്ന പരിസ്ഥിതി എന്നിവ ഏറ്റവും പ്രാധാന്യമർഹിക്കുന്നു. ഈ ബന്ധത്തെ സംയോജിപ്പിക്കാനാണ് ഫ്രാൻസിസ് പാപ്പാ വിദ്യാഭ്യാസത്തിനായുള്ള ആഗോള വിദ്യാഭ്യാസ ഉടമ്പടിക്കായി ആഹ്വാനം ചെയ്യുന്നത്. വിദ്യാഭ്യാസത്തിൽ വന്നു പോയ വ്യതിചലനങ്ങളെ കണ്ടെത്തി അവയെ തിരുത്താനുള്ള ഒരു മുന്‍കൈയെടുക്കാനാണ് പാപ്പാ ശ്രമിക്കുത്. ഇത് കൂടിക്കാഴ്ചയുടെ സംസ്കാരത്തിലേക്കാണ് നമ്മെ നയിക്കുന്നത്. അതിന്‍റെ ഭാഗമായി പാപ്പാ സ്കോളാസ് ഓക്കറന്തെസ്സ് എന്ന വിദ്യാഭ്യാസ സംരംഭത്തിന് തുടക്കം കുറിച്ചു.
സ്കോളാസ് ഓക്കറന്തെസ്സിന്‍റെ ലക്ഷ്യം
ഫ്രാൻസിസ് മാർപാപ്പാ രൂപീകരിച്ച പോന്തിഫിക്കൽ അന്താരാഷ്ട്ര സംഘടനയായ സ്കോളാസ് ഓക്കറന്തെസ്സ് 190 രാജ്യങ്ങളിൽ നിലവിലുണ്ട്. അതിന്‍റെ ശൃംഖലയിലൂടെ 190 രാജ്യങ്ങളിൽ നിന്നുള്ള 500,000 സ്ഥാപനങ്ങളും, വിദ്യാഭ്യാസ ശൃംഖലകളും ബന്ധിക്കപ്പെട്ടിരിക്കുന്നു. കൂടികാഴ്ച്ച സംസ്കാരത്തിൽ നിന്ന്കൊണ്ട് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക, കായിക, കലാപരമായ നിർദ്ദേശങ്ങളിലൂടെ ലോകത്തിലെ എല്ലാ വിദ്യാർത്ഥികളെയും സംയോജിപ്പിക്കുക എന്നതാണ് ഇതിന്‍റെ ദൗത്യം.
കൂടികാഴ്ച്ചയുടെ സംസ്കാരം
2017 ഫെബ്രുവരി 9ന് റോമിലെ കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള പ്ലീനറി അസംബ്ലിയിൽ പങ്കെടുത്തവർക്ക് നല്‍കിയ സന്ദേശത്തില്‍ ഫ്രാൻസിസ് പാപ്പാ അക്രമങ്ങൾ, ദാരിദ്ര്യം, ചൂഷണം, വിവേചനം, പാർശ്വവൽക്കരണം, അടിസ്ഥാന സ്വാതന്ത്ര്യങ്ങളോടുള്ള നിയന്ത്രിത സമീപനങ്ങൾ എന്നിവ മലിന സംസ്കാരം സൃഷ്ടിക്കുന്നു എന്നറിയിച്ച ഈ സാഹചര്യത്തിൽ, സാംസ്കാരികവും മതപരവുമായ വൈവിധ്യത്തിന്‍റെ ദകൂടികാഴ്ച്ചയ്ക്ക് കാരണമാകുന്ന സംവാദംപരിശീലിപ്പിക്കാൻ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുൻനിരയിലേക്ക് വിളിക്കുന്നുവെന്ന് പാപ്പാ ചൂണ്ടികാട്ടി. വിദ്യാഭ്യാസം നേടിയ പുതിയ തലമുറ ക്ലാസ് മുറികളെയും സർവകലാശാലകളെയും പാലങ്ങൾ പണിയാൻ പ്രേരിപ്പിക്കുകയും അതിനാൽ നമ്മുടെ കാലത്തെ നിരവധി വെല്ലുവിളികൾക്ക് പുതിയ ഉത്തരം കണ്ടെത്തുകയും ചെയ്യുമെന്ന ബോധ്യം ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
