തിരയുക

Vatican News
Pope Francis visits Japan at the foot of n Pope Francis visits Japan at the foot of n  (ANSA)

നിഷിസാക്കാ മലയില്‍ കുരിശില്‍ തറയ്ക്കപ്പെട്ടവര്‍

നിഷിസാക്കാ മലയില്‍നിന്നുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് നടത്തിയ ജീവന്‍റെ പ്രഭാഷണം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

24 നവംബര്‍ 2019, ഞായര്‍ - ജപ്പാനിലെ നിഷിസാക്കാ കുന്നില്‍ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വഹിച്ചവരുടെ സ്മൃതിമണ്ഡപത്തിനു മുന്നില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രണാമം.

1. ഒരു സ്വപ്നസാക്ഷാത്ക്കാരം
താന്‍ കാത്തിരുന്നൊരു ദിവസമാണിത്. സ്വപ്നസാക്ഷാത്ക്കാരമാണിത്. നാഗസാക്കിയില്‍ രക്തസാക്ഷികളുടെ നിഷിസാക്കാ കുന്നില്‍ (Nishizaka Hills) ഒരു തീര്‍ത്ഥാടകനായി നില്കുകയാണു താനെന്ന് പാപ്പാ പ്രസ്താവിച്ചു. ഇന്നാട്ടിലെ ചെറിയ അജഗണത്ത വിശ്വാസത്തില്‍ ദൃഢപ്പെടുത്തുവാനും, ഇനിയും രക്തസാക്ഷികളായ സഹോദരങ്ങളുടെ വിശ്വാസത്താല്‍ ദൃഢപ്പെട്ടു ജീവിക്കാനും സാക്ഷ്യമേകാനും കരുത്താകട്ടെ ഏവര്‍ക്കും ഈ പ്രാര്‍ത്ഥനാ സാന്നിദ്ധ്യം. തനിക്കേകിയ ഹൃദ്യമായ സ്വീകരണത്തിനും പാപ്പാ നന്ദിയര്‍പ്പിച്ചു.

2. നിഷിസാക്കിക്കുന്നിലെ ജീവന്‍റെ പ്രഘോഷണം
1597 ഫെബ്രുവരി 5-ന് നഗസാക്കിയിലെ നിഷിസാക്കി കുന്നില്‍ കൊല്ലപ്പെട്ട പോള്‍ മിക്കിയും അനുചരന്മാരും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികള്‍ ചിന്തിയ രക്തത്താലും അവരുടെ പീഡനങ്ങളാലും പവിത്രവും മുദ്രിതവുമാണീ തീര്‍ത്ഥസ്ഥാനം. എന്നാല്‍ ഈ തീര്‍ത്ഥാടനത്തിന്‍റെ തിരുനടയില്‍ ഇനി മരണത്തെക്കുറിച്ചല്ല, മരണത്തെ കീഴടക്കിയ ജീവനെക്കുറിച്ചാണു പ്രഘോഷിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഈ കുന്നില്‍നിന്നു പറഞ്ഞത്, “ഇത് രക്തസാക്ഷികളുടെ കുന്നല്ല, സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളുടെ കുന്നാണ്. കാരണം ഇവിടെ മനുഷ്യഹൃദയങ്ങള്‍ രക്ഷസാക്ഷികളുടെ ജീവസമര്‍പ്പണത്തിന്‍റെ ചൈതന്യത്താലും പരിശുദ്ധാത്മ ശക്തിയാലും തിന്മകളില്‍നിന്നും സ്വാര്‍ത്ഥതതയില്‍നിന്നും, നിസംഗതയില്‍നിന്നും, സുഖലോലുപതയില്‍നിന്നും, അഹങ്കാരത്തില്‍നിന്നും സ്വതന്ത്രമാക്കപ്പെടുന്ന പുണ്യസ്ഥാനമാണിത്” (GE, 65).

3. ക്രിസ്തുവിന്‍റെ ഉത്ഥാനസാക്ഷികള്‍
ഈ മല ക്രിസ്തുവിന്‍റെ ഉയര്‍പ്പിന്‍റെ സ്മാരകമാണ്. കാരണം എല്ലാ വിപരീത സാക്ഷ്യങ്ങള്‍ക്കും എതിരെ മരണത്തെ ജയിച്ച് ഉത്ഥാനംചെയ്ത ക്രിസ്തുവിന്‍റെ ജീവനു സാക്ഷ്യവഹിച്ചവരാണ് രക്തസാക്ഷികള്‍. അതിനാല്‍ രക്തസാക്ഷിത്വത്തിന്‍റെ ജീവസമര്‍പ്പണത്തിനുമപ്പുറം ജീവനും പ്രകാശവും പുനരുത്ഥാനവും നമുക്കു കാണാമിവിടെ. വിശ്വാസസാക്ഷികളായ രക്തസാക്ഷികള്‍ നമ്മെ വിശ്വാസത്തില്‍ ദൃഢപ്പെടുത്തുന്നു. ജീവസമര്‍പ്പണത്തിന്‍റെ നിശബ്ദമായ രക്ഷസാക്ഷിത്വവും സഹനങ്ങളുംവഴി നാം നവീകരിക്കപ്പെടുകയും, ജീവന്‍റെ സംസ്ക്കാരം വളര്‍ത്തുകയും, ജീവനെ സംരക്ഷിക്കുവാനുള്ള പ്രേഷിത ചൈതന്യം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. താന്‍ ഈ കുന്നില്‍ നില്കുന്നത് തീര്‍ത്ഥാടകനായിട്ടാണ്. പാപ്പാ അങ്ങ് വിദൂരസ്ഥമായൊരു നാട്ടിലിരുന്ന് ഈശോസഭയിലെ യുവസെമിനാരി വിദ്യാര്‍ത്ഥിയായിരിക്കെ ജപ്പാനിലെ രക്തസാക്ഷികളുടെ വിശ്വാസധീരതയോര്‍ത്ത് ആവേശംകൊണ്ടതും, ഈ പുണ്യഭൂമിയിലെ മിഷണറിയാകണെന്ന് ആഗ്രഹിച്ചതും പാപ്പാ അനുസ്മരിച്ചു.

