തിരയുക

Vatican News
Papa in the study room ( a file photo ) Papa in the study room ( a file photo ) 

ഒരിക്കലും അസ്തമിക്കാത്ത പാവങ്ങളുടെ പ്രത്യാശ

നവംബര്‍ 17-Ɔο തിയതി ഞായറാഴ്ച ആചരിക്കുന്ന “പാവങ്ങളുടെ ആഗോളദിന”ത്തിനായി (World Day of the Poor) പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സന്ദേശം – പൂര്‍ണ്ണരൂപം.

പരിഭാഷ  : ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ആമുഖം
“പാവങ്ങളുടെ പ്രത്യാശ എന്നേയ്ക്കുമായി അസ്തമിക്കുകയില്ല,” എന്ന സങ്കീര്‍ത്തകന്‍റെ ചിന്തകളുടെ ചുവടുപിടിച്ചാണ് പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം ആവിഷ്ക്കരിച്ചിരിക്കുന്നത് (സങ്കീ. 9, 19). ലോകത്ത് ഇന്ന് ബഹുഭൂരിപക്ഷമുള്ള പാവങ്ങളെ കൈവെടിയരുതെന്നുള്ള ഏറെ പ്രബോധനപരമായ ചിന്തയാണ് സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍ പാപ്പാ ഫ്രാന്‍സിസ് നമുക്കു നല്കുന്നത്. അവര്‍ അനുഭവിക്കുന്ന  നൈതികമല്ലാത്തതും , വേദനാജനകവുമായ ജീവതത്തിന്‍റെ അനിശ്ചിതത്ത്വങ്ങള്‍ക്ക് എതിരെ പ്രത്യാശയുടെ വാക്കുകളാണ് ഈ ദിനത്തില്‍ പാപ്പാ പ്രബോധിപ്പിക്കുന്നത്.

2. സങ്കീര്‍ത്തന വരികളിലെ പാവപ്പെട്ടവര്‍
പാവങ്ങളുടെ യാതനകള്‍ നിരവധിയാണ്. അവരെ പീഡിപ്പിക്കുന്നവരുടെ ദാര്‍ഷ്ട്യം വലുതാണെന്ന് സങ്കീര്‍ത്തകന്‍ പറയുന്നുണ്ട്. അധര്‍മ്മത്തെ മറികടന്ന് നീതി പുനര്‍സ്ഥാപിക്കണമെന്നും പ്രാര്‍ത്ഥിക്കുന്നു (സങ്കീ. 10, 1-10, 14-15). എന്തുകൊണ്ടാണ് അധര്‍മ്മികള്‍ പാവങ്ങളുടെ യാതനകളില്‍ സന്തുഷ്ടരായി നില്ക്കുന്നതെന്ന് നാം ചോദിച്ചേക്കാം!

3. സാമ്പത്തിക അസമത്വം
ഇസ്രായേലിന്‍റെ പുരോഗതിയുടെ കാലത്തെങ്കിലും ഏറെ സാമ്പത്തിക അസമത്വം നിലവിലുള്ളപ്പോഴാണ് സങ്കീര്‍ത്തനം രചിക്കപ്പെട്ടതെന്നത് ചരിത്രമാണ്. സമ്പത്തിന്‍റെ അന്യായമായ വിതരണമാണ് പാവങ്ങളുടെ എണ്ണത്തെ ഇത്രയേറെ പെരുപ്പിച്ചത്. അതിനാല്‍ സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്ന ദാരിദ്ര്യത്തിന്‍റെ ചിത്രം വളരെ യാഥാര്‍ത്ഥ്യ ഭാവമുള്ളതാണ്. അഹങ്കാരികളും ദൈവഭയമില്ലാത്തവരും പാവങ്ങളെ എക്കാലത്തും വേട്ടയാടിയിരുന്നു. അവരുടെ പക്കലുള്ള കുറച്ചുപോലും വെട്ടിപ്പിടിച്ച് അവരെ ഇല്ലായ്മയുടെ പടുകുഴിയില്‍ തള്ളിയിരുന്നു. ഇന്നിന്‍റെ ചുറ്റുപാടും അത്ര വ്യത്യസ്തമൊന്നുമല്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സാമ്പത്തിക പ്രതിസന്ധി ആഗോളതലത്തില്‍ ഇന്നും നിലനില്ക്കുമ്പോഴും സമ്പത്തുള്ളവര്‍ പിന്നെയും പിന്നെയും അതു വാരിക്കൂട്ടുകയാണ്. അതിനാല്‍ ഇന്നും ഇരുപക്ഷവും തമ്മിലുള്ള വിടവ് നികത്താനാവത്തതുപോലെ ഭീമമായി നിലകൊള്ളുകയാണ്. അതുകൊണ്ടാണ് നമുക്കു ചുറ്റുമുള്ള, നഗരങ്ങളിലും തെരുവുകളിലും ഇന്നും പാവങ്ങളെ ധാരാളമായി കാണുന്നത്. അവര്‍ ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാത്തവരാണ്. വെളിപാടു ഗ്രന്ഥം നമുക്കു താക്കീതു നല്കുന്നത് ഇപ്രകാരമാണ്. “ഞാന്‍ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍ നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനും ആണെന്ന് നീ അറിയുന്നില്ല” (വെളിപാട് 3, 17). നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം ഭൂമിയില്‍ നിലനില്ക്കുന്നത് സാമൂഹികമായൊരു സ്ഥായീഭാവം പോലെയാണ്. ചരിത്രം നമ്മെ യാതൊന്നും പഠിപ്പിക്കാത്തതു പോലെയുമാണത്.

