തിരയുക

Vatican News
Pope Francis in Mozambique - Al'italia A330 Pope Francis in Mozambique - Al'italia A330  

ആകാശയാത്രയ്ക്കിടയിലും ജനതകള്‍ക്ക് ആശീര്‍വ്വാദവും അഭിവാദ്യങ്ങളും

മൊസാംബിക്കിലേയ്ക്കുള്ള പ്രേഷിതയാത്രയ്ക്കിടെ വിമാനത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് സഞ്ചാരപഥത്തിലെ രാഷ്ട്രത്തലവന്മാര്‍ക്കു സന്ദേശമയച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഇറ്റലി, ഗ്രീസ്, ഈജിപ്റ്റ്, സുഡാന്‍, തെക്കന്‍ സുഡാന്‍, ഉഗണ്ട, താന്‍സേനിയ, മലാവി, സാംബിയ എന്നിങ്ങനെ 9 രാജ്യാതിര്‍ത്തികള്‍ കടന്നാണ് പാപ്പാ ആഫ്രിക്ക ഭൂഖണ്ഡത്തിന്‍റെ മുകളിലൂടെ പറന്ന്, തെക്കു കിഴക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബുധനാഴ്ച, സെപ്തംബര്‍ 4 പ്രാദേശിക സമയം വൈകുന്നേരം 6.30-ന് എത്തിച്ചേര്‍ന്നത്.  അല്‍ ഇത്താലിയ എ330 വിമാനത്തില്‍നിന്നും പാപ്പാ അയച്ച ഹ്രസ്വസന്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു:

1. ഇറ്റലി
ആദ്യമായി ഇറ്റലിയുടെ പ്രസിഡന്‍റ് സേര്‍ജോ മത്തരേലയ്ക്ക് - മൊസാംബിക്ക്, മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലെ ജനങ്ങളെ കാണാനുള്ള പ്രേഷിതയാത്രയ്ക്കിടെ ആദ്യമായി ഇറ്റാലിയന്‍ പ്രസിഡന്‍റിനും ജനങ്ങള്‍ക്കും പാപ്പാ ഫ്രാന്‍സിസ് ഹൃദ്യമായ പ്രാര്‍ത്ഥന നേര്‍ന്നു.

2. ഗ്രീസ്
31-Ɔമത്ത് അപ്പസ്തോലിക യാത്രയ്ക്കിടെ പ്രസിഡന്‍റ് പ്രോകോപിസ് പൗവുളോപാവുളോസിനും ഗ്രീസിലെ ജനങ്ങള്‍ക്കും ദൈവം സമാധാനവും സന്തോഷവും നല്കി അനുഗ്രഹിക്കട്ടെ, എന്നായിരുന്നു പാപ്പായുടെ ആശംസ!

3. ഈജിപ്റ്റ്
രാജ്യാതിര്‍ത്തിയില്‍ പ്രവേശിക്കവെ അയച്ച സന്ദേശത്തിലൂടെ പ്രസിഡന്‍റ് അബ്ദേല്‍ ഫത്താ അല്‍-സീസിക്കും ജനങ്ങള്‍ക്കും സമാധാനവും സമൃദ്ധിയും പാപ്പാ നേര്‍ന്നു. ജനങ്ങളെയും രാജ്യത്തെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കുന്നതായും അറിയിച്ചു.

4. സുഡാന്‍
സുഡാന്‍ ഭരിക്കുന്ന താല്കാലിക മിലിട്ടറി സഖ്യത്തിന്‍റെ ചെയര്‍മാന്‍ അബ്ദേല്‍ ഫത്ത അബ്ദുള്‍ റഹ്മാന്‍ ബുര്‍ഹാനെയും അവിടത്തെ ജനങ്ങളെയുമാണ് രാജ്യാതിര്‍ത്തിയിലൂടെ കടന്നുപോയപ്പോള്‍ പാപ്പാ അഭിവാദ്യംചെയ്തത്. അനുരജ്ഞനത്തിലൂടെ സമാധാനം ആര്‍ജ്ജിക്കാന്‍ ദൈവപരിപാലന അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായി പാപ്പാ അറിയിച്ചു.

5. തെക്കന്‍ സുഡാന്‍
തെക്കന്‍ സുഡാനിലെ ജനങ്ങള്‍ക്കും പ്രസിഡന്‍റ്, സാല്‍വ കീര്‍ മയാര്‍ദീതിനും ദൈവം ശ്രേയസ്സും സമാധാനവും നല്കി അനുഗ്രഹിക്കട്ടെയെന്ന് രാജ്യാതിര്‍ത്തി കടക്കവെ പാപ്പാ ഫ്രാന്‍സിസ് അറിയിച്ചു.

6. ഉഗണ്ട
ഉഗണ്ടയില്‍ സമാധാനവും കൂട്ടായ്മയും വളരാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന ഉറപ്പ് പ്രസിഡന്‍റ് കമ്പാലയ്ക്കും ജനങ്ങള്‍ക്കും നല്കിക്കൊണ്ടാണ് ആ രാജ്യത്തിനു മുകളിലൂടെ പാപ്പായുടെ വിമാനം പറന്നത്.

7. താന്‍സേനിയ
താന്‍സേനിയയുടെ അതിര്‍ത്തി കടക്കവെ, പ്രസിഡന്‍റ് ജോണ്‍ മഗുഫൂലിക്കും ജനങ്ങള്‍ക്കും സമാധാനവും ഐശ്വര്യവും നേര്‍ന്നുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് പിന്നെയും യാത്രതുടര്‍ന്നു.

8. മലാവി
ദൈവത്തിന്‍റെ സംരക്ഷണം മലാവിയിലെ ജനതയ്ക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെയെന്നും, പ്രസിഡന്‍റ് മുത്താരിക്കയെയും ജനങ്ങളെയും ദൈവം കാത്തുപരിപാലിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

9. സാംബിയ
സാംബിയന്‍ പ്രസിഡന്‍റ്, എഡ്ഗാര്‍ ലൂങ്കുവിനും ജനങ്ങള്‍ക്കും സര്‍വ്വൈശ്വര്യത്തിനായുള്ള ആശീര്‍വ്വാദം നേരുന്നതായി പാപ്പാ ടെലിഗ്രാം സന്ദേശത്തിലൂടെ അറിയിച്ചു.
 

04 September 2019, 18:22