വിദ്യാഭ്യാസത്തിനായി ആഗോള ഉടമ്പടി (Education: the global compact)
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു ആഗോള ഉടമ്പടിയെ കുറിച്ചും അതിന്‍റെ ആവശ്യകതയെക്കുറിച്ചും ചിന്തിച്ചത് ഫ്രാൻസിസ് പാപ്പായാണ്. ഇന്നത്തെ ലോകത്തിന്‍റെ അനുദിന മാറ്റവും അതിൽ നിന്ന് ഉൽഭവിക്കുന്ന പ്രതിസന്ധികളും കണ്ടിട്ട് അവ സാംസ്കാരികമായവ മാത്രമല്ലെന്നും മനുഷ്യവംശത്തെ മുഴുവൻ ബാധിക്കുന്നതാണെന്നും പരമ്പരാഗത മാതൃകകൾ പഴഞ്ചനാകുയാണെന്നും മനസ്സിലാക്കിയാണ് പാപ്പാ അതിന് പ്രതിവിധിയായി വിദ്യാഭ്യാസത്തിന്‍റെ ഒരു ആഗോള സന്ധി ആവശ്യമാണെന്ന് കണ്ടെത്തുന്നത്. അതിവേഗ സാങ്കേതിക, കംപ്യൂട്ടർ വൽക്കരണം മൂലം വരുന്ന അതിവേഗവൽക്കരണം വിദ്യാഭ്യാസവുമായി സംഘർഷത്തിലാകുന്നു. അതിനാൽ വിദ്യാഭ്യാസത്തിന്‍റെ മാനങ്ങൾ അടിസ്ഥാനമാക്കേണ്ടവയെ ചൂണ്ടിക്കാണിക്കുന്നുണ്ട് ഫ്രാൻസിസ് പാപ്പാ.
"വിദ്യാഭ്യാസ ഗ്രാമം"
വിദ്യാഭ്യാസ പ്രകിയയിൽ സകലരേയും ഉൾക്കൊള്ളിച്ച് ഒരു "വിദ്യാഭ്യാസ ഗ്രാമം" സൃഷ്ടിക്കണമെന്നും ഓരോരുത്തരുടേയും ഇടം ബഹുമാനിച്ചുകൊണ്ട് തന്നെ ഒരു തുറന്ന മാനുഷീക ബന്ധം രൂപീകരിക്കുന്ന തരത്തിലുള്ളതാവണം ഈ ഗ്രാമമെന്നും പാപ്പാ ചിന്തിക്കുന്നു. എല്ലാത്തരത്തിലുള്ള വിവേചനങ്ങളും നീക്കി സാഹോദര്യം വിളയുന്ന ഒരു സംവിധാനമായി മാറ്റണം ഈ വിദ്യാഭ്യാസ ഗ്രാമം. ഇത്തരം ഒരു ഗ്രാമ സംവിധാനത്തിൽ മനുഷ്യവ്യക്തിയുടെ എല്ലാ വശങ്ങളും ബഹുമാനിച്ച് ഒരുമിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ പ്രക്രിയ എളുപ്പമാകും എന്നും പാപ്പാ കരുതുന്നു. കാരണം പഠനങ്ങളും, അനുദിന ജീവിതവും, അദ്ധ്യാപകരും, വിദ്യാർത്ഥികളും അവരുടെ കുടുംബവും, പൗരസമൂഹവും അതിലെ ബുദ്ധിജീവികളും, ശാസ്ത്രജ്ഞരും, കലാകാരന്മാരും, കായികതാരങ്ങളും, രാഷ്ട്രീയ, വ്യാപാര, വ്യവസായ, ഉപവിതലങ്ങളിൽപ്പെട്ടവരും