4. പുതിയ അടിമത്തവും കുടിയേറ്റ പ്രതിഭാസവും 
ഇന്ന് ലക്ഷോപലക്ഷം പാവങ്ങളെ – കുഞ്ഞുങ്ങളെയും സ്ത്രീകളെയും യുവജനങ്ങളെയും ബന്ധനത്തിലാഴ്ത്തുന്ന അടിമത്വത്തിന്‍റെ നവമായ രൂപങ്ങളാണ് തലപൊക്കിയിരിക്കുന്നത്.  സ്വന്തം നാടും വീടും വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരാകുന്ന എത്രയോ കുടുംബങ്ങള്‍. ചൂഷണങ്ങളാല്‍ അനാഥരാക്കപ്പെട്ട എത്രയോ കുഞ്ഞുങ്ങള്‍! സാങ്കേതിക പരിജ്ഞാനമുണ്ടെങ്കിലും ദീര്‍ഘവീക്ഷണമില്ലാത്ത സാമ്പത്തിക വ്യവസ്ഥിതികള്‍ മൂലം തൊഴിലാല്ലായ്മയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന യുവതീയുവാക്കള്‍, വേശ്യാവൃത്തി മുതല്‍ മയക്കുമരുന്നു കച്ചവടംവരെ ഏറെ ശോച്യമായ അവസ്ഥയിലേയ്ക്ക് തരംതാഴ്ത്തപ്പെടുന്നവര്‍, കൂടാതെ ഇന്നിന്‍റെ  കുടിയേറ്റപ്രതിഭാസം വച്ചുനീട്ടുന്ന കെണിയില്‍ ഇരകളാകുന്ന പതിനായിരങ്ങളും ഇന്നത്തെ ദാരിദ്ര്യാവസ്ഥയുടെ ഭാഗമാണ്. പലപ്പോഴും രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് ഇരകളാക്കപ്പെടുകയും വിവേചിക്കപ്പെടുവും ഐക്യദാര്‍ഢ്യവും സാഹാനുഭാവവും നഷ്ടപ്പെട്ട മനുഷ്യകുലത്തിന്‍റെ ഒരു വകഭേദമായി ഭൂമിയില്‍ അലയുന്നവരും പാവങ്ങളാണ്. അവര്‍ ബഹിഷ്കൃതരും ഭവന രഹിതരുമായി യാതൊരു സുരക്ഷിതത്ത്വവുമില്ലാതെ നഗരങ്ങളില്‍ അലയേണ്ടിവരുന്നു!

കുപ്പകളില്‍ ഒരു നേരത്തെ ആഹാരത്തിനായും ഉടുവസ്ത്രത്തിനായും ചികയുന്ന പാവങ്ങളുടെ ദൃശ്യങ്ങള്‍ ഇന്നും ഒരിടത്തും പുത്തിരിയല്ല. യാതൊരു മനസ്സാക്ഷിയുമില്ലാതെ കാരണക്കാരായവര്‍ തന്നെ പാവങ്ങളെ ഈ കുപ്പയുടെ ഭാഗമായും കാണുന്നു. സമൂഹത്തിന്‍റെ ‘പരാന്നജീവികളായി’ ഇവരെ കാണുന്നതുകൊണ്ട് പാവങ്ങളോട് സമൂഹം ഒരു ദാക്ഷിണ്യവും കാട്ടാറില്ലെന്നതാണ് സത്യം. പാവങ്ങളായതിനാല്‍ അവര്‍ ഉപയോഗമില്ലാത്തവരും സാമൂഹ്യ ദ്രോഹികളായും പരിഗണിക്കപ്പെടുന്നു.

5. എവിടെയും പരിത്യക്തരാകുന്ന പാവങ്ങള്‍
എന്നിരുന്നാലും കൊടും ദാരിദ്ര്യത്തിന്‍റെ തുരങ്കത്തിന് ഒരറുതിയും ഇല്ലെന്നതാണ് സത്യം. എന്നിട്ടും അവരോടു നിഷേധാത്മകമായ ഒരു നിലപാടും, കഴിയുന്നത്ര അവര്‍ എവിടെയായിരുന്നാലും, തങ്ങള്‍ക്കൊരിടം എന്നു വിചാരിച്ചിരുന്ന തെരുവുകളില്‍നിന്നുപോലും അവര്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വികസന സംവിധാനമാണ് സമൂഹം മെനഞ്ഞെടുക്കുന്നത്. നഗരത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ഒരു തൊഴിലോ, പാര്‍ക്കുവാന്‍ ഒരിടമോ, സ്നേഹമുള്ളൊരു വാക്കോ എവിടെയെങ്കിലും ലഭിക്കുമെന്ന പ്രത്യാശയില്‍ അവര്‍ പരതിനടക്കുന്നു. ഒരു ചെറിയ വാഗ്ദാനംപോലും അവര്‍ക്ക് പ്രത്യാശയുടെ കിരണമാണ്. എന്നാല്‍ നീതി പ്രതീക്ഷിക്കുന്നിടത്ത് അതിക്രമവും പീഡനങ്ങളുമാണ് അവര്‍ക്കു ലഭിക്കുന്നത്. പൊരി വെയിലില്‍ പഴം പറിക്കുന്ന പണിക്കുപോയാല്‍ അവസാനം ലഭിക്കുന്നത് തുച്ഛമായ വേതനം മാത്രമാണ്, വിശപ്പടക്കാന്‍ രണ്ടുപഴം പോലും ലഭിക്കുകയില്ല. സുരക്ഷിതമല്ലാത്ത ഇടങ്ങളിലും, മനുഷ്യത്വമില്ലാത്ത സാഹചര്യങ്ങളിലും മറ്റുള്ളവരെപ്പോലെ വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ സൗകര്യമില്ലാതെയാണ് ഈ പാവങ്ങള്‍ ജോലിചെയ്യേണ്ടിവരുന്നത്. തൊഴില്‍ രഹിതര്‍ക്കു സര്‍ക്കാര്‍ നല്കുന്ന സഹായമോ, വിഹിതമോ ആനുകൂല്യങ്ങളോ, എന്തിന് രോഗം പിടിപെട്ടാല്‍ മരുന്നിനുള്ള വകയും ഇവര്‍ക്കു ലഭിക്കുന്നില്ല.

