തിരയുക

Vatican News
2019.11.25 PAPA SCHOLAS GIAPPONE "സ്കോളാസി"ന്‍റെ ജപ്പാനിലെ പുതിയ ​അംഗങ്ങള്‍ക്കൊപ്പം  

പാപ്പാ ഫ്രാന്‍സിസിന്‍റെ “സ്കോളാസ്” ജപ്പാനിലും

പാപ്പാ ഫ്രാന്‍സിസ് സ്ഥാപകനായിട്ടുള്ള യുവജനങ്ങളുടെ ഉപവിപ്രസ്ഥാനം, “സ്കോളാസ്” (Scholas Occurentes)

- ഫാദര്‍ വില്യം നെല്ലിക്കല്‍

1. സ്കോളാസ് (Scholas) യുവജനങ്ങള്‍
യുവജനങ്ങളെ സഹായിക്കുന്ന പ്രസ്ഥാനം

നവംബര്‍ 25-Ɔο തിയതി തിങ്കാഴാച, ജപ്പാന്‍ സന്ദര്‍ശന പരിപാടികള്‍ക്കിടെ ടോക്കിയോയിലുള്ള വത്തിക്കാന്‍റെ സ്ഥാനപതിയുടെ മന്ദിരത്തില്‍വച്ചാണ് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ജപ്പാനിലെ യുവജനങ്ങള്‍ യുവജനങ്ങളെ തുണയ്ക്കുന്ന ഉപവിപ്രസ്ഥാനത്തിന് പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ടത്. പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, ഹൊസ്സെ മരീയ കൊറാലിനൊപ്പം  അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും അതില്‍ പങ്കുചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്ത 20 യുവതീ യുവാക്കളുടെ കൂട്ടായ്മ നാഗസാക്കിയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ എത്തി, പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തിലാണ് സ്കോളാസിന്‍റെ (scholas) ജപ്പാനിലെ ശാഖയ്ക്ക് തുടക്കമിട്ടത്.

2. സമാധാനപൂര്‍ണ്ണമായൊരു  ലോകം സ്വപ്നം കാണുന്നവര്‍
പഠിക്കാനുള്ള യുവജനങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും, നീതിയും യുദ്ധവുമില്ലാത്ത ഒരു സമൂഹത്തിനായുള്ള അവരുടെ സ്വപ്നങ്ങളും താല്പര്യങ്ങളും, സ്കോളാസിലൂടെ വിവിധ സംസ്കാരങ്ങളും അവിടങ്ങളിലെ യുവജനങ്ങളുമായും ഇടപഴകാന്‍ ഏറെ ആഗ്രഹിക്കുന്നതായി അവര്‍ പാപ്പാ ഫ്രാന്‍സിസിനെ അറിയിച്ചു. തങ്ങളുടെ ആഗ്രഹങ്ങള്‍ ചിത്രീകരിക്കുന്ന ഒരു കൂട്ടായ്മയുടെ ലോകത്തിന്‍റെ ക്യാന്‍വാസില്‍ തീര്‍ത്ത ബഹുവര്‍ണ്ണചിത്രീകരണം അവര്‍ പാപ്പാ ഫ്രാന്‍സിസിനു സമ്മാനിച്ചു. ജപ്പാനിലെ യുവജനങ്ങളുടെ ജീവിതസാക്ഷ്യത്തിനും അവരുടെ ക്രിയാത്മകതയ്ക്കും പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്,  ഹൊസ്സെ കൊറാല്‍ നന്ദിപറഞ്ഞു. തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസും യുവജനങ്ങളെ ഹ്രസ്വമായി അഭിസംബോധനചെയ്തു.

3. അറിവ് നന്മചെയ്യുവാനുള്ള ധീരത
അറിവ് (Knowledge) ധാരാളം ആശയങ്ങള്‍ മനസ്സിലാക്കുന്നതിലല്ല, മറിച്ച് മനസ്സും, അതിലെ ചിന്തകളും, അതു ഹൃദയത്തില്‍ ഉണര്‍ത്തുന്ന വികാരങ്ങളും കൂട്ടിയിണക്കുന്നതും ഏകോപിപ്പിച്ച് നന്മയ്ക്കായി ഉപയോഗിക്കുന്നതിലാണ്. യുജനങ്ങള്‍ സമ്മാനിച്ച പെയിന്‍റിങ് അത് വ്യക്തമാക്കുന്നുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് സൂചിപ്പിച്ചു. ചിത്രീകരണത്തില്‍ മനസ്സ്, ചിന്ത, ഹൃദയം എന്നീ മൂന്നു തലങ്ങളെയും കൂട്ടിയിണക്കുന്ന ക്രിയാത്മകവും നന്മയുടേതുമായ ഒരു സൃഷ്ടി നടക്കുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സ്വന്തമായ കാര്യങ്ങളിലും ചിന്തകളിലും ഒതുങ്ങി ഇരിക്കുകയാണ് പൊതുവെ സൗകര്യം. പുറത്തേയ്ക്ക് ഇറങ്ങുന്നതും മറ്റുള്ളവരുമായി ബന്ധപ്പെടുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതില്‍ ചില ക്ലേശങ്ങള്‍ (risk) പതിയിരിപ്പുണ്ടെന്ന് പാപ്പാ സൂചിപ്പിച്ചു. എന്നാല്‍ സാമൂഹിക നന്മയ്ക്കും സമാധാനത്തിനുമായി ഇറങ്ങിപ്പുറപ്പെടുവാനുള്ള ധീരത നല്ലതാണെന്ന് “സ്കോളാസി”ന്‍റെ പുതിയ അംഗങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു.

