തിരയുക

Vatican News
2020.01.16 Norbert Hofmann sdb Commissario per le relazioni religiose con l'ebraismo 2020.01.16 Norbert Hofmann sdb Commissario per le relazioni religiose con l'ebraismo 

യഹൂദ മതത്തില്‍ ഊന്നിനില്ക്കുന്ന ക്രൈസ്തവികതയുടെ വേരുകള്‍

ഇറ്റലിയും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളും അനുവര്‍ഷം ജനുവരി 17-ന് ആചരിക്കുന്ന “ഹെബ്രായ സമൂഹത്തെ അനുസ്മരിക്കുന്ന ദിനം.”

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. യഹൂദ സഹോദരങ്ങളുമായി
വളര്‍ത്തേണ്ട സാഹോദര്യബന്ധം

യഹൂദരുമായി വളര്‍ത്തേണ്ട സാഹോദര്യബന്ധം ക്രൈസ്തവികതയുടെ വിശ്വാസപരമായ ഹെബ്രായ വേരുകള്‍ വെളിപ്പെടുത്തുമെന്ന് യഹൂദരുമായുള്ള മതാത്മക ബന്ധത്തിനുള്ള (Committe of Religious Relations with Jews) വത്തിക്കാന്‍റെ കമ്മിറ്റിയുടെ പ്രസിഡന്‍റ്, മോണ്‍സീഞ്ഞോര്‍ നോര്‍ബര്‍ട്ട് ഹോഫ്മാന്‍ എസ്.ഡി.ബി പ്രസ്താവിച്ചു. ജനുവരി 17-Ɔο വെള്ളിയാഴ്ച ഇറ്റലിയില്‍ ആചരിക്കുന്ന “യഹൂദര്‍ക്കായുള്ള ദിന”ത്തോട് (Day of Judaism) അനുബന്ധിച്ച് വത്തിക്കാന്‍റെ ദിനപത്രം “ഒസ്സര്‍വത്തോരെ റൊമാനോ” (L’Osservatore Romano) പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലാണ് മോണ്‍സീഞ്ഞോര്‍ ഹോഫ്മാന്‍ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്.

2. യഹൂദമതത്തില്‍ ഊന്നിയ ക്രൈസ്തവികത
ഹെബ്രായ സമൂഹത്തെ അനുസ്മരിക്കാനായി ഒരു ദിനം മാറ്റിവയ്ക്കുന്നതുവഴി വിശ്വാസപരമായി ഹെബ്രായ സമൂഹത്തില്‍ ക്രൈസ്തവര്‍ക്കുള്ള വേരുകളെക്കുറിച്ച് അനുസ്മരിക്കാനുള്ള അവസരമാണ്. മാത്രമല്ല, അവരുമായി സൗഹൃദബന്ധത്തില്‍ ഏര്‍പ്പെടുവാനും, ഓരോ സ്ഥലങ്ങളിലുമുള്ള ഏറെ പുരാതനമായ ഹെബ്രായ സമൂഹങ്ങളുമായി സംവദിക്കുവാനും ഈ ദിനം സഹായിക്കുമെന്ന് മോണ്‍. ഹോഫ്മാന്‍ തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കി. ഇറ്റലിയില്‍ എന്ന പോലെ പോളണ്ട്, ഓസ്ട്രിയ, നെതര്‍ലാന്‍റ് പോലുള്ള രാജ്യങ്ങളിലും “യഹൂദരുടെ ദിനം” ആചരിക്കുന്ന പതിവുണ്ട്. അതാത് സ്ഥലങ്ങളിലെയും സഭാപ്രവിശ്യകളിലെയും മെത്രാന്‍ സംഘങ്ങള്‍ക്കു ഹെബ്രായ സമൂഹങ്ങളുമായുള്ള സംവാദത്തിനായി പ്രത്യേക കമ്മിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