6. പാവങ്ങളുടെ അജ്ഞാത ലോകം
പാവങ്ങളെ ചൂഷണംചെയ്യുന്ന ധനാഢ്യരുടെ ചിത്രം സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്നു. “പാവങ്ങളെ പിടിക്കാന്‍ അവന്‍ സിംഹത്തെപ്പോലെ പതിയിരിക്കുന്നു. പാവങ്ങളെ വലയില്‍ കുടുക്കി അവന്‍ പിടിയിലമര്‍ത്തുന്നു.” (സങ്കീര്‍. 10, 9). ഇതിന്‍റെ ഫലമായി അവര്‍ നിരാശരാവുകയും, എല്ലാം ഇട്ടിട്ടുപോവുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ ചുറ്റുപാടുകളില്‍ എത്രയോ പാവപ്പെട്ടവരാണ് ഇങ്ങനെ പരിത്യക്തരാക്കപ്പെടുകയും പാര്‍ശ്വവത്ക്കരിക്കപ്പെടുകയും ചെയ്യുന്നത്. അങ്ങനെയാണ് പാവങ്ങള്‍ സമൂഹത്തില്‍ അപ്രത്യക്ഷ്യമാകുന്നത്. പിന്നെ അവരുടെ ശബ്ദം സമൂഹം കേള്‍ക്കുകയോ, സമൂഹത്തില്‍ കേള്‍ക്കപ്പെടുകയോ ചെയ്യുന്നില്ല. അങ്ങനെ പാവങ്ങളായ ഈ മനുഷ്യര്‍ അപരിചിതരുടെയും, അജ്ഞാതനാമകരുടെയും മഹാസംഘത്തിലേയ്ക്കു വലിച്ചെറിയപ്പെടുന്നു.

7. സങ്കീര്‍ത്തകന്‍ പാടുന്ന “ദൈവത്തില്‍ ശരണപ്പെടുന്നവര്‍”
പാവങ്ങള്‍ അനുഭവിക്കുന്ന അനീതിയുടെയും വേദനയുടെയും നിരാശയുടെയും ശോകച്ഛായ അണിയുകയാണ് സങ്കീര്‍ത്തന വരികള്‍. എന്നാല്‍ “അവര്‍ ദൈവത്തില്‍ ശരണപ്പെടുന്നവര്‍” എന്നൊരു നിര്‍വ്വചനം പാവങ്ങള്‍ക്കു നല്കുന്നത് സങ്കീര്‍ത്തകനാണ്.   അവരെ ദൈവം ഒരിക്കലും കൈവിടുകയില്ല എന്ന പ്രത്യാശ പകരുന്നതും സങ്കീര്‍ത്തകന്‍ തന്നെ (സങ്കീര്‍. 10). തിരുവചനത്തില്‍ പാവങ്ങളാണ് ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നവര്‍. അതിനാല്‍ അവര്‍ ഒരിക്കലും പരിത്യക്തരാകുന്നില്ല. അവരുടെ ഈ പതറാത്ത പ്രത്യാശയ്ക്കു കാരണവുമുണ്ട്. കാരണം, അവര്‍ ദൈവത്തെ അറിയുന്നു (സങ്കീര്‍ത്തം 10). ബൈബിളിന്‍റെ ഭാഷയില്‍ ഈ അറിവിനു കാരണം, അവര്‍ക്ക് ദൈവത്തോടുള്ള വാത്സല്യവും സ്നേഹവുമാണ്.

8. ദൈവം കൈവെടിയുകയില്ലെന്നു വിശ്വസിക്കുന്നവര്‍
ബൈബിളില്‍ കാണുന്ന ദൃശ്യങ്ങള്‍ വളരെ ഹൃദ്യവും വശ്യവുമാണ്, കാരണം അവിടുന്നു പാവങ്ങളോട് ഇടപഴകുന്ന രീതിയില്‍ത്തന്നെ ദൈവത്തിന്‍റെ മഹത്വം സങ്കീര്‍ത്തകന്‍ വര്‍ണ്ണിച്ചിരിക്കുന്നു. അവിടുത്തെ സൃഷ്ടിവൈഭവവും ക്രിയാത്മകമായ ശക്തിയും അടങ്ങിയിരിക്കുന്നതും വെളിപ്പെടുന്നതും അവിടുന്നു ഓരോ വ്യക്തിയെയും മാനിക്കുന്നു എന്നുള്ളതിനാലാണ് (10, 13). ദൈവം ഉപേക്ഷിക്കുകയില്ലെന്ന ആത്മവിശ്വാസമാണ് പാവങ്ങള്‍ക്ക് പ്രത്യാശപകരുന്നത്. ദൈവത്തിന് തങ്ങളെ കൈവെടിയാനാവില്ലെന്ന് അറിയാവുന്നതിനാലാണ്, തങ്ങളെ കൈവെടിയാത്ത നാഥനില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു ജീവിക്കുന്നത്. ഇന്നിന്‍റെ യാതനയുടെ അവസ്ഥയില്‍നിന്നും അവരുടെ ഹൃദയങ്ങളെ ദൈവസഹായം രൂപാന്തരപ്പെടുത്തുകയും, കരകയറ്റുകയും, സ്വതന്ത്രരാക്കുകയും ചെയ്യുമെന്ന് പ്രത്യാശയില്‍ അവര്‍ പിന്നെയും മുന്നോട്ടു ചരിക്കുന്നു.

ദൈവം പാവങ്ങള്‍ക്കുവേണ്ടി ഇടപെടുന്നത് നാം തിരുവചനത്തില്‍ ഉടനീളം കാണുന്നു. അവരുടെ കരച്ചില്‍ കേള്‍ക്കുന്നതും, അവരെ സഹായിക്കുന്നതും, അവരുടെ സംരക്ഷകനായി നില്ക്കുന്നതും, പരിപാലിക്കുന്നതും ദൈവമാണ്. ദൈവം അവരുടെ നിലവിളിയോടു നിസ്സംഗതയോ നിശ്ശബ്ദതയോ കാട്ടുന്നില്ല. അവരെ മറക്കാത്തവന്‍, അവര്‍ക്കായി നീതി നടപ്പാക്കിക്കൊടുക്കുന്നു (സങ്കീ. 40, 18, 70, 6). അവര്‍ക്ക് അഭയ കേന്ദ്രമായവന്‍ എന്നും എപ്പോഴും അവരുടെ സഹായത്തിനെത്തുന്നു (സങ്കീ. 10,14).

