തിരയുക

Vatican News
POPE-GENERALAUDIENCE/ പൊതുകൂടിക്കാഴ്ചാ വേദിയില്‍നിന്ന് 22-01-2020 

ആതിഥ്യം ക്രൈസ്തവികതയുടെ അടയാളമാവണം!

ജനുവരി 22-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച രണ്ടു സന്ദേശങ്ങളും ആതിഥ്യത്തെക്കുറിച്ചായിരുന്നു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. രണ്ടു ട്വിറ്റര്‍ സന്ദേശങ്ങള്‍
ക്രൈസ്തവൈക്യവാരത്തെക്കുറിച്ച്

ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പ്രതിപാദിച്ച ചിന്തയാണ് പാപ്പാ തന്‍റെ സാമൂഹ്യശ്രൃംഖലാ സംവാദകരുമായി പങ്കുവച്ചത്.

ആദ്യസന്ദേശം :
“ഈ വര്‍ഷം ക്രൈസ്തവൈക്യവാരം ആതിഥ്യം എന്ന വിഷയത്തിന്‍റെ പഠനത്തിനും ധ്യാനത്തിനുമായി സമര്‍പ്പിതമാണ്.” #GeneralAudience

രണ്ടാമത്തെ സന്ദേശം :
“സമൂഹത്തില്‍ നാം നല്കുന്ന ആതിഥ്യം പ്രത്യേകമായി ഏറ്റവും അധികം പാവങ്ങളും വ്രണിതാക്കളായ സഹോദരങ്ങള്‍ക്ക് നല്കുകയാണെങ്കില്‍ അതു നമ്മെ കൂടുതല്‍ മനുഷ്യത്വമുള്ളവരും, നല്ല ക്രിസ്തുശിഷ്യരും, കൂടുതല്‍ ഐക്യമുള്ള ക്രൈസ്തവരുമാക്കി മാറ്റും.” #General Audience
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശങ്ങള്‍  പങ്കുവച്ചു.

2. ക്രൈസ്തവൈക്യവാരം - റോമിലെ സമാപനപരിപാടി
ജനുവരി 18-ന് ആരംഭിച്ച സഭൈക്യവാരം 25- Ɔο തിയതി ശനിയാഴ്ച വിശുദ്ധ പൗലോസ്ലീഹായുടെ മാനസാന്തര തിരുനാളോടെ സമാപിക്കും. അന്നേദിവസം വൈകുന്നേരം പ്രാദേശിക സമയം വൈകുന്നേരം 5.30-ന് റോമന്‍ ചുവരിനു പുറത്തുള്ള പൗലോസ് അപ്പസ്തോലന്‍റെ മഹാദേവാലയത്തില്‍ നടത്തപ്പെടുന്ന സഭൈക്യ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പാപ്പാ ഫ്രാന്‍സിസ് മുഖകാര്‍മ്മികത്വംവഹിക്കും. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഇതര ക്രൈസ്തവസഭകളുടെ തലവന്മാരും പ്രതിനിധികളും പാപ്പായ്ക്കൊപ്പം പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുക്കും.  പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പാപ്പാ  ഫ്രാന്‍സിസ് വചനപ്രഭാഷണം നടത്തും.
ആഗോളതലത്തില്‍ നടത്തപ്പെടുന്ന  സഭൈക്യ  പ്രാര്‍ത്ഥനാ സംരംഭത്തിന്‍റെ 53-Ɔοമത് പ്രാര്‍ത്ഥനാവാരമാണ്  ജനുവരി 25-ന് റോമില്‍ സമാപിക്കുന്നത്.
 

23 January 2020, 09:20