3. ഏകദൈവത്തില്‍ വിശ്വസിക്കുന്നവര്‍
ഏകദൈവത്തില്‍ വിശ്വസിക്കുന്ന ക്രൈസ്തവ, ഹെബ്രായ, ഇസ്ലാം സമൂഹങ്ങള്‍ തമ്മില്‍ പങ്കുവയ്ക്കാന്‍ പൊതുവായ മൂല്യങ്ങളും, പാരമ്പര്യങ്ങളും ഉണ്ടെന്ന് അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2019-ല്‍ ഇതര മതങ്ങളെ സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖയുടെ (Nostra Aetate) 54-Ɔο വര്‍ഷം അനുസ്മരിക്കവെ ഹെബ്രായ, ഇസ്ലാം, ക്രൈസ്തവ മത പ്രതിനിധികള്‍ വത്തിക്കാനില്‍ സമ്മേളിച്ച് മൂന്നു വിഭാഗങ്ങള്‍ക്കും പൊതുവായി പ്രവര്‍ത്തിക്കാവുന്ന കാരുണ്യവധം, പിന്‍തുണയ്ക്കപ്പെടുന്ന ആത്മഹത്യ, അഭയാര്‍ത്ഥികളുടെ അടിയന്തിരാവശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പൊതുവായൊരു പ്രഖ്യാപനത്തില്‍ മൂന്നു മതനേതാക്കളും ഒപ്പുവച്ചത് മോണ്‍സീഞ്ഞോര്‍ ഹോഫ്മാന്‍ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

4. ജീവന്‍റെ മൂല്യത്തില്‍ വിശ്വസിക്കുന്നവര്‍
ജീവന്‍ ദൈവത്തിന്‍റെ ദാനമായി മൂന്നു മതങ്ങളും അംഗീകരിക്കുകയും, അത് മനുഷ്യന്‍റെ കൗശലപൂര്‍വ്വമായ ഇടപെടലുകള്‍ക്ക് വിധേയമാക്കേണ്ടതല്ലെന്ന സത്യം ഈ മതങ്ങളുടെ വിശ്വാസസംബന്ധിയായതും പൊതുവുമായ മൂല്യമാണ്. അങ്ങനെ ജീവന്‍റെ സംരക്ഷണത്തെക്കുറിച്ചെന്ന പോലെതന്നെ, ജീവന്‍റെ അന്ത്യത്തെക്കുറിച്ചും പൂര്‍വ്വപിതാവായ അബ്രാഹമില്‍ ഉല്പത്തിയുള്ള ഏകദൈവത്തില്‍ വിശ്വസിക്കുന്ന ഈ മതങ്ങളുടെ ധാരണയാണ്. യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും പൊതുവായൊരു പൈതൃകമുണ്ടെന്ന കാര്യം ചരിത്രത്തില്‍ ആദ്യമായി ചൂണ്ടിക്കാട്ടിയത്, ഇതര മതങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രമാണരേഖയാണ് (Nostra Aetate, 4). അതുകൊണ്ടുതന്നെ ഈ മതങ്ങള്‍ തമ്മില്‍ സംവാദവും സ്നേഹവും സൗഹൃദവും വളര്‍ത്താന്‍ ക്രിയാത്മകമായ കാര്യങ്ങള്‍ ആസൂത്രണംചെയ്യേണ്ടതാണെന്ന് സഭയുടെ ആധുനിക കാലത്തെ കൗണ്‍സില്‍ പ്രമാണരേഖയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

5. പഴയതില്‍  ഉല്പത്തിയെടുത്ത  പത്തുകല്പനകള്‍
ഹെബ്രായരും ക്രൈസ്തവരും തമ്മിലുള്ള പൊതുവായ വിശ്വാസമൂല്യത്തിന്‍റെ ഉദാഹരണമായി മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ ചൂണ്ടിക്കാട്ടുന്നത് പഴയനിയമത്തിലും പുതിയ നിയമത്തിലും ഒരുപോലെ പ്രതിപാദിക്കപ്പെടുന്ന ദൈവത്തിന്‍റെ 10 കല്പനകളാണ്. ഹെബ്രായരും ക്രൈസ്തവരും ഒരുപോലെ അംഗീകരിക്കുന്ന ബൈബിളിലെ പുറപ്പാടുഗ്രന്ഥം (Exodus) അതിന് തെളിവായി നില്ക്കുന്നു. ദൈവം ആദ്യം ഇസ്രായേലിനു വെളിപ്പെടുത്തിയത് മോശയിലൂടെ കല്പനകള്‍ നല്കിക്കൊണ്ടാണ്. അങ്ങനെ മതങ്ങള്‍ തമ്മില്‍ സൗഹൃദവും മൂല്യാധിഷ്ഠിതവുമായ ബന്ധങ്ങളും പരസ്പര ധാരണയും, നീതിയുടെയും സമാധാനത്തിന്‍റെയും വഴികളും ലോകത്ത് വളര്‍ത്താന്‍ സഹായകമാകുമെന്ന് മോണ്‍സീഞ്ഞോര്‍ ഹോഫ്മാന്‍ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
 

16 January 2020, 18:45