9. അനീതിക്കെതിരെ പാവങ്ങള്‍ പൊട്ടിത്തെറിക്കും!
ഭിത്തികെട്ടി അതിന്‍റെ സുരക്ഷയിലും സമ്പത്തിലും നാം പാര്‍ക്കുമ്പോഴും പുറത്തുള്ള പാവപ്പെട്ടവര്‍ നമ്മുടെ സഹോദരങ്ങളാണെന്ന് മറന്നുപോകരുത്. കാരണം നമ്മുടെ ഈ അവസ്ഥ എന്നും അങ്ങനെ ആയിരിക്കണമെന്നില്ല. പ്രവാചകന്‍ പറയുന്ന “കര്‍ത്താവിന്‍റെ ദിവസം” (Day of the Lord) ആഗതമാകും. ദൈവം വിഭജനത്തിന്‍റെ ഭിത്തികള്‍ തകര്‍ക്കും, കുറച്ചുപേരുടെ അഹങ്കാരം തകര്‍ത്ത് അവിടുന്നു സകലരുടെയും ഐക്യദാര്‍ഢ്യവും കൂട്ടായ്മയും വളര്‍ത്തും (ആമോ.5, 18.. ഏശ. 2, 5... ജോയേല്‍ 1, 3).. ജനകോടികള്‍ അനുഭവിക്കുന്ന വേദനാജനകമായ പാര്‍ശ്വവത്ക്കരണം നീണ്ടുപോകാന്‍ ദൈവം ഇടയാക്കില്ല. അവരുടെ കരച്ചില്‍ വര്‍ദ്ധിക്കുകയും അത് ലോകം മുഴുവന്‍ വ്യാപിക്കുകയും നിറയുകയുമാണ്.

പാവങ്ങളുടെ സഭ വിഭാവനംചെയ്ത ഇറ്റലിക്കാരന്‍ അജപാലകന്‍, ബസ്സൊളോയിലെ ഫാദര്‍ പ്രീമോയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്, “സഭയുടെയും സമൂഹത്തിന്‍റെയും അനീതിക്കെതിരെ പാവങ്ങള്‍ നിരന്തരമായി പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. പാവങ്ങള്‍ വെടിമരുന്നാണ്. തീ കൊളുത്തിയാല്‍ ഈ ലോകം പൊട്ടിത്തെറിക്കും” (fr Primo Mazzolari).

10. പാവങ്ങള്‍ക്കു സമനായി മാറിയ  ക്രിസ്തു
വിശുദ്ധഗ്രന്ഥം വരച്ചുകാട്ടുന്ന പാവങ്ങളുടെ ചിത്രങ്ങള്‍ നിരവധിയാണ്. തിരുവെഴുത്തുകളില്‍ എവിടെയും പാവങ്ങളിലേയ്ക്കു വിരല്‍ചൂണ്ടുന്നുണ്ട്. കാരണം അവര്‍ മറ്റുള്ളവരെ ആശ്രയിച്ചിരിക്കുന്നു. അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരും, വിനീതരും പരിത്യക്തരുമാണ്. തനിക്കു ചുറ്റും എത്ര വലിയ പുരുഷാരമുണ്ടെങ്കിലും ക്രിസ്തു ഒരിക്കലും പാവങ്ങളെ അവഗണിച്ചില്ല. അവിടുന്ന് അവരോടു തന്നെത്തന്നെ സാരൂപ്യപ്പെടുത്തുവാനും മടിച്ചില്ല. “എന്‍റെ എളിയവര്‍ക്കായി നിങ്ങള്‍ ചെയ്തതെല്ലാം എനിക്കുതന്നെയാണ് നിങ്ങള്‍ ചെയ്തത്” (മത്തായി 25, 40). പാവങ്ങളോടുള്ള ക്രിസ്തുവിന്‍റെ താദാത്മ്യം ക്രൈസ്തവര്‍ മറച്ചുവയ്ക്കുകയാണെങ്കില്‍ സുവിശേഷത്തിന്‍റെ മൗലിക വീക്ഷണത്തെയാണ് നാം നശിപ്പിക്കുന്നത്. അതുവഴി നാം വെളിപാടിന്‍റെ പ്രബോധനങ്ങളെ നേര്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. ക്രിസ്തുവിലൂടെ നമുക്കു വെളിപ്പെട്ടു കിട്ടിയ കരുണയും സ്നേഹവുമുള്ള ദൈവം, തന്‍റെ കൃപയിലും നന്മയിലും ഒരിക്കലും പതറാത്തവനും മാറ്റമില്ലാത്തവനുമായ പിതാവിന്‍റെ പ്രതിരൂപമാണ്. ഭാവിയെക്കുറിച്ചുള്ള ആശങ്കയിലും ആകുലതയിലും കഴിയുന്നവര്‍ക്ക് അവിടുന്ന് പ്രത്യാശയും ആത്മധൈര്യവുമാണ്.