4. രക്തസാക്ഷികളുടെ ആത്മീയചൈതന്യം
രക്ഷസാക്ഷികളുടെ ത്യാഗസമര്‍പ്പണം അനശ്വരമാണ്! അവര്‍ ഗതകാലത്തെ തിരുശേഷിപ്പായി വണങ്ങി ആദരവോടെ സൂക്ഷിക്കപ്പെടേണ്ടതല്ല, മറിച്ച് ഈ മണ്ണിലെ സുവിശേഷ ചൈതന്യത്തെയും സുവിശേഷവത്ക്കരണത്തെയും ഇന്നും നവീകരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യേണ്ട ആത്മീയ ചൈതന്യമാണവര്‍. വഴിയും സത്യവുമായ ക്രിസ്തുവിന്‍റെ സുവിശേഷ സന്തോഷവും മനോഹാരിതയുമാണ് പോള്‍ മിക്കിയും അനുചരന്മാരും നാഗസാക്കി കുന്നിലെ കുരിശില്‍ കിടന്നുകൊണ്ടു പ്രഘോഷിച്ചതും സാക്ഷ്യപ്പെടുത്തിയതും (യോഹ. 14, 6). ആ സ്നേഹചൈതന്യം ഇന്നും ജപ്പാനിലെ വിശ്വാസികള്‍ക്ക് ജീവിതയാത്രയില്‍ വഴിവിളക്കാവട്ടെ! ജീവിതത്തില്‍ നമ്മെ പിന്നോട്ടു വലിക്കുകയും തളര്‍ത്തുകയും ചെയ്യുന്ന നിഷേധാത്മകമായ കാര്യങ്ങള്‍ എളിമയോടെ മറികടന്ന് യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിലും, സ്നേഹത്തിലും, ദൈവികതയിലും വളരാന്‍ ക്രിസ്തുവിന്‍റെ സ്നേഹപ്രഭ വഴിതെളിക്കട്ടെ!

5. ഇന്നിന്‍റെ രക്തസാക്ഷികള്‍
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡനങ്ങള്‍ സഹിക്കുന്ന ക്രൈസ്തവരുമായി ഈ കുന്നില്‍ നില്ക്കുന്ന സകലരും ഐക്യപ്പെടുന്നുണ്ട്. സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളാല്‍ പ്രചോദിതരായി സഹിക്കുകയും കുരിശിലേറ്റപ്പെടുകയും ചെയ്യുന്നവര്‍ 21-Ɔο നൂറ്റാണ്ടിലും നിരവധിയാണ്. അവര്‍ക്കൊപ്പവും അവര്‍ക്കുവേണ്ടും പ്രാര്‍ത്ഥിക്കാം. മതസ്വാതന്ത്ര്യം ഇനിയും ലോകത്ത് എവിടെയും പൂവണിയണമെന്ന് സകലരും പ്രഖ്യാപിക്കണം, അതിനായി രാഷ്ട്രങ്ങളും നേതാക്കളും മതസ്വാതന്ത്ര്യത്തെ മാനിക്കുന്നവരും, ആദരിക്കുന്നവരുമാകണം. മൗലികവാദവും, വിഭിന്നതയും, ലാഭേച്ഛയും, വംശീയതയും, മനുഷ്യരുടെ ചിന്തകളെയും പ്രവൃത്തികളെയും വഴിതെറ്റിക്കുന്ന വികലമായ മീമാംസകളും ഇല്ലാതാക്കാം (അബുദാബി പ്രഖ്യാപനം, 4 ഫെബ്രുവരി 2019).

6. ഉപസംഹാരം
തങ്ങളുടെ ജീവിതങ്ങള്‍കൊണ്ട് ചരിത്രത്തില്‍ ഉടനീളം ദൈവിക മഹിമാതിരേകങ്ങള്‍ പ്രഘോഷിക്കുന്ന രക്തസാക്ഷികളുടെ രാജ്ഞിയായ കന്യകാനാഥയോടും, ജപ്പാന്‍റെ രക്തസാക്ഷികളായ പോള്‍ മിക്കിയോടും അനുചരന്മാരോടും ഈ നാടിനും ആഗോള സഭയ്ക്കുംവേണ്ടി പ്രാര്‍ത്ഥിക്കാം. അവരുടെ ജീവിതസാക്ഷ്യം സകലരെയും സുവിശേഷസന്തോഷത്തില്‍ നയിക്കട്ടെ! പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
 

25 November 2019, 18:13