3. സമാധാനത്തിന്‍റെ ഒലിവുവൃക്ഷം
യുവജങ്ങള്‍ കൊണ്ടുവന്ന സമാധാനത്തിന്‍റെ പ്രതീകമായ ഒരു ഒലിവു വൃക്ഷത്തൈയും സ്കോളാസിന്‍റെ സെനാഡെ (Sonade) നഗരത്തില്‍ സ്ഥാപിക്കുവാനുള്ള ഫലകവും പാപ്പാ അവര്‍ക്ക് ആശീര്‍വ്വദിച്ചു നല്കിക്കൊണ്ടാണ് പാപ്പാ നാഗസാക്കി നഗരത്തിലെ മറ്റു പരിപാടികള്‍ക്കായി കാറില്‍ പുറപ്പെട്ടത്.

4. “സ്കോളാസ് ഒക്കുരേന്തസ്” പ്രസ്ഥാനം
വ്യക്തിവളര്‍ച്ചയില്‍ കുട്ടികളും യുവജനങ്ങളും പരസ്പരം സഹായിക്കാന്‍ ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീത്തയായിരിക്കവെ പാപ്പാ ഫ്രാന്‍സിസ് തുടക്കിമിട്ട പ്രസ്ഥാനമാണ് സ്കോളാസ് (Scholas Occurentes). ലത്തീന്‍ ഭാഷയിലുള്ള പേരിന് അര്‍ത്ഥം “സ്കൂളുകളുടെ കൂട്ടായ്മ” എന്നാണ്. അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരിക്കെ (1998-2013) കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ, പാപ്പാ ഫ്രാന്‍സിസ് തുടങ്ങിയതാണ് യുവജനങ്ങള്‍ യുവജനങ്ങളെ സഹായിക്കുന്ന ‘സ്കോളാസ് ഒക്കുരേന്തസ്സ്’ പ്രസ്ഥാനം. കലാ-കായിക-സാംസ്ക്കാരിക വേദികളിലെ പ്രമുഖരായ യുവജനങ്ങളെ സംഘടിപ്പിച്ചാണ് പാപ്പാ ഫ്രാന്‍സിസ് അന്ന് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ആദ്യകാല അംഗങ്ങളില്‍ ഒരാളാണ് അര്‍ജന്‍റീനിയില്‍ ബ്യൂനസ് ഐരസിലെ ലാനസ് സ്വദേശിയായ ഡിയേഗോ മരഡോണ, ലയൊണല്‍ മെസ്സി, ബ്രസീലിയന്‍ താരം റൊനാള്‍ഡീനോ എന്നിവര്‍.

5. സമാധാനമുള്ള സമൂഹം വളര്‍ത്താന്‍
യുവജനങ്ങള്‍ യുവജനങ്ങളെ സഹായിക്കുക, അങ്ങനെ ലോകത്ത് കൂട്ടായ്മയും സമാധാനവും വളര്‍ത്തുക എന്നതാണ് പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം. കലാ സാംസ്ക്കാരിക കായിക ലോകത്തെ ധാരാളം പ്രതിഭകള്‍ പ്രസ്ഥാനത്തിന്‍റെ സജീവപ്രവര്‍ത്തകരാണ്. ഇന്നത് ഒരു രാജ്യാന്തര പ്രസ്ഥാനമായി വളര്‍ന്ന് 185-ല്‍ അധികം രാജ്യങ്ങളില്‍ എത്തിക്കഴിഞ്ഞു. കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ 2013-ല്‍ ബ്യൂനസ് ഐരസില്‍നിന്നും വത്തിക്കാനില്‍ എത്തിയതോടെ ഇറ്റലിയിലും “സ്കോളാസി”ന് വേരുപിടിച്ചു. 2016-ല്‍ അതൊരു പൊന്തിഫിക്കല്‍ പ്രസ്ഥാനമായും ഉയര്‍ത്തപ്പെട്ടു. ഇന്നതിന് റോമാ നഗരത്തില്‍ ഓഫീസുണ്ട്.
 

28 November 2019, 18:52