തിരയുക

Vatican News
Intermission of synod assembly - encounter with a representative of an indigenous community Intermission of synod assembly - encounter with a representative of an indigenous community  (Vatican Media)

ജീവനെ ഹനിക്കുന്ന ആമസോണിയന്‍ ചുറ്റുപാടുകള്‍

വത്തിക്കാനിലെ സിനഡു സമ്മേളനത്തിന്‍റെ 4-Ɔമത്തെ പൊതുസമ്മേളനത്തിലെ ചര്‍ച്ചകളുടെ സംഗ്രഹം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സിനഡിന്‍റെ മൂന്നാം ദിവസം
വത്തിക്കാനില്‍ തദ്ദേശ ജനതകള്‍ക്കുള്ള ആമസോണിയന്‍ സിനഡ് പുരോഗമിക്കുന്നു. ആകെയുള്ള 186 സിനഡു പിതാക്കന്മാരില്‍ 28 പേര്‍ കര്‍ദ്ദിനാളന്മാരാണ്. ഇതര സഭകളുടെ 6 പ്രതിനിധികളും,
12 വിദഗ്ദ്ധരും, ആമസോണ്‍ പ്രവിശ്യയുടെയും തദ്ദേശ ജനതകളുടെയും സഹകാരികളായ 55 യുവതീയുവാക്കളായ ഓഡിറ്റര്‍മാരും ഉള്‍പ്പെടെ 305-ല്‍ അധികംപേര്‍ ഈ സിനഡു സമ്മേളനത്തിലെ അംഗങ്ങളാണ്. പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായുള്ള സിനഡ് ഒക്ടോബര്‍ 6-ന് തുടക്കമായി. 27-വരെ നീണ്ടു നില്ക്കും. 9-Ɔο തിയതി ബുധനാഴ്ച മൂന്നാം ദിവസമാണ്. ഓരോ ദിവസവും രാവിലെയും വൈകുന്നേരവുമായി, ചര്‍ച്ചകള്‍ക്കു പുറമെ രണ്ടു സമ്മേളനങ്ങളിലാണ് സിനഡു മുന്നോട്ടു പോകുന്നത്.

പരിസ്ഥിതിയെയും ജീവനെയും ഹനിക്കുന്ന
ആമസോണിയന്‍ സാഹചര്യം

ഒക്ടോബര്‍ 8, ചൊഴ്ച ഉച്ചതിരിഞ്ഞു നടന്ന നാലാമത്തെ സമ്മേളനം പരിസ്ഥിതിയെയും ജീവനെയും ഹനിക്കുന്ന ആമസോണിയന്‍ സാമൂഹിക സാഹചര്യത്തെക്കുറിച്ചായിരുന്നു. പാപ്പാ ഫ്രാന്‍സിസ് സന്നിഹിതനായിരുന്ന സമ്മേളനം വൈകുന്നേരം 4.30-ന് ആരംഭിച്ചത് 6.30-വരെ നീണ്ടുനിന്നു. ആമസോണിയന്‍ തദ്ദേശജനതകളുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ കൂടാതെ, അവരുടെ വാസസ്ഥാനങ്ങളുടെ വിനാശവും മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ നാലാമത്തെ സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്ക് ആധാരമായിരുന്നു.

നിസംഗത മാറ്റി ഉത്തരവാദിത്ത്വം ഏറ്റെടുക്കണം!
ധാര്‍മ്മികവും ആത്മീയമേഖലയില്‍ കരുത്തുള്ളതുമായ സഭ അതിന്‍റെ ആധികാരികശബ്ദം ഉപയോഗിച്ച് ജീവനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്, എന്നാല്‍ ആമസോണിയന്‍ പ്രവിശ്യയില്‍ വളര്‍ന്നുവന്നിട്ടുള്ള ജീവനെ നശിപ്പിക്കുന്ന ഘടനകളെയും സംവിധാനങ്ങളെയും മനസ്സിലാക്കി, അവയെ ഇല്ലാതാക്കാന്‍ മുന്‍കൈ എടുക്കേണ്ടതാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. അതിനാല്‍ സഭാശുശ്രൂഷകര്‍ പാരിസ്ഥിതിക മാനസാന്തരത്തിനുള്ള പ്രായോഗിക വഴികള്‍ സഭയുടെ ഉത്തരവാദിത്ത്വത്തിലും, പലപ്പോഴും ചവിട്ടി മെതിക്കപ്പെടുന്ന മനുഷ്യാന്തസ്സില്‍ കേന്ദ്രീകൃതമായ സമഗ്രപരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ടും യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ആമസോണിന്‍റെ സമഗ്ര പ്രാപഞ്ചിക വീക്ഷണം
ആമസോണ്‍ പ്രവിശ്യയില്‍ നടമാടുന്ന അസ്വീകാര്യമായ പാരിസ്ഥിതിക അധഃപതനവും, പലപ്പോഴും നിര്‍ദ്ദോഷികളുടെ രക്തംചിന്തലിനുപോലും കാരണമാക്കാറുള്ള തല്പരകക്ഷികളുടെ നീക്കങ്ങളും രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നേരിടാന്‍ ഒരുങ്ങേണ്ടതാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ആമസോണിയയിലെ പ്രകൃതി സമ്പത്തുക്കളുടെ സൂക്ഷിപ്പുകാരായ തദ്ദേശജനതകള്‍ സത്യസന്ധമായും നീതിബോധത്തോടുംകൂടെ കാലാവസ്ഥ വ്യതിയാനത്തിന് എതിരായിട്ടുള്ള പോരാട്ടത്തില്‍ കൂട്ടുകക്ഷികളായി നിലകൊള്ളണമെന്നതും സിനഡിന്‍റെ കാഴ്ചപ്പാടാണ്.

