തിരയുക

Synod hall - A Columbian indigenous  lay leader greeted Pope Francis Synod hall - A Columbian indigenous lay leader greeted Pope Francis 

അല്‍മായരുടെ സിദ്ധികള്‍ മാനിക്കണമെന്ന് സിനഡ്

അല്‍മായരുടെ സിദ്ധികള്‍ മാനിക്കണമെന്നും, പൗരോഹിത്യ മേല്‍ക്കോയ്മ മാറ്റിനിര്‍ത്തണമെന്നും #ആമസോണ്‍ സിനഡു സമ്മേളനം ആവശ്യപ്പെട്ടു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

#ആമസോണ്‍ സിനഡ് ഒക്ടോബര്‍ 14
ഉച്ചതിരിഞ്ഞു ചേര്‍ന്ന 10-Ɔമത് പൊതുസമ്മേളനം തദ്ദേശീയ അല്‍മായരുടെ സിദ്ധികള്‍ മാനിക്കണമെന്നും, പൗരോഹിത്യ മേല്‍ക്കോയ്മ  മാറ്റിനിര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു. പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ മറ്റു നിരീക്ഷകര്‍ക്കും വിദഗ്ദ്ധര്‍ക്കുമൊപ്പം 177 സിനഡു പിതാക്കന്മാര്‍ സന്നിഹിതരായിരുന്നു.

1.  ആമസോണിന് ഇണങ്ങുന്ന സഭാശുശ്രൂഷകര്‍
സിനഡിന്‍റെ പരിധികളില്‍നിന്നുകൊണ്ട് തദ്ദേശീയമായ ആമസോണ്‍ സഭയില്‍ എപ്രകാരം സഭയുടെ ശുശ്രൂഷകള്‍ സംവിധാനം ചെയ്യുമെന്നായിരുന്നു ചര്‍ച്ചകള്‍. വചനാധിഷ്ഠിതമായ ഒരു സഭ ആമസോണില്‍ കെട്ടിപ്പടുക്കാനുള്ള ശ്രമമായിരുന്നു ഈ സമ്മേളനത്തില്‍. അതിനാല്‍ ക്രിസ്തുവിന്‍റെ വചനത്തിന്‍റെ സജീവ ഭാവം active, എന്നാല്‍ കാരുണ്യപൂര്‍ണ്ണത merciful, പ്രവചനാത്മകത prophetci, രൂപാന്തരീകരണ ശക്തി transformative, അനുഷ്ഠാനപരമായ സാന്നിദ്ധ്യം performative, വെല്ലുവിളിക്കുന്ന രീതികള്‍ challenging, രൂപപ്പെടുത്താനുള്ള കരുത്ത് educative എന്നിവ ചര്‍ച്ചാവിഷയങ്ങളായി. അതിനാല്‍ തദ്ദേശീയമായ വെല്ലുവിളികളെ നേരിടാനും ആമസോണ്‍ പശ്ചാത്തലത്തിന് ഇണങ്ങുന്ന ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നതിനും അവരുടെ ഇടയില്‍നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെ പ്രേഷിത ചൈതന്യമുള്ള ശുശ്രൂഷകരെ തിരഞ്ഞെടുത്തു രൂപീകരണം നല്കി തയ്യാറാക്കേണ്ടതുമുണ്ടെന്ന് സമ്മേളനം നിരീക്ഷിച്ചു. കാരണം സമഗ്രമായ പരിസ്ഥിതിയും തദ്ദേശത്തനിമയുള്ള മാനവികതയും നിലനിര്‍ത്തണമെങ്കില്‍ സുവിശേഷവത്ക്കരണം ആമസോണിന്‍റെ എല്ലാ പ്രവിശ്യകളിലേയ്ക്കും വ്യാപിപ്പിക്കേണ്ടതാണ്. ഇതിന് സമര്‍പ്പിതരായ തദ്ദേശീയ അല്‍മായരുടെ രൂപീകരണം അടിസ്ഥാന ആവശ്യമാണെന്നും സമ്മേളനം വ്യക്തമാക്കി.

