തിരയുക

ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ 

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ.....

അപലപനീയമായ ഭീകരപ്രവര്‍ത്തനമെന്ന പ്രതിഭാസത്തിനെതിരെ പോരാടുന്നതിനും അതിനെ ഉന്മൂലനം ചെയ്യുന്നതിനും ദേശീയ-അന്തര്‍ദ്ദേശീയ പരിഹാരമാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടത് അടിയന്തരാവശ്യം, ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ന്യായീകരണമില്ലെന്നും അവ അസ്വീകാര്യങ്ങളുമാണെന്നുമുള്ള ബോധ്യം പരിശുദ്ധസിംഹാസനം ആവര്‍ത്തിച്ചു വെളിപ്പെടുത്തുന്നു.

അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനങ്ങള്‍ക്കറുതിവരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെ അധികരിച്ച്, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്ക് പട്ടണത്തില്‍, ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനത്ത് ചര്‍ച്ചചെയ്ത, ഐക്യരാഷ്ട്രസഭയുടെ പൊതുയോഗത്തിന്‍റെ  എഴുപത്തിനാലാം യോഗത്തെ വ്യാഴാഴ്ച (10/10/19) സംബോധന ചെയ്യവെ പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സയാണ് ഇതു പറഞ്ഞത്.

ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനാണ് അദ്ദേഹം.

ഭീകരപ്രവര്‍ത്തനങ്ങള്‍ നിരപരാധികളെ ഹനിക്കുകയും ജീവനെ നിന്ദിക്കുകയും ചെയ്യുന്നതാണെന്നും ഭീകരരുടെ പൈശാചികമായ പ്രവൃത്തികളുടെ മുന്നില്‍ നിഷ്ക്രിയരായി നിലകൊള്ളാന്‍ നമുക്കാകില്ലെന്നും ആര്‍ച്ചുബിഷപ്പ് പറയുന്നു.

സൈദ്ധാന്തികമൊ, രാഷ്ട്രീയപരമൊ, തത്വശാസ്ത്രപരമൊ, സാമുദായികമൊ, വര്‍ഗ്ഗീയമൊ മതപരമൊ ആയ യാതൊരു നീതീകരണവും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അപലപനീയമായ ഭീകരപ്രവര്‍ത്തനമെന്ന പ്രതിഭാസത്തിനെതിരെ പോരാടുന്നതിനും അതിനെ ഉന്മൂലനം ചെയ്യുന്നതിനും ദേശീയ-അന്തര്‍ദ്ദേശീയ പരിഹാരമാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടതിന്‍റെ അടിയന്തരപ്രാധാന്യവും ആര്‍ച്ചുബിഷപ്പ് ഔത്സ ചൂണ്ടിക്കാട്ടി.

നിയമങ്ങള്‍ നടപ്പിലാക്കുകയും സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതുകൊണ്ടു മാത്രം ഭീകരപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കന്‍ കഴിയില്ലെന്നും, പ്രത്യുത, പരസ്പരസ്വീകാര്യതയെ പരിപോഷിപ്പിക്കുകയും സമാധാനം വാഴുന്നതും  എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമൂഹങ്ങളെ കെട്ടിപ്പടുക്കുകയും ചെയ്യുന്ന സമാഗമ സംസകൃതി ഊട്ടിവളര്‍ത്തുക അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 October 2019, 09:28