11. അഷ്ടഭാഗ്യങ്ങളിലെ അനുഗൃഹീതര്‍
“ആത്മനാ ദാരിദ്ര്യമുള്ളവര്‍ അനുഗൃഹീതരാകുന്നു,” എന്ന ആമുഖത്തോടെയാണ് ക്രിസ്തുവിന്‍റെ ദൈവരാജ്യ പ്രഘോഷണം ഈ ഭൂമിയില്‍ തുടങ്ങുന്നത് എന്ന കാര്യം നമുക്കെങ്ങിനെ മറക്കാനാകും (ലൂക്കാ 6, 20)? വിരോധാഭാസമെന്നു തോന്നാവുന്ന ഈ സന്ദേശം പഠിപ്പിക്കുന്നത്, ദൈവരാജ്യം പാവങ്ങള്‍ക്കുള്ളതാണെന്നാണ്. മാത്രമല്ല അവര്‍ അതു സ്വീകരിക്കാവുന്ന അവസ്ഥയിലുമാണ്. കാലം കടന്നുപോവുകയാണെങ്കിലും, സംസ്കാരം വര്‍ദ്ധിക്കുകയാണെങ്കിലും പാവങ്ങളുടെ എണ്ണം കുറയുകയല്ല, പെരുകുകയാണ്. അതിനാല്‍ ഭൂമിയില്‍ ദൈവരാജ്യത്തിനു തുടക്കംകുറിച്ച ക്രിസ്തു അതിന്‍റെ കേന്ദ്രസ്ഥാനത്ത് പാവങ്ങളെ പ്രതിഷ്ഠിക്കുകയും, ഈ നിലപാടു മുന്നോട്ടു കൊണ്ടാപോകുവാനും, അവര്‍ക്കു പ്രത്യാശ പകരുവാനുള്ള ഉത്തരവാദിത്ത്വം തന്‍റെ ശിഷ്യന്മാരെ ഏല്പിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രത്യാശയും ആത്മവിശ്വാസവും നമ്മുടെ കാലഘട്ടത്തില്‍ തളര്‍ന്നുപോകുന്നുണ്ടെങ്കിലും, ഒരിക്കലും ക്രൈസ്തവസമൂഹം അതിനെ താഴ്ത്തിക്കെട്ടരുത്. ക്രൈസ്തവികതയുടെയും സുവിശേഷപ്രഘോഷണത്തിന്‍റെയും ജീവിതസാക്ഷ്യവും വിശ്വാസ്യതയും അടങ്ങിയിരിക്കുന്നത് പാവങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായരിക്കും.

12. പാവങ്ങളെ എന്നും പരിപാലിക്കേണ്ട സഭ
രക്ഷയുടെ തീര്‍ത്ഥാടനത്തില്‍ സഭ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഒരു ജനമാണെന്ന ബോധ്യത്തില്‍ സഹയാത്രികരായ പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പരിഗണിക്കേണ്ടതുണ്ട്. പാവങ്ങളെ പുറംജാതികളോ അപരിചിതരോ ആയി കാണാവുന്നതല്ല. അവരുടെ ഇന്നത്തെ അവസ്ഥ നാം മനസ്സിലാക്കുകയാണെങ്കില്‍ ഒരിക്കലും അവരെ ക്രിസ്തുവിന്‍റെ മൗതികശരീരമായ സഭയില്‍നിന്നും അകറ്റി നിര്‍ത്താനാവില്ല. ക്രിസ്തുവിന്‍റെ ശരീരമെന്നോണം വേദനിക്കുന്ന പാവങ്ങളെ നാം പരിചരിക്കുന്നതായിരിക്കും യഥാര്‍ത്ഥമായ സുവിശേഷവത്ക്കരണം. പാവങ്ങളുടെ സമുദ്ധാരണത്തിനായുള്ള സഭയിലെ സാമൂഹിക നീക്കങ്ങളും പ്രവര്‍ത്തനങ്ങളും ഒരിക്കലും സുവിശേഷദൗത്യത്തില്‍നിന്നും വേറിട്ടു കാണാവുന്നതല്ല. മറിച്ച് അത് ക്രിസ്തീയതയുടെ യഥാര്‍ത്ഥ മുഖവും ചരിത്രപരമായ സാധൂകരണവുമായി അംഗീകരിക്കേണ്ടതാണ്. ക്രിസ്തുവിലുള്ള ജീവിതത്തിന് ജീവന്‍ നല്കുന്നത് സാമൂഹിക പ്രതിബദ്ധതയാണ്. അതിനാല്‍ സമൂഹവുമായി വിശിഷ്യാ എളിയവരുമായി ബന്ധമൊന്നും ഇല്ലാതെ ആത്മനിഷ്ഠമായ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും മുഴുകിയും, ചെറിയൊരു ആത്മീയ കൂട്ടായ്മയില്‍ ഒതുങ്ങിയും കഴിഞ്ഞുകൂടുന്നത് ക്രിസ്തീയതയ്ക്ക് ഇണങ്ങിയതല്ല (EG 183).

12. പാവങ്ങളുടെ പ്രേഷിതന്‍ ഷാങ് വെനിയേ 
ആധുനിക കാലത്തെ പാവങ്ങളുടെ പ്രേഷിതനായിരുന്നു ഷാങ്  വെനിയേ (Jean Vanier, Canada 1929-2019). അദ്ദേഹം മരണമടഞ്ഞത് മെയ് 2019-ലാണ്. പട്ടാളത്തിലെ ഉന്നത ജോലിയെല്ലാം ഉപേക്ഷിച്ച്, സമൂഹം പൊതുവെ ഒഴിവാക്കുന്ന പാവങ്ങളുടെ പരിചരണത്തിനും അംഗവൈകല്യമുള്ളവരുടെ സമുദ്ധാരണത്തിനുമായി ഇറങ്ങിത്തിരിച്ച കര്‍മ്മയോഗിയാണ് വെനിയേ!   ക്രിസ്തുസ്നേഹം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്, അത് ഏറ്റവും അര്‍ഹിക്കുന്ന പാവങ്ങളുമായി പങ്കുവയ്ക്കുമ്പോഴാണ്. പാവങ്ങളെ സംബന്ധിച്ച് അവരുടെ ജീവിതപരിസരത്തെ നല്ല അയല്‍ക്കാരനായിരുന്നു ഷീന്‍ വേനിയര്‍. പാവങ്ങള്‍ക്കായുള്ള വേനിയറിന്‍റെ അപാര സമര്‍പ്പണം കണ്ട് അദ്ദേഹത്തിന്‍റെ വഴികളില്‍ ധാരാളം യുവതീയുവാക്കള്‍ പങ്കുചേര്‍ന്നു. അവരും അദ്ദേഹത്തോടൊപ്പം എളിയവരുടെ ശുശ്രൂഷയ്ക്കായി അനുദിനം സമയം കണ്ടെത്തുകയും, വ്രണിതാക്കളായവര്‍ക്ക് സ്നേഹം പകരുകയും, അവരുടെ ജീവിതത്തിന്‍റെ പുഞ്ചിരി വീണ്ടെടുത്തുകൊണ്ട് ഏകാന്തതയും പാര്‍ശ്വവത്ക്കരണവും അനുഭവിച്ചവര്‍ക്ക് രക്ഷയുടെ യഥാര്‍ത്ഥമായ “പേടക”മായി മാറുകയുംചെയ്തു. പാവങ്ങള്‍ക്കായുള്ള വെനിയേയുടെ സാക്ഷ്യം നിരവധി പേരുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാനും, തങ്ങളില്‍ എളിയവരായവരുടെ ലോകത്തെ കൂടുതല്‍ പ്രകാശപൂര്‍ണ്ണമാക്കുവാനും സാധിച്ചു. അങ്ങനെ പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കുവാന്‍ പോരുന്നതും, അവര്‍ക്ക് പതറാത്ത പ്രത്യാശ പകരുന്നതുമായ, ഇന്നും തൊട്ടുനോക്കുവാന്‍ സാധിക്കുന്ന വിധത്തിലുള്ള യഥാര്‍ത്ഥമായ സ്നേഹത്തിന്‍റെ അടയാളങ്ങള്‍ സമൂഹത്തില്‍ ഉയര്‍ന്നുനിന്നു.

