മഡഗാസ്കര്‍ അപ്പസ്തോലിക സന്ദര്‍ശനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്, മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടത്തുന്ന 31-Ɔο അപ്പസ്തോലിക യാത്രയുടെ രണ്ടാഘട്ടമായ മഡഗാസ്ക്കര്‍ സന്ദര്‍ശനത്തിന്‍റെ അര്‍ദ്ധദിന റിപ്പോര്‍ട്ടാണിത്.
1. മൊസാംബിക്കില്‍നിന്നും ദ്വീപുരാജ്യമായ മഡഗാസ്കറിലേയ്ക്ക്
സെപ്തംബര്‍ 4-ന് ബുധനാഴ്ച വൈകുന്നേരം മൊസാംബിക്കില്‍ എത്തിയ പാപ്പാ, 5, 6 - വ്യാഴം വെള്ളി ദിവസങ്ങള്‍ അവിടെ ചെലവഴിച്ചശേഷമാണ് തന്‍റെ യാത്രയുടെ രണ്ടാംഘട്ടം മലഗാസിയെന്നും അറിയപ്പെടുന്ന മഡഗാസ്ക്കറിലേയ്ക്കു പുറപ്പെട്ടത്. വെള്ളിയാഴ്ച, സെപ്തംബര്‍ 6 മഴയുള്ള ദിവസമായിരുന്നു. മപൂത്തോയിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും വിമാനത്താവളത്തിലേയ്ക്ക് കാറിയില്‍ യാത്രചെയ്യുമ്പോഴും, പാപ്പായെ കാണാനും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനും ജനങ്ങള്‍ ആവേശത്തോടെ അങ്ങുമിങ്ങും കൂട്ടുംചേര്‍ന്നു നിന്നിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 4.30-ന്, ഇന്ത്യയിലെ സമയം രാത്രി 8-മണിക്ക് മപൂത്തോയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ പാപ്പാ എത്തിച്ചേര്‍ന്നു. അവിടെ നല്കപ്പെട്ട ഔദ്യോഗിക യാത്രയയ്പ്പു ഹ്രസ്വമായിരുന്നു. പ്രസിഡന്‍റിനെയും രാഷ്ട്രപ്രതിനിധികളെയും ലോഞ്ചില്‍വച്ച് പാപ്പാ വ്യക്തിപരമായി കണ്ട് ഒരിക്കല്‍ക്കൂടി നന്ദിപറഞ്ഞു. അതുപോലെ ദേശീയ മെത്രാന്‍ സംഘത്തെയും തുടര്‍ന്ന്, അപ്പസ്തോലിക യാത്രയുടെ രണ്ടാംഘട്ടം മഡഗാസ്കര്‍ യാത്രയ്ക്ക് തുടക്കമായി. കുട ചൂടിച്ചാണ് പൊടിമഴയത്ത് പാപ്പായെ വത്തിക്കാന്‍റെ സുരക്ഷാമേധാവി ജാനി, വിമാനത്തില്‍ എത്തിച്ചത്. LAM B737 മലഗാസി വിമാനം, ഇരുണ്ട ആകാശത്തിലേയ്ക്കാണ് പറന്നുയര്‍ന്നതെങ്കിലും, പാപ്പായുടെ സാന്നിദ്ധ്യം പ്രത്യാശയുടെ വെളിച്ചവുമായിട്ടാണ് 440 കി.മി. അകലെയുളള മഡഗാസ്ക്കര്‍ ലക്ഷ്യമാക്കി പറന്നത്.
2. വിമാനത്തില്‍നിന്നും നന്ദിവാക്ക്!
വിമാനത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് മൊസാമ്പിക്കിന്‍റെ പ്രസിഡന്‍റ്, ഫിലിപ്പെ നൂസിക്ക് ടെലിഗ്രാം സന്ദേശം അയച്ചു : പ്രസിഡന്‍റ് ഫിലിപ്പെ ന്യൂസിക്കും, മഡഗാസ്കറിലെ ജനങ്ങള്‍ക്കും അവര്‍ നല്കിയ വരവേല്പിനും ആതിഥ്യത്തിനും പാപ്പാ ആദ്യം നന്ദിപറഞ്ഞു. നാടിന്‍റെ നവമായ സമാധാനത്തിനും കൂട്ടായ്മയ്ക്കുമായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നെന്നു പ്രസ്താവിച്ചുകൊണ്ട് അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് സന്ദേശം ഉപസംഹരിച്ചത്.
3. സെപ്തംബര്‍ 6-Ɔο തിയതി വെള്ളിയാഴ്ച
മഡഗാസ്കറിലെ സ്വീകരണം
മൊസാംബിക്കിലെ മപൂത്തോ നഗരത്തില്‍നിന്നും പ്രാദേശിക സമയം 3.50-നു പാപ്പാ പുറപ്പെട്ടു. മഡഗാസ്ക്കറിന്‍റെ തലസ്ഥാനനഗരമായ അന്തനാനരീവോയിലേയ്ക്ക് 2 മണിക്കൂറും 50 മിനിറ്റും യാത്രചെയ്ത് പാപ്പാ, പ്രാദേശിക സമയം വൈകുന്നേരം 4.50-ന്, ഇന്ത്യന്‍ സമയം
7. 20-ന് അന്തനാനരീവോ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി. റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ്, ആന്‍ഡ്രി റജൊലീനയും (Andry Rajoelina ) മറ്റു രാഷ്ട്രപ്രതിനിധികളും പൗരപ്രതിനിധികളും സഭാപ്രതിനിധികളും വന്‍ജനാവലിയും ചേര്‍ന്ന് വിമാനപ്പടവുകള്‍ ഇറങ്ങിവന്ന പാപ്പാ ഫ്രാന്‍സിസിനെ വരവേറ്റു.