2. തിരഞ്ഞെടുക്കപ്പെട്ടവരും ശുശ്രൂഷകരായ സ്ത്രീകളും
അല്‍മായര്‍ക്കു പ്രാമുഖ്യമുള്ള ഒരു ശുശ്രൂഷാസമൂഹം ആമസോണില്‍ വാര്‍ത്തെടുക്കണമെങ്കില്‍ പൗരോഹിത്യ മേല്‍കോയ്മയില്ലാത്തതും തുറവുള്ളതുമായ തദ്ദേശീയ സഭ രൂപപ്പെടുത്തണമെന്നതാണ് സിനഡിന്‍റെ അഭിപ്രായം. തിരഞ്ഞെടുക്കപ്പെട്ടവരും (viri probati) ശുശ്രൂഷകരായ സ്ത്രീകളും എന്ന് സിനഡില്‍ ഉരുത്തിരിഞ്ഞ ആശയത്തിന് ആഗോള പ്രസക്തിയുള്ളതാണ്. എന്നാല്‍ തതുല്യവും, എന്നാല്‍ സഭയില്‍ കൗദാശിക സ്വഭാവത്തോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിലനില്ക്കുന്ന വിവാഹിതരായ സ്ഥിരം ഡീക്കന്മാരുടെ ശുശ്രൂഷ (Permanent deacons) ആമസോണിലും കൂടുതല്‍ പ്രസ്ക്തമാകുമെന്ന് സിനഡുസമ്മേളനം ചൂണ്ടിക്കാട്ടി. അടിസ്ഥാനപരമായി തദ്ദേശീയരില്‍നിന്നും നല്ല ദൈവവിളികള്‍ ഉണ്ടാവുകയും അര്‍പ്പണബോധമുള്ള അല്‍മായരെ തിരഞ്ഞെടുക്കാന്‍ സാധിക്കുകയും ചെയ്യുകയെന്നതാണ് പ്രഥമദ യാഥാര്‍ത്ഥ്യമാക്കേണ്ട നടപടിയെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. എന്നാല്‍ സ്ത്രീകളുടെ ഇടയില്‍ സമത്വഭാവവും അവരുടെ അന്തസ്സും നിലനിര്‍ത്തുന്നതിന് ആമസോണ്‍ പ്രവിശ്യയില്‍ ശുശ്രൂഷ ഒരു സേവനമായി സ്വീകരിക്കുന്നവര്‍ മതിയാകുമെന്നും അഭിപ്രായം ഉയര്‍ന്നുവന്നു. വചനശുശ്രൂഷയും, ഉപവിപ്രവര്‍ത്തനങ്ങളും അവരുടെ പ്രത്യേകതകളുമായിരിക്കും.

3. ദൈവവിളിയും യുവജനശുശ്രൂഷയും
മതബോധനത്തോടൊപ്പം സമഗ്രമായ പരിസ്ഥിതിയെക്കുറിച്ചുള്ള (integral ecology) അവബോധം ആമസോണ്‍ പ്രവിശ്യയില്‍ നല്കേണ്ടതാണ്. അതുപോലെ ജീവന്‍റെ സ്രോതസ്സും പ്രഥമ സ്രോതസ്സുമായ ജലവും ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടേണ്ടതും അത്യന്താപേക്ഷിതമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് കുടിവെള്ളത്തിന്‍റെ ദൗര്‍ലഭ്യത്താല്‍ മരണമടയുന്നത്. പാപ്പാ ഫ്രാന്‍സിസ്, ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുള്ളൊരു കാര്യം ഇവിടെ അനുസ്മരണീയമാണ്. അടുത്ത ലോകയുദ്ധം കുടിവെള്ളത്തിനുവേണ്ടിയാവാം! അതിനാല്‍ ദൈവത്തിന്‍റെ സാന്നിദ്ധ്യമായ പൊതുഭവനം, ഭൂമി സംരക്ഷിക്കുന്നതിനെ സംബന്ധിച്ചും, പ്രകൃതിയുമായി അനുരഞ്ജിതരായി ജീവിക്കേണ്ടതിനെക്കുറിച്ചും അടിയന്തിരവും ആമസോണ്‍ ആകമാനവുമായ ഒരു അവബോധം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. പരമാവധി ലാഭത്തിനു വേണ്ടിയും, നവസാങ്കേതിക ഭ്രമത്തിലും, മാധ്യമാധിപത്യത്തിലും കഴിയുന്ന ഇന്നത്തെ തലമുറയുടെ ജീവിതരീതിയും ധാര്‍മ്മികതയും പരിശോധിക്കുമ്പോള്‍ സിനഡില്‍ ആവര്‍ത്തിച്ചു മുഴങ്ങുന്ന പാരിസ്ഥിതികമായ പരിവര്‍ത്തനം (Ecological Conversion) സമഗ്ര മാനവികതയ്ക്ക് അനിവാര്യമാണ്.

