തിരയുക

Pope Francis' Angelus prayer Pope Francis' Angelus prayer 

വിശുദ്ധ യൗസേപ്പ് സകലരെയും ക്രിസ്തുവിലേയ്ക്ക് നയിക്കട്ടെ!

ആഗമനകാലത്തെ 4-Ɔο വാരം ഞായറാഴ്ച - ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ആശംസകളും അഭിവാദ്യങ്ങളും

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഡിസംബര്‍ 22-Ɔο തിയതി ആഗമനകാലത്തിലെ 4-Ɔο വാരം ഞായറാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച ത്രികാലപ്രാര്‍ത്ഥന പരിപാടിയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് എല്ലാവരെയും അനുമോദിക്കുകയും പ്രാത്ഥനയോടെ ആശംസകള്‍ നേരുകയും ചെയ്തു.

റോമാക്കാരും അന്യദേശക്കാരുമായ
സന്ദര്‍ശകരും തീര്‍ത്ഥാടകരും

ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന റോമാക്കാരും അന്യദേശക്കാരുമായ എല്ലാ സന്ദര്‍ശകരെയും തീര്‍ത്ഥാടകരെയും പാപ്പാ ആദ്യം അഭിവാദ്യം ചെയ്തു. അന്തരീക്ഷ മലിനീകരണത്തില്‍ വിഷമിക്കുന്ന ഇറ്റലിക്കാരായ ജനങ്ങളുടെ വലിയൊരു പ്രതിനിധി സംഘം ചത്വരത്തില്‍ തന്‍റെ മുന്നില്‍ സമ്മേളിച്ചിട്ടുള്ളത് പാപ്പാ എടുത്തു പറയുകയും, അവരോട് സഹാനുഭാവം പ്രകടിപ്പിക്കുകയുംചെയ്തു. ന്യായമായതും, ശുചിത്വപൂര്‍ണ്ണവും അന്തസ്സുള്ളതുമായ ഒരു ജീവിതപരിസരം അവരുടെ അവകാശമാണെന്നും, അതിനുള്ള പരിശ്രമത്തെ പിന്‍താങ്ങുന്നതായും പാപ്പാ പ്രസ്താവിച്ചു.

ക്രിസ്തുമസ് കുടുംബങ്ങളെ
കൂട്ടായ്മയിലേയ്ക്കു നയിക്കട്ടെ!

ക്രിസ്തുമസ്സിന്‍റെ ഉമ്മറപ്പടിയില്‍ എത്തിനില്കുമ്പോള്‍, തന്‍റെ ചിന്തകള്‍ കുടുംബളിലേയ്ക്കാണ് പോകുന്നതെന്ന് പാപ്പാ പറഞ്ഞു. കുടുംബങ്ങളില്‍നിന്നും, മാതാപിതാക്കളില്‍നിന്നും അകന്നു ജീവിക്കുന്ന മക്കള്‍ വീടുകളില്‍ തിരികെ ചെന്ന്, എല്ലാവര്‍ക്കുമൊപ്പം കുടുംബമായി ഈ മഹോത്സവം ആഘോഷിക്കാന്‍ ഇടയാവട്ടെയെന്ന് ആശംസിച്ചു. ക്രിസ്തുമസ്സ് സകലര്‍ക്കും സാഹോദര്യത്തിനും, വിശ്വാസ വളര്‍ച്ചയ്ക്കും, കൂട്ടായ്മയ്മക്കും, എളിയവരോടുള്ള സഹാനുഭാവത്തിനും അവസരമാവട്ടെ! ക്രിസ്തുമസ്സിലേയ്ക്കും ക്രിസ്തുവിലേയ്ക്കുള്ള യാത്രയില്‍ വിശുദ്ധയൗസേപ്പിതാവും ഏവരെയും തുണയ്ക്കട്ടെ!

നല്ലദിനത്തിന്‍റെ ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്നു താഴ്മയോടെ അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് വാക്കുകള്‍ ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 December 2019, 15:34