13. ജീവിതമേഖലകളെ ആശ്ലേഷിക്കുന്ന
പാവങ്ങളോടുള്ള പ്രതിബദ്ധത

“സമൂഹം തള്ളിക്കളയുന്ന എളിയവരോടുള്ള പ്രതിബദ്ധത” ക്രൈസ്തവ വിളിയുടെ മുന്‍ഗണനയാണ്. അതുവഴി പാവങ്ങള്‍ക്ക് സഭയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്താതെ അവര്‍ക്കു പ്രത്യാശ പകരാന്‍ ക്രൈസ്തവര്‍ക്കു സാധിക്കണം (EG, 195). ക്രിസ്തുവിന്‍റെ സ്നേഹവും കാരണ്യവും പാവങ്ങളായവരുമായി പങ്കുവയ്ക്കാനുള്ള സന്നദ്ധതയിലാണ് സ്നേഹം അതിന്‍റെ യഥാര്‍ത്ഥമായ അര്‍ത്ഥം കണ്ടെത്തുന്നത്. അതുവഴി പാവങ്ങള്‍ സുവിശേഷ പ്രഘോഷണത്തില്‍ ശക്തിപ്പെടുകയും സ്ഥിരപ്പെടുപ്പെടുകയും ചെയ്യാന്‍ ഇടയാകുന്നു. പാവങ്ങള്‍ക്കായുള്ള ആഗോളദിനത്തില്‍ (World Day of the Poor) ക്രൈസ്തവര്‍ക്കുള്ള പങ്കാളിത്തം അവരെ സഹായിക്കുന്ന ചെറിയ ഉദ്യമങ്ങള്‍ക്കുമപ്പുറം, അവരുടെ അനുദിനു ജീവിത മേഖലകളെ ആശ്ലേഷിക്കുന്നതാവണം. ഉപവി പ്രവര്‍ത്തനങ്ങള്‍ എപ്പോഴും പ്രസക്തമാണെങ്കിലും, അതിലും ഉപരിയായി ഏതെങ്കിലും തരത്തിലുള്ള ജീവിത ക്ലേശങ്ങളില്‍പ്പെട്ടവരെക്കുറിച്ചുള്ള അടിയന്തിരവും കൂടുതലായ കരുതലുമാണ് ഇത്തരുണത്തില്‍ അഭികാമ്യം.

14. പാവങ്ങളോടു പ്രകടമാക്കേണ്ട ത്യാഗപൂര്‍ണ്ണമായ സ്നേഹം
പാവങ്ങളുടെ ക്ഷേമത്തിനായുള്ള സ്നേഹപൂര്‍ണ്ണമായ ശ്രദ്ധ യഥാര്‍ത്ഥമായ സേവനത്തിന്‍റെ തുടക്കാണ് (EG, 199). ഉപരിപ്ലവവും ലൗകികവുമായ സുസ്ഥിതി വളര്‍ത്തുന്ന ഇന്നിന്‍റെ ഉപഭോഗസംസ്കാരത്തിന്‍റെയും (consumerism) വലിച്ചെറിയല്‍ സംസ്കാരത്തിന്‍റെയും (waste culture) സാഹചര്യത്തില്‍ ക്രിസ്തുവിലുള്ള പ്രത്യാശയുടെ സാക്ഷികളാകുകയെന്നത് അത്ര എളുപ്പമല്ല. അതിനാല്‍ ദൈവരാജ്യത്തിന്‍റെ സന്ദേശത്തിന് സത്തയും ഓജസ്സും പകര്‍ന്ന് അത് പ്രസക്തമാക്കണമെങ്കില്‍, മൗലികമായവ ജീവിതത്തില്‍ പുനരാവിഷ്ക്കരിക്കുവാന്‍ പോരുന്ന  ഒരു മാനസാന്തരം അല്ലെങ്കില്‍ പരിവര്‍ത്തനം ക്രൈസ്തവ ജീവിതത്തില്‍ അനിവാര്യമാണ്. പാവങ്ങളെ ശുശ്രൂഷിക്കുന്നതില്‍ കുറച്ചു നാളത്തെ താല്പര്യവും ആവേശവും പോര, മറിച്ച് നീണ്ടുനില്ക്കുന്ന നിസ്വാര്‍ത്ഥ സമര്‍പ്പണത്തിലൂടെ മാത്രമേ അവര്‍ക്ക് പ്രത്യാശപകരാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ കുറച്ചു സമയം അവര്‍ക്കുവേണ്ടി മാറ്റിവയ്ക്കുന്നതില്‍ നേടുന്ന ആത്മനിര്‍വൃതികൊണ്ട് പാവങ്ങള്‍ യഥാര്‍ത്ഥമായ പ്രത്യാശയുള്ളവരാകുമെന്ന് ചിന്തിക്കരുത്, മറിച്ച് പ്രതിഫലേച്ഛയില്ലാത്തതും നിസ്വാര്‍ത്ഥവും ത്യാഗപൂര്‍ണ്ണവുമായ സ്നേഹത്തില്‍നിന്നുമാണ് അവര്‍ യഥാര്‍ത്ഥമായ പ്രത്യാശയുള്ളവരാകുന്നത്.

15. പാവങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍
പാവങ്ങള്‍ക്കായുള്ള സമര്‍പ്പണത്തില്‍ മുന്‍ഗണനയോടെ സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കുന്നവരും, അംഗീകാരം ലഭിക്കേണ്ടവരുമായ ധാരാളം പേര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുണ്ട്. അവരുടെ നിശ്ശബ്ദസേവനങ്ങള്‍ നാം കണ്ടില്ലെന്നു നടിക്കരുത്.  പാവപ്പെട്ട ഒരോ സഹോദരിയുടെയും സഹോദരന്‍റെയും യഥാര്‍ത്ഥമായ ആവശ്യം കണ്ടറിയണമെന്ന് ഓര്‍പ്പിക്കുന്നു. അവരുടെ ഭൗതികമായ ആവശ്യങ്ങളില്‍ മാത്രം ശ്രദ്ധിക്കാതെ, അവരുടെ ജീവിത പശ്ചാത്തലം മനസ്സിലാക്കി ആത്മീയ ആവശ്യങ്ങളിലും ശ്രദ്ധപതിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ അവരുടെ ആന്തരിക നന്മ കണ്ടെത്തി, അവരുമായി സത്യസന്ധമായ സംവാദത്തിന്‍റെ പാതയില്‍ മുന്നേറണമെന്നും ഓര്‍പ്പിക്കുന്നു.   ആദര്‍ശപരവും രാഷ്ട്രീയവുമായ ഭിന്നതകള്‍ മാറ്റിവച്ച്, പൊള്ളയായ വാക്കുകളും വാഗ്ദാനങ്ങളും മറന്ന്,  പാവങ്ങളുടെ യഥാര്‍ത്ഥമായ ആവശ്യങ്ങളിലേയ്ക്ക്  തുറന്ന മനസ്സും കരങ്ങളുമായി നമുക്ക് ഇറങ്ങിപ്പുറപ്പെടാം.   “ആത്മീയമായ പരിചരണം ലഭിക്കാത്ത സേവനമാണ് പാവങ്ങള്‍ ഇന്ന് അനുഭവിക്കുന്ന വിവേചനം” (EG, 200).

16. പാവങ്ങള്‍ - നാം കണ്ടുമുട്ടേണ്ട വ്യക്തികള്‍
ചില സമയങ്ങളില്‍ പ്രത്യാശ വീണ്ടെടുക്കാന്‍ നിസ്സാരകാര്യങ്ങള്‍ മതിയാകും. ഒരു നിമിഷം നില്ക്കുക, ശ്രദ്ധിക്കുക, പുഞ്ചിരിക്കുക, അത്രമാത്രം! ഒരു പ്രാവശ്യം വേണമെങ്കില്‍ സ്ഥിതിവിവര കണക്കുകള്‍ മാറ്റിവച്ചാലോ?! കാരണം നമ്മുടെ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് പ്രഘോഷിക്കുവാനുള്ള സ്ഥിതിവിവരക്കണക്കുകളല്ല പാവപ്പെട്ടവര്‍, അവര്‍ കണ്ടുമുട്ടേണ്ട വ്യക്തികളാണ്. പാവങ്ങള്‍ യുവജനങ്ങളായാലും വൃദ്ധരായാലും ഏകാന്തരാണവര്‍. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കൂട്ടായ്മയാണവര്‍. നമ്മുടെ വീടുകളിലേയ്ക്ക് ഒരു നേരത്തെ ആഹാരം പങ്കുവയ്ക്കാന്‍ ക്ഷണിക്കപ്പെടേണ്ടവരാണവര്‍. ഒരു നല്ല വാക്കിനും സൗഹൃദത്തിനുമായി കാത്തരിക്കുന്നവര്‍. പാവങ്ങള്‍ നമ്മുടെ രക്ഷകരാണ്, കാരണം ക്രിസ്തുവിന്‍റെ മുഖകാന്തി ദര്‍ശിക്കാന്‍ അവര്‍ നമ്മെ സഹായിക്കുന്നുണ്ട്.

17. പാവങ്ങളെയും ആശ്ലേഷിക്കുന്ന സാകല്യസംസ്കൃതി
വീണ്ടും, ദാരിദ്ര്യത്തിനും അല്ലലിനും രക്ഷണീയ ശക്തിയുണ്ടെന്നും പറയുന്നത് അയുക്തികമാണെന്നത് ലോകത്തിന്‍റെ കാഴ്ചപ്പാടാണ്. എങ്കിലും പൗലോസ് അപ്പസ്തോലന്‍ പറയുന്നത്, “ലൗകിക മാനദണ്ഡങ്ങള്‍ അനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല, ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്തിമാന്മാരെ  ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും  ഇല്ലായ്മയെത്തന്നെയും ദൈവം തെരഞ്ഞെടുത്തു.  ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത് (1കൊറി. 1, 26-29).  മാനുഷിക കാഴ്ചപ്പാടില്‍ നാം രക്ഷാകര ശക്തി ദര്‍ശിക്കുന്നില്ല. പക്ഷെ, വിശ്വാസത്തിന്‍റെ കണ്ണുകളിലൂടെ നാം അതു പ്രവര്‍ത്തിക്കുന്നതു കാണുകയും, വ്യക്തിപരമായി അത് അനുഭവിച്ചറിയുകയും ചെയ്യുന്നു. ദൈവജനത്തിന്‍റെ തീര്‍ത്ഥാടനഹൃദയത്തില്‍ ആ രക്ഷാകര ശക്തി അനുദിനം സ്പന്ദിക്കുന്നു. അത് ആരെയും ഒഴിവാക്കാതെ എല്ലാവരെയും ആശ്ലേഷിക്കുന്നതും, പാവങ്ങളെ തിരിച്ചറിയുകയും അവരെ സ്നേഹിക്കുകയും ചെയ്യുന്ന തീര്‍ത്ഥാടകരുടെ മാനസാന്തര വഴികളിലെ സ്പന്ദനങ്ങളാണ്.