ഒരുമിച്ച് പരിശ്രമിക്കുമ്പോൾ നമ്മുടെ പൊതു ഭവനമായ ഭൂമിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാനും ബഹുമാനിക്കാനും, സമാധാനം, നീതി, ഔദാര്യം മുതലായവ മനുഷ്യകുലത്തിലെ എല്ലാവർക്കും ലഭിക്കാനും മതങ്ങൾ തമ്മിലുള്ള സംവാദങ്ങൾ തീർക്കാനും കഴിയും. ഈ ഒരു ആഗോള ലക്ഷ്യപ്രാപ്തിക്കായി ഒന്നിച്ച് ഒരു വിദ്യാഭ്യാസ ഗ്രാമമായുള്ള സഞ്ചാരത്തിന് "മനുഷ്യനെ കേന്ദ്ര ബിന്ദുവാക്കി മാറ്റാൻ വേണ്ട ധൈര്യം" വേണമെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
ഒന്നാമതായി സാമ്പത്തികശാസ്ത്ര നിർവ്വചനങ്ങളും, രാഷ്ട്രീയ തീരുമാനങ്ങളും, വളർച്ചയും പുരോഗതിയും നിർവ്വചിക്കുമ്പോഴും നമ്മൾ ഇനി ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസ പ്രക്രിയകളിൽ പരസ്പ്പരം ബന്ധപ്പെട്ടുകിടക്കുന്ന ലോകത്തെ വിസ്മരിക്കാതെ ശരിയായ മനുഷ്യ ശാസ്ത്രം അടിസ്ഥാനമാക്കണം.
രണ്ടാമതായി ക്രിയാത്മകമായും ഉത്തരവാദിത്വപൂർണ്ണമായും നമ്മുടെ ഉള്ളിലെ കഴിവുകളെ മൂലധനമാക്കാനുള്ള ധൈര്യം വേണം. ഒരു ദീർഘകാലാടിസ്ഥാനത്തിലുള്ള ദർശനം ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ സംവിധാനം തീർത്ത് തുറന്ന, ഉത്തരാവാദിത്വമുള്ള, പരസ്പ്പരം ശ്രവിക്കാനും, സംവാദിക്കാനും, മറ്റുള്ളവരുമൊത്ത് പര്യാലോചിക്കാനും, കുടുംബങ്ങളും തലമുറകളും പൊതു സമൂഹവുമായും ബന്ധങ്ങൾ സൃഷ്ടിക്കാനും അങ്ങനെ ഒരു പുതിയ മാനവീകതതീർക്കാനും കഴിയണം.
സമൂഹ സേവനത്തിനായി സ്വയം സമർപ്പിക്കാൻ കഴിയുന്ന വ്യക്തികളെ പരിശീലിപ്പിക്കാനുള്ള ധൈര്യവും വേണം എന്ന് പാപ്പാ പറയുന്നു. സേവനമാണ് പരസ്പരം കണ്ടുമുട്ടൽ സംസ്ക്കാരത്തിന്‍റെ നെടുംതൂണ്. ഭയമില്ലാതെ, മറ്റു ലാഭ കണക്കുകൂട്ടലുകളില്ലാതെ ഏറ്റം അത്യാവശ്യക്കാർക്ക് വേണ്ടി കരുണയോടെ കൈ കൊടുത്ത്, സമൂഹത്തിലെ പുറമ്പോക്കുകളിൽ വസിക്കുന്നവരോടൊപ്പം ചേർന്നു നിന്ന് നല്ല മാനുഷീക ബന്ധങ്ങളും ഐക്യ മത്യവും സ്ഥാപിക്കുന്ന ഒരു വിദ്യാഭ്യാസ സംവിധാനം സ്ഥാപിക്കാനും പാപ്പാ ആഹ്വാനം ചെയ്യുന്നു.
