പുതിയ പ്രഖ്യാപനങ്ങള്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം പതിനൊന്നു പുതിയ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു.
ഫ്രാന്‍സീസ് പാപ്പാ വ്യാഴാഴ്ച (28/11/19) അനുവദിച്ച കൂടിക്കാഴ്ചാവേളയില്‍ ഈ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചുവിനെ അധികാരപ്പെടുത്തിയതനുസരിച്ചാണ് പ്രസ്തുത സംഘം ഈ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചത്.
ഇവയില്‍ ആദ്യത്തെ മൂന്നെണ്ണം അത്ഭുതങ്ങളെയും, തുടര്‍ന്നുള്ള രണ്ടെണ്ണം രക്തസാക്ഷിത്വത്തെയും ശേഷിച്ച ആറെണ്ണം വിരോചിത പുണ്യങ്ങളെയും സംബന്ധിച്ചതാണ്.
ഇറ്റലി സ്വദേശിയും നിര്‍ദ്ധനകള്‍ക്കായുള്ള സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകനുമായ വാഴ്ത്തപ്പെട്ട ലൂയിജി മരിയ പലത്സോളൊയുടെ മദ്ധ്യസ്ഥതയാല്‍ നടന്ന അത്ഭുതം അംഗീകരിക്കുന്നതാണ് പ്രഥമ പ്രഖ്യാപനം.
അദ്ദേഹത്തിന്‍റെ വിശുദ്ധപദ പ്രഖ്യാപനത്തിന്‍റെ അവസാന ഘട്ടത്തിലേക്കു കടക്കുന്നതിനാവശ്യമായ അത്ഭുതമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത്.
ഇറ്റലി സ്വദേശികള്‍ തന്നെയായ വൈദികന്‍ ധന്യനായ ദൈവദാസന്‍ ഒളിന്തൊ മരേല്ല, കൊമ്പോണിയന്‍ പ്രേഷിതസമൂഹാംഗമായിരുന്ന വൈദികന്‍ ധന്യനായ ദൈവദാസന്‍ ജുസേപ്പെ അമ്പ്രൊസോളി എന്നിവരുടെ മദ്ധ്യസ്ഥതയാല്‍ നടന്ന ഓരോ അത്ഭുതത്തെ സംബന്ധിച്ചതാണ് രണ്ടും മൂന്നും പ്രഖ്യാപനങ്ങള്‍.
മറ്റു രണ്ടു പ്രഖ്യാപനങ്ങള്‍, സ്പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത്, 1936-ല്‍ വിശ്വാസത്തെ പ്രതി ജീവന്‍ വിലയായ് നല്കിയ ദൈവദാസന്‍ ഗയെത്താനും ജീമേനെസ് മാര്‍ട്ടിന്‍റെയും വൈദികരും അത്മായ വിശ്വാസികളുമടങ്ങുന്ന 15 സുഹൃത്തുകളുടെയും, അതുപോലെ തന്നെ, പോളണ്ടില്‍ 1942 ഡിസംബര്‍ 3-ന് വിശ്വത്തെപ്രതി ജീവന്‍ ബിലകഴിക്കേണ്ടി വന്ന ദൈവദാസന്‍ ഫ്രാന്‍ചെസ്കൊ മച്ചായുടെയും നിണസാക്ഷിത്വം അംഗീകരിക്കുന്നവയാണ്.
അവസാനത്തെതായ 6 പ്രഖ്യാപനങ്ങള്‍ ആറു ദൈവദാസരുടെ വീരോചിത പുണ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നു,. ഇവരില്‍ 3 പേര്‍ ഇറ്റലി സ്വദേശികളും ശേഷിച്ചവര്‍ കാനഡ, ജര്‍മ്മനി, ബെല്‍ജിയം എന്നീ നാട്ടുകാരുമാണ്.