തിരയുക

Coronavirus in China Coronavirus in China  

ചൈനയിലെ രോഗഗ്രസ്ഥരെ പാപ്പാ ഫ്രാന്‍സിസ് അനുസ്മരിച്ചു

ചൈനയിലെ രോഗഗ്രസ്ഥരായ ജനങ്ങള്‍ക്കുവേണ്ടിയും, സിറിയയിലെ പീഡിതരായ ജനതയ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. പ്രാര്‍ത്ഥനാഭ്യര്‍ത്ഥന
ഫെബ്രുവരി 12-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച  പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തന്നെ ശ്രവിക്കാന്‍ എത്തിയ ആയിരങ്ങളോടും, മാധ്യമങ്ങളിലൂടെ തന്നെ ശ്രവിക്കുകയും കാണുകയുംചെയ്യുന്ന ലോകത്തോടുമായി സിറിയയിലെയും ചൈനയിലെയും ജനങ്ങള്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്.

2. സിറിയയിലെ പീഡിതര്‍ക്കുവേണ്ടി
മദ്ധ്യപൂര്‍വ്വദേശ രാജ്യമായ സിറിയയില്‍ ഇന്നും കൊടുംമ്പിരിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്‍റെ ഭീതിയില്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ നാടും, വീടും, സ്വന്തമായിട്ടുള്ളതെല്ലാം ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി രക്തക്കറ പുരണ്ട കുരുതിക്കളമാണ് സിറിയ.  സിറിയന്‍ ജനതയ്ക്കുവേണ്ടി അതിനാല്‍ തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

3. അജ്ഞാതരോഗത്തിന്‍റെ പിടിയില്‍ അമര്‍ന്ന
ചൈനയിലെ ജനങ്ങള്‍ക്കുവേണ്ടിയും

ചൈനയില്‍ വൈറസ് പകര്‍ച്ചവ്യാധി പിടിപെട്ടവര്‍ ആയിരങ്ങളാണ്. ക്രൂരവും അജ്ഞാതവുമായ രോഗത്തിന്‍റെ പിടിയില്‍ അമര്‍ന്നരിക്കുന്ന ചൈനയിലെ സഹോദരീ സഹോദരന്മാര്‍ക്കുവേണ്ടിയും, അവരില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. ഈ രോഗത്തിന്‍റെ പിടിയില്‍നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ എത്രയും വേഗം കണ്ടുപിടിക്കാന്‍ ഇടയാകുന്നതിനായി അപേക്ഷിക്കണമെന്നും പൊതുകൂടിക്കാഴ്ച വേദിയില്‍ പാപ്പാ ഫ്രാന്‍സിസ് എല്ലാവരോടുമായി അഭ്യര്‍ത്ഥിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 February 2020, 15:57