ആയുധങ്ങളും യുദ്ധങ്ങളും പ്രശ്നങ്ങള്‍ക്ക് പരിഹൃതിയല്ല!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കൂടിയാലോചനകളിലും സംഭാഷണത്തിലും വിശ്വാസമര്‍പ്പിക്കേണ്ടതിന്‍റെ അനിവാര്യത ഇറാനിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ച്ബിഷപ്പ് ലെയൊ ബൊക്കാര്‍ദി ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ച (03/01/20) ഇറാക്കിന്‍റെ തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറാനിലെ ഉന്നത സൈനികവിഭാഗമായ ഖുദ്സ് സേനയുടെ മേധാവി ജനറല്‍ ഖാസിം സുലൈമാനി (QASSEM SOLEIMANI) മരിച്ച സംഭവം അമേരിക്കാ ഇറാന്‍ സംഘര്‍ഷം രൂക്ഷമാക്കുമെന്ന ആശങ്ക ലോകമെങ്ങും പരന്നിരിക്കുന്ന പശ്ചാത്തലിത്തിലാണ് ആര്‍ച്ച്ബിഷപ്പ് ബൊക്കാര്‍ദിയുടെ ഈ പ്രതികരണം.
വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം സംഭാഷണത്തിന്‍റെയും കൂടിയാലോചനകളുടെയും പ്രാധാന്യം എടുത്തുകാട്ടിയത്.
ചരിത്രം നമ്മെ പഠിപ്പിക്കുന്നതു പോലെ, യുദ്ധങ്ങളും ആയുധങ്ങളും പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കില്ല എന്ന വസ്തുത ആര്‍ച്ച്ബിഷപ്പ് ബൊക്കാര്‍ദി ചൂണ്ടിക്കാട്ടി.
സംഘര്‍ഷങ്ങള്‍ വെടിഞ്ഞ് നീതിയുടെയും സന്മനസ്സിന്‍റെയും ആയുധങ്ങളേന്തി പരസ്പരം സ്നേഹിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
വര്‍ഷാന്ത്യദിനമായിരുന്ന ചൊവ്വാഴ്ച (31/12/19) ബാഗ്ദാദിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിനു നേര്‍ക്ക് ഇറാന്‍റെ അനുകൂലികള്‍ നടത്തിയ ആക്രമണമാണ് അമേരിക്കയുടെ ഈ പ്രതികാര നടപടിക്ക് കാരണം.
അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് സുലൈമാനിയെ വധിച്ചതെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി.
അമേരിക്കന്‍ നയതന്ത്രജ്ഞരെയും അമേരിക്കന്‍ പൗരന്മാരെയും വധിക്കാന്‍ സുലൈമാനി പദ്ധതിയിട്ടിരുന്നുവെന്ന് പെന്‍റഗണ്‍ വെളിപ്പെടുത്തി.
ജനറല്‍ സുലൈമാനിയും ഖുദ്സ് സേനയും നൂറുകണക്കിന് അമേരിക്കക്കാരുടെ മരണത്തിനിടയാക്കിയിട്ടുണ്ടെന്ന് പെന്‍റഗണ്‍ വൃത്തങ്ങള്‍ പറയുന്നു.
അമേരിക്കയോടുള്ള പ്രതികാരനടപടി കടുത്തതായിരിക്കുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ് അറിയിച്ചു.
ഇറാനില്‍ ത്രിദിന ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
അയത്തൊള്ള അലി ഖമനയ് കഴിഞ്ഞാല്‍ ഇറാനിലെ ഏറ്റവും വലിയ അധികാര കേന്ദ്രമായിരുന്നു ഖാസിം സുലൈമാനി. ഇറാനിലെങ്ങും വീരപരിവേഷമാണ് സുലൈമാനിക്കുള്ളത്