തിരയുക

Vatican News
Lago dei cigni di Benjamin Pech al Teatro dell'Opera di Roma Lago dei cigni di Benjamin Pech al Teatro dell'Opera di Roma  (ANSA)

മനുഷ്യഹൃദയങ്ങളുടെ ആശയാണ് സമാധാനം

വത്തിക്കാനിലേയ്ക്കുള്ള വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍ക്കു നല്കിയ സന്ദേശം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഡിസംബര്‍ 19-Ɔο തിയതി വ്യാഴാഴ്ച സീഷേല്‍സ്, മാലി, അന്തോറാ, കേന്യാ, ലെത്തോണിയ, നൈജര്‍ എന്നീ രാജ്യങ്ങളിലെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതികളുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സമാധാനത്തിന് അനുരഞ്ജനം ആവശ്യം
സമാധാന രാജാവെന്ന് വിശേഷിപ്പിക്കുന്ന ക്രിസ്തുവിന്‍റെ പിറവിത്തിരുനാളിന് ഒരുങ്ങുന്നതിന് ഇടയിലാണ് ഈ കൂടിക്കാഴ്ചയെന്ന കാര്യം സൂചിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ആരംഭിച്ചത്. സംവാദവും, അനുരഞ്ജനവും പാരിസ്ഥിതിക പരിവര്‍ത്തനവും ആവശ്യമായി വരുന്ന പ്രത്യാശയുടെ യാത്രയാണ് സമാധാനം. ആഭ്യന്തരവും രാജ്യാന്തരവും, പ്രാദേശികവുമായ സംഘട്ടനങ്ങളും, സാമൂഹിക വിഭിന്നതകളും, അസമത്വവുമുള്ള ലോകത്ത് വ്യക്തികള്‍ക്കിടയിലും സമൂഹങ്ങളില്‍ക്കിടയിലും സാഹോദര്യവും ഐക്യദാര്‍ഢ്യവും വളര്‍ത്തേണ്ടത് ആവശ്യമാണെന്ന നിര്‍ബന്ധത്തോടെ, സത്യത്തിലും ആത്മാര്‍ത്ഥതയിലും അധിസ്ഥിതമായ ഒരു സംവാദത്തിന്‍റെ പാതയിലൂടെ സമാധാനത്തിനായി പരിശ്രമിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

അനുരഞ്ജിതരാകാനുള്ള തുറവ്
ഓരോ അംബാസിഡറിന്‍റെയും സാന്നിദ്ധ്യം പരിശുദ്ധ സിംഹാസനവുമായുള്ള ബന്ധത്തില്‍ ‍പരിമിതപ്പെടുത്താതെ, സമൂഹത്തില്‍ കൂടുതല്‍ നീതിയും സമാധാനവും വളര്‍ത്താനും, മനുഷ്യാന്തസ്സ് എവിടെയും മാനിക്കപ്പെടാനും പരിപോഷിപ്പിക്കാനും പരിശ്രമിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. സമാധാനവഴി തുടങ്ങേണ്ടത് അനുരഞ്ജനത്തിനുള്ള തുറവോടെയാണ്. അതിനായി നമ്മുടെ ആധിപത്യത്തിന്‍റെയും മേല്‍ക്കോയ്മയുടെയും രീതികള്‍ വെടിഞ്ഞ്, പരസ്പരം ദൈവമക്കളും സഹോദരങ്ങളുമാണെന്ന കരുതലോടെ ഇടപഴകണമെന്ന് വത്തിക്കാനിലേയ്ക്ക് എത്തിയ അംബാസിഡര്‍മാരോട് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.

ഔദ്യോഗികമായ സ്വാഗതം
പ്രഭാഷണാനന്തരം അംബാസിഡര്‍മാര്‍ ഓരോരുത്തരുടെയും സ്ഥാനിക പത്രികള്‍ പരിശോധിച്ച് വത്തിക്കാനിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഔദ്യോഗികമായി സ്വാഗതംചെയ്തു.
 

19 December 2019, 19:02