4. ആശയവിനിമയം നീട്ടുന്ന വെല്ലുവിളികള്‍
നവമാധ്യമങ്ങളും ആധുനിക ആശയവിനിമയ രീതികളും ആമസോണിലെ ജനതകളെയും സംസ്ക്കാരങ്ങളെയും ഭാഷാസമൂഹങ്ങളെയും ശാക്തീകരിക്കാന്‍ ഉപയോഗപ്പെടുത്തേണ്ടതാണ്. ആമസോണ്‍ മഴക്കാടുകളുടെ സമ്പന്നതയും അവയെക്കുറിച്ചുള്ള അറിവുകളും, അവയുടെ തന്ത്രപ്രാധാന്യവും ഏകോപിപ്പിക്കുവാനും അത് ലോകത്തിനു ലഭ്യമാക്കുവാനും ആമസോണിലെ തദ്ദേശീയരെ ആധുനിക മാധ്യമ സാദ്ധ്യതകള്‍ ഉപയോഗിച്ച് പരിശീലിപ്പിക്കേണ്ടതാണ്.

5. വികസനപദ്ധതികളും തദ്ദേശീയരും
വിദ്യാഭ്യാസവും ചെറുകിട വികസനപദ്ധതികളും ആമസോണിന്‍റെ പുരോഗതിക്ക് ആവശ്യമാണ്. എന്നാല്‍ തദ്ദേശീയര്‍ വികസനപദ്ധതികളുടെ നടത്തിപ്പിന് അപ്രാപ്തരാണെന്നു പറഞ്ഞു പിന്‍തിരിഞ്ഞു നില്ക്കാതെ, മേല്‍പ്പദ്ധതികളുടെ പ്രായോജകരായ വ്യക്തികള്‍ തദ്ദേശീയരുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരെ വളര്‍ത്തിയെടുക്കേണ്ടതാണ്. അങ്ങനെ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാകുന്ന (voice to the voiceless) പ്രക്രിയയാണ് തദ്ദേശിയ ജനതകളുടെ മദ്ധ്യേ യാഥാര്‍ത്ഥ്യമാക്കേണ്ടത്. അതിനാല്‍ നീതിക്കും സമാധാനത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള കമ്മിഷനുകള്‍ ആമസോണ്‍ മേഖലയില്‍ ഇനിയും സജീവമാകണമെന്ന് സിനഡുസമ്മേളനം നിര്‍ദ്ദേശിച്ചു.

മേല്‍വിഷയങ്ങളെ സംബന്ധിച്ച തന്‍റെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് അദ്ധ്യക്ഷ വേദിയില്‍ ഉപവിഷ്ടനായിരുന്ന പാപ്പാ ഫ്രാന്‍സിസ് 10-Ɔമത്തെ പൊതുസമ്മേളനം സമാപിപ്പിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2019, 09:33