തിരയുക

IRAQ-CHRISTIANS/CHURCH IRAQ-CHRISTIANS/CHURCH 

ബാഗ്ദാദിലെ രക്തസാക്ഷികളുടെ നാമകരണ നടപടിക്രമങ്ങള്‍

രൂപതാ തലത്തില്‍ സജ്ജമാക്കിയ പ്രഥമഘട്ട അന്വേഷണങ്ങളും രേഖീകരണവും പൂര്‍ത്തിയായി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഒന്‍പതുവര്‍ഷം തികയുന്ന രക്തസാക്ഷിത്വം
ഇറാക്കില്‍ ബാഗ്ദാദിലെ ദേവാലയത്തില്‍ 2010 ഒക്ടോബര്‍ 31-നാണ് ക്രൈസ്തവരുടെ കൂട്ടക്കുരുതി നടന്നത്. രണ്ടു വൈദികര്‍ ഉള്‍പ്പെടെ 48 ദൈവദാസരുടെ രക്ഷസാക്ഷിത്വം സംബന്ധിച്ച പ്രാഥമികവും പ്രാദേശികവുമായ അന്വേഷണ പഠനങ്ങളുടെ ബാഗ്ദാദിലെ പ്രാദേശിക സഭയുടെ റിപ്പോര്‍ട്ട് പൂര്‍ത്തീകരിച്ചത് 9-Ɔο വാര്‍ഷികനാളായ ഒക്ടോബര്‍ 31-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാനു സമര്‍പ്പിച്ചെന്ന് പോര്‍സ്റ്റുലേറ്റര്‍, ഫാദര്‍ (ഡോക്ടര്‍) ലൂയി എസ്കലാന്തെ പ്രസ്താവനയിലൂടെ അറിയിച്ചു.

ദിവ്യബലിമദ്ധ്യേ നടന്ന കൂട്ടക്കുരുതി
തീവ്രവാദി സംഘടനായ ഐസിസാണ് (ISIS) 2010 ഒക്ടോബര്‍ 31-ന് ബാഗ്ദാദിലെ, വിമോചന നാഥയുടെ (Our Lady of Deliverance) കത്തോലിക്കാ ദേവാലയം ദിവ്യബലിമദ്ധ്യേ ആക്രമിച്ചത്. ദിവ്യബലി അര്‍പ്പിച്ചിരുന്ന ഫാദര്‍ തായരും, കുമ്പസ്സാരം കേട്ടിരുന്ന ഫാദര്‍ വാസിമും ആദ്യം കൊല്ലപ്പെട്ടു. തുടര്‍ന്ന് ദിവ്യബലിയില്‍ പങ്കെടുത്തിരുന്ന ഏകദേശം 150 പേരുണ്ടായിരുന്ന സമൂഹത്തിലേയ്ക്ക് പലവട്ടം എറിയപ്പെട്ട ബോംബുകള്‍ സ്ത്രീകളും കുട്ടുകളും ഉള്‍പ്പെടെയുള്ള 46-പേരെയും തല്‍ക്ഷണം കൊലപ്പെടുത്തുകയുണ്ടായി.  നിലവറയില്‍ ഒളിച്ചവരാണ് രക്ഷപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 11 വയസ്സുമുതല്‍ താഴേയ്ക്ക് 3 മാസംവരെ പ്രായമുള്ള കുട്ടിയും, ഗര്‍ഭിണിയായ അമ്മയും ഉള്‍പ്പെടുന്നു. 48 ദൈവദാസരുടെയും ജീവസമര്‍പ്പണം വിശ്വാസത്തെപ്രതിയാണെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ടുകളും വിശദാംശങ്ങളും വിവരണങ്ങളുമാണ് കൂട്ടക്കുരുതിയുടെ വാര്‍ഷികനാളില്‍ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന് സമര്‍പ്പിച്ചത്.

കുരുതിചെയ്യപ്പെട്ട നിര്‍ദ്ദോഷികള്‍
തീവ്രവാദികള്‍ തിരഞ്ഞെടുത്തു കൊലചെയ്ത, ദിവ്യബലിയില്‍ പങ്കെടുക്കുകയായിരുന്ന
ഈ നിര്‍ദ്ദോഷികളെ വിശുദ്ധരുടെ ഗണത്തിലേയ്ക്കും സഭയിലെ രക്തസാക്ഷികളുടെ കൂട്ടായ്മയിലേയ്ക്കും ചേര്‍ക്കണമെന്ന് അപേക്ഷിച്ചുകൊണ്ടാണ്, അവരുടെ ജീവിതവിശുദ്ധി തെളിയിക്കുന്ന റിപ്പോര്‍ട്ടും, അതിനെ പിന്‍തുണയ്ക്കുന്ന തെളിവുകളും രേഖകളും രൂപതാതലത്തില്‍ ശേഖരിച്ച്, ഔദ്യോഗികമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വത്തിക്കാന്‍ സംഘത്തിന് വ്യാഴാഴ്ച ഒക്ടോബര്‍ 31-ന് സമര്‍പ്പിച്ചതെന്ന് മേല്പറ‍ഞ്ഞ രക്തസാക്ഷികളുടെ നാമകരണ നടപടിക്രമങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന പോസ്റ്റുലേറ്റര്‍ (postulator) ഫാദര്‍ (ഡോക്ടര്‍) ലൂയി എസ്കലാന്തെ ഒക്ടോബര്‍ 29-ന് റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 October 2019, 17:40