18. ദൈവം അവരുടെ കര്‍ച്ചില്‍ കേള്‍ക്കും!
തന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവരെയും അന്വേഷിക്കുന്നവരെയും ദൈവം കൈവെടിയുകയില്ല. പാവപ്പെട്ടവരുടെ നിലവിളി അവിടുന്നു മറന്നുപോകില്ല (സങ്കീ. 9, 12). അവരുടെ രോദനങ്ങളെ ശ്രദ്ധിക്കുന്ന കാതുകളാണ് അവിടുത്തേത്. പാവപ്പെട്ടവരുടെ പ്രത്യാശ മാരകമായ സാഹചര്യങ്ങളെപ്പോലും എതിരിടുന്നു. ദൈവം തങ്ങളെ സവിശേഷമായി സ്നേഹിക്കുന്നുണ്ടെന്ന് ആ പാവങ്ങള്‍ക്ക് അറിയാം. ഏതൊരു ഒറ്റപ്പെടുത്തലുകളെയും യാതനകളെയുംകാള്‍ കരുത്തുറ്റതാണിത്. പാവങ്ങളുടെ ദൈവദത്തമായ അന്തസ്സ് അവരില്‍നിന്ന് ആര്‍ക്കും അപഹരിക്കാനാവില്ല. ദൈവം എല്ലാം തിരികെ നല്കുമെന്നുള്ള സുനിശ്ചിത ബോധത്തോടെയാണ് അവര്‍ ജീവിക്കുന്നത്. ഏറ്റവും എളിയവരായ മക്കളോട് നിര്‍മ്മമനായി മുഖം തിരിക്കുന്നവനുമല്ല ദൈവം! അതിന് വിരുദ്ധമായി അവരുടെ കഷ്ടപ്പാടുകളും ദുഃഖങ്ങളും അവിടുന്ന് കാണുന്നു. അവിടുന്ന് അവരുടെ കൈപിടിക്കുന്നു, അവര്‍ക്ക് ശക്തിയും ധൈര്യവും അവിടുന്നു നല്കുന്നു (സങ്കീ. 10, 14). തങ്ങളുടെ രോദനം ദൈവം കേള്‍ക്കുന്നുണ്ടെന്ന ഉത്തമ ബോധ്യമാണ് പാവപ്പെട്ടവരുടെ പ്രത്യാശ. “കര്‍ത്താവേ, എളിയവരുടെ അഭിലാഷം അവിടുന്നു നിറവേറ്റും. അവരുടെ ഹൃദയത്തിനു ധൈര്യംപകരും. അവിടുന്ന് അവര്‍ക്ക് ചെവികൊടുക്കും” (സങ്കീ. 10, 17).

19. പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ട പാവങ്ങളുടെ ആഗോളദിനം
ക്രിസ്തുവിന്‍റെ ശിഷ്യന്മാരും അനുയായികളും യഥാര്‍ത്ഥത്തില്‍ സുവിശേഷപ്രഘോഷകരും സാക്ഷികളുമാകണമെങ്കില്‍ പാവങ്ങളായ സഹോദരങ്ങളില്‍ നാം പ്രത്യാശയുടെ വിത്തു പാകേണ്ടിയിരിക്കുന്നു. ക്രൈസ്തവ സമൂഹങ്ങള്‍ പാവങ്ങള്‍ക്കു പ്രത്യാശയും സമാശ്വാസവും പകരുന്നവരാകണം. പാവങ്ങള്‍ക്കു പിന്‍തുണപകരാന്‍ ലോകത്തുള്ള സകലരെയും ക്ഷണിക്കുന്ന ആഗോളസഭാദ്ധ്യക്ഷനായ പാപ്പാ ഫ്രാന്‍സിസ് തുടക്കമിടുകയും സഭാമക്കളെ അതിന്‍റെ പ്രായോജകരാക്കുകയും ചെയ്യുന്ന ദിനമാണ് “പാവങ്ങളുടെ ആഗോളദിനം”!

20. ഉപസംഹാരം
അനുവര്‍ഷം ആണ്ടുവട്ടം 33-Ɔο വാരം ഞായറാഴ്ച ആചരിക്കുന്ന പാവങ്ങളുടെ ദിനം  ഈ വര്‍ഷം നവംബര്‍ 17-നാണ്. ആഗോളതലത്തില്‍ ഒരു വാരം നീണ്ടുനിലക്കുന്ന ഉപവിപ്രവര്‍ത്തനങ്ങളും കര്‍മ്മപദ്ധതികളുമായി ആചരിക്കണമെന്നാണ് പാപ്പാ ആഹ്വാനംചെയ്തിട്ടുള്ളത്. ഈ ദിനാചരണത്തില്‍ കൂടുതല്‍പേര്‍ ഫലവത്തായി പങ്കെടുക്കണം, അങ്ങനെ ആരും സ്നേഹവും ഐക്യദാര്‍ഢ്യവും പിന്‍തുണയുമില്ലാതെ ഈ ലോകത്തു ജീവിക്കാന്‍ ഇടയാവാതിരിക്കട്ടെ! വിഭിന്നമായൊരു ഭാവി വാഗ്ദാനംചെയ്യുന്ന മലാക്കി പ്രവാചകന്‍റെ വാക്കുകള്‍ നമുക്കു ശ്രവിക്കാം. “അന്നു നിങ്ങള്‍ ഓരോരുത്തരും തങ്ങളുടെ അയല്‍ക്കാരെ മുന്തിരിത്തോപ്പിലേയ്ക്കും അത്തിവൃക്ഷത്തണലിലേയ്ക്കും ക്ഷണിക്കും! സൈന്യങ്ങളുടെ കര്‍ത്താവ് അരുള്‍ചെയ്യുന്നു” (മലാക്കി 3, 20… 4, 2).
 

15 November 2019, 14:58