വത്തിക്കാനിൽ Pontifical Academy of Social Sciences സംഘടിപ്പിച്ച "വിദ്യാഭ്യാസം: ആഗോള ഉടമ്പടി" എന്ന വിഷയത്തിൽ ഫെബ്രുവരി ആറ്,ഏഴ് തിയതികളില്‍ അടുത്ത വസന്തകാലത്ത് നടക്കാനിരിക്കുന്ന ആഗോള വിദ്യാഭ്യാസ ഉടമ്പടിക്കായുള്ള സമ്മേളനത്തെ സഹായിക്കുന്ന പരിശീലനക്കളരി നടക്കുകയാണ്.ഈ ആഗോള വിദ്യാഭ്യാസ ഉടമ്പടിക്കായി, ലോകമത നേതാക്കളേയും, അന്തർദേശീയ മാനുഷീക സംഘടനകളെയും കൂടാതെ പൊതു സമൂഹത്തിന്‍റെ വിവിധ തലങ്ങളിൽ നിന്നുള്ള പ്രതിനിധികളെയും ഫ്രാൻസിസ് പാപ്പായുടെ ആവശ്യപ്രകാരം വത്തിക്കാനില്‍ വിളിച്ചു കൂട്ടി മനുഷ്യകുലത്തിന്‍റെതന്നെയും ഭാവിക്കായി വിഭാഗീയതകൾ തരണം ചെയ്യാനും ഭൂമിയെ സംരക്ഷിക്കാനും പോന്ന പക്വതയാർന്ന പൗരന്മാരെ വാർത്തെടുക്കാനുമാണ് ഉദ്ദേശിച്ചുള്ളത്. ഫെബ്രുവരി ആറും ഏഴും തിയതികളിൽ സാമൂഹ്യ ശാസ്ത്രത്തിനായുള്ള പൊന്തിഫിക്കൽ അക്കാഡമി വിദ്യാഭ്യാസം: ആഗോള സഖ്യം എന്ന പേരിൽ നടത്തുന്ന ചർച്ചാസമ്മേളനത്തില്‍ വിദ്യാഭ്യാസത്തിന്‍റെ വിവിധ തലങ്ങളിൽ വികസിത, വികസ്വര രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന ചർച്ചകളിൽ എങ്ങനെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ മാനുഷീകവും പക്ഷപാതരഹിതവും കൂടുതൽ ആകർഷകവും സമ്പൂർണ്ണവും ഇന്നത്തെ നിരാശാജനകമായ സാമ്പത്തിക സാമൂഹീക പ്രതിസന്ധികൾക്ക് പരിഹാരമാകും വിധം വിദ്യാഭ്യാസ പ്രക്രിയ നിറവേറ്റാനാകും എന്നാണ് പരിചിന്തനം നടത്തുക. കൂടാതെ പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗം വഴി പ0ന സാഹചര്യങ്ങൾ നിഷേധിക്കപ്പെടുന്ന സ്ഥലങ്ങളിലും കുട്ടികളിലേക്കും എത്തപ്പെടാനുള്ള മാർഗ്ഗങ്ങളും, വളർന്നു വരുന്ന സാമ്പത്തിക അസമത്വങ്ങളും, അനിയന്ത്രിതമായ പരിസ്ഥിതി മാറ്റങ്ങളും അവയ്ക്കെതിരെ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളും കൂടി സംവാദങ്ങളിൽ ഉൾപ്പെടും.
ആഗോള വിദ്യാഭ്യാസ ഉടമ്പടി, എല്ലാവരുടേയും താലന്തുകളെ മൂലധനമാക്കി, യുവാക്കളിൽ നിന്ന് തുടങ്ങി, മനുഷ്യനെ കേന്ദ്ര ബിന്ദുവാക്കി മനുഷ്യകുലത്തിന്‍റെ നന്മയ്ക്കായി ബോധവൽക്കരിക്കാനും, ഉത്തരവാദിത്വവൽക്കരിക്കാനും വേണ്ടിയാണ്. ഇതിനായി മനുഷ്യ ബന്ധങ്ങളുടെ പരസ്പര പങ്കുവയ്പ്പിന്‍റെ ശൃംഖല രൂപീകരിക്കുകയും സാഹോദര്യം വഴി വിവേചനങ്ങൾ തുടച്ചു മാറ്റാനുതകുന്ന മാർഗ്ഗങ്ങൾ തേടുകയുമാണ് ചെയ്യേണ്ടത്.