കാരണം കൂട്ടായ്മ പരസ്പരം ആദരിക്കുന്നതും, സംരക്ഷിക്കുന്നതും, പരിചരിക്കുന്നതുമാണ്. മാത്രമല്ല, കൂട്ടായ്മയുടെ ഈ മാര്‍ഗ്ഗത്തിലൂടെ മാത്രമേ സംവാദത്തിന്‍റെ പാത തുറക്കാനാവൂ എന്നും സിനഡുസമ്മേളനം ചൂണ്ടിക്കാട്ടി. ആമസോണിന്‍റെ സമഗ്രമായ പ്രാപഞ്ചിക വീക്ഷണത്തിന്‍റെ (cosmic vision of Amazon) വൈവിധ്യമാര്‍ന്ന വശങ്ങള്‍ മനസ്സിലാക്കാന്‍ തദ്ദേശജനതയും സഭയും തുറവോടും ആദരവോടും എളിമയോടുംകൂടെ അടിസ്ഥാന സാമൂഹിക പ്രസ്ഥാനങ്ങളോടും സംഘടനകളോടും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് സമ്മേളനം അനുസ്മരിപ്പിച്ചു.

പാരിസ്ഥിതികമായ തിന്മകളെക്കുറിച്ചുള്ള
അറിവും അവബോധവും

പരമ്പരാഗതവും ശാസ്ത്രീയവും, സാമൂഹിക നീതിയുള്ളതുമായ അറിവുകള്‍ കൂട്ടിയിണക്കിക്കൊണ്ടായിരിക്കണം ആമസോണിന്‍റെ ഭാവി സുസ്ഥിതിയും വികസനവും യാഥാര്‍ത്ഥ്യമാക്കേണ്ടത്. അതൊരു സജീവവും സമഗ്രവുമായ രീതിയുമാണ്. മറിച്ച് ഒരു മ്യൂസിയം നിലനിര്‍ത്തുന്നപോലെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തു പുനരുത്ഥരിക്കുന്ന രീതിയല്ല ആമസോണിന് ഇന്നാവശ്യമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. പാരിസ്ഥിതികമായ മാനസാന്തരം യാഥാര്‍ത്ഥ്യമാക്കാന്‍  പരിസ്ഥിതിക്കും, അതില്‍ വസിക്കുന്ന തദ്ദേശജനതകള്‍ക്കും, അവരുടെ ഭാവി തലമുറയ്ക്കും, സകലത്തിന്‍റെയും സ്രഷ്ടാവായ ദൈവത്തിനും എതിരായി ചെയ്യുന്ന തിന്മകളുടെ ഗൗരവവും ആഴവും മനസ്സിലാക്കേണ്ടതാണെന്നു സിനഡു സമ്മേളനം സമര്‍ത്ഥിച്ചു.

ദൈവവിളിയും യുവജന പ്രേഷിതത്ത്വവും
തദ്ദേശീയരില്‍നിന്നുമുള്ള സ്ഥിരം വചനശുശ്രൂഷകരും (Permanent deacons), അവരില്‍നിന്നുമുള്ള ദൈവവിളികളും കണ്ടെത്തുന്നതിനുള്ള രീതികള്‍ ആരായേണ്ടതാണ്. അതുപോലെ യുവജനങ്ങളില്‍ വിശുദ്ധിയുടെ പരിമളം പരത്താനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളും സമ്മേളനത്തില്‍ ഉരുത്തിരിയുകയുണ്ടായി.

തദ്ദേശീയരായ പുണ്യാത്മാക്കളുടെ മാതൃക
തദ്ദേശീയരായ പുണ്യാത്മാക്കളുടെ ജീവിമാതൃക ഇതിനായി ആമസോണിയന്‍ ജനതയെ ഉയര്‍ത്തിക്കാണിക്കണമെന്ന അഭിപ്രായം പൊന്തിവരികയുണ്ടായി. സലീഷ്യന്‍ വൈദികന്‍, റുഡോള്‍ഫ് ലുങ്കെന്‍ബെയീന്‍, അല്‍മായ സഹോദരന്‍, സിമാവോ ക്രിസ്തീനോ എന്നീ രണ്ടു ദൈവദാസരുടെ പേരുകള്‍ അതിനായി നിര്‍ദ്ദേശിക്കപ്പെട്ടു. അതിക്രമങ്ങള്‍, മയക്കുമരുന്ന്, വേശ്യാവൃത്തി, തൊഴിലില്ലായ്മ, പരമ്പരാഗതവും സമൂഹികവുമായും പുതിയതും പഴയതുമായ തലമുറകള്‍ തമ്മിലുള്ള അസ്തിത്വപരമായ വിടവ് എന്നിവ നിലനില്ക്കെ, നിഷേധാത്മകമായ പഴയവ പാടെ മാറ്റി യുവജനങ്ങള്‍ക്ക് നവമായ ജീവിതപാത തുറന്നുകൊടുക്കാനുള്ള ക്രിയാത്മകമായ വഴികളും കണ്ടുപിടിക്കേണ്ടതുണ്ടെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
 

09 October 2019, 18:34