ആഫ്രിക്കന്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ രണ്ടു കുട്ടികള്‍ പൂച്ചെണ്ടുകള്‍ നല്കിയും സ്വാഗതമോതി. വത്തിക്കാന്‍, മഡഗാസ്ക്കര്‍ - രാഷ്ട്രങ്ങളുടെ ദേശീയഗാനങ്ങള്‍ മിലിട്ടറി ബാന്‍ഡുകള്‍ വായിച്ചതോടെ ഔപചാരിക സ്വീകരണച്ചടങ്ങിന് തുടക്കമായി. പാപ്പാ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പ്രസിഡന്‍റ്, രാഷ്ട്രപ്രതിനിധികളെ ഓരോരുത്തരെയുമായി പരിചയപ്പെടുത്തി, പാപ്പാ വത്തിക്കാന്‍ സംഘത്തെയും...! അതോടെ സ്വീകരണച്ചടങ്ങ് അവസാനിച്ചു. ചുറ്റും നിന്നിരുന്ന ജനാവലി ഹസ്താരവം മുഴക്കിയും നൃത്തംചവിട്ടിയും പാട്ടുപാടിയും പാപ്പായെ വരവേറ്റു. തന്നെ സ്വീകരിക്കാന്‍ എത്തിയിരുന്ന മലഗാസി മെത്രാന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പാപ്പാ ഹസ്തദാനംനല്കി അഭിവാദ്യംചെയ്തു. തുടര്‍ന്ന് കാറില്‍ 14 കി.മീ. അകലെ നഗരപ്രാന്തത്തിലുള്ള അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കാണ് പാപ്പാ കാറില്‍ യാത്രയായത്. മഡഗാസ്കറിലെ സമയം വൈകുന്നേരം 5.30-ന് അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ എത്തിയ പാപ്പാ അത്താഴം കഴിച്ച് അവിടെ വിശ്രമിച്ചു. ആര്‍ച്ചുബിഷപ്പ് പാവുളോ റോക്കോ ഗ്വാള്‍ത്തിയേരിയാണ് ഇപ്പോഴത്തെ വത്തിക്കാന്‍ സ്ഥാനപതി.
4. സെപ്തംബര്‍ 7-Ɔο തിയതി ശനിയാഴ്ച
അപ്പസ്തോലിക സന്ദര്‍ശനം രണ്ടാം ഘട്ടവും മഡഗാസ്കറില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ആദ്യദിവസവും രാവിലെ പ്രാദേശിക സമയം 7.30-നു വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടാണ് ആരംഭിച്ചത്.
5. രാഷ്ട്രത്തെ അഭിസംബോധനചെയ്യാന്‍
തുടര്‍ന്ന് പ്രാതല്‍ കഴിച്ച പാപ്പാ ഫ്രാന്‍സിസ് 9.00 മണിക്ക് കാറില്‍ 20 കി. മീ. അകലെയുള്ള പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ “ഇയാവളോബ” -യിലേയ്ക്കാണ് പുറപ്പെട്ടത്. 1975-ല്‍ തെക്കന്‍ കൊറിയയിലെ സര്‍ക്കാരിന്‍റെ ധനസഹായത്തോടെ മഡഗാസ്കറിന്‍റെ രണ്ടാം റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ്, ദിദീയര്‍ റാത്സിരാകയുടെ കാലത്തു പണിതീര്‍ത്തതാണിത്. 1955 അഗ്നിക്കിരയായതും, തല്‍സ്ഥാനത്തുണ്ടായിരുന്നതുമായ പുരതാന രാജകൊട്ടാരത്തിന്‍റെ ഓര്‍മ്മയ്ക്കായിട്ട് സാമ്യമുള്ള വാസ്തുശൈലിയിലാണ് ഇന്ന് പണിതീര്‍ത്തിരിക്കുന്നത്, എന്നാല്‍ ആധുനിക സംവിധാനങ്ങള്‍ ഉള്ളതുമാണത്.
6. പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍
കൃത്യം 9.30-ന് “ഇയാവളോബ”യില്‍ എത്തിയ പാപ്പാ ഫ്രാന്‍സിസിനെ പ്രസിഡന്‍റ്, ആന്‍ഡ്രി റജൊലീന സ്വീകരിച്ച് തന്‍റെ ഓഫീസിലേയ്ക്ക് ആനയിച്ചു. പ്രസിഡന്‍റിനോടു ചേര്‍ന്ന് ചിത്രങ്ങള്‍ എടുത്ത പാപ്പാ, സ്വകാര്യസംഭാഷണത്തിനായുള്ള ഹാളിലേയ്ക്കു പ്രവേശിച്ചു.
സന്ദര്‍ശകരുടെ ഗ്രന്ഥത്തില്‍ സന്ദേശം എഴുതി ഒപ്പുവച്ച പാപ്പാ, തുടര്‍ന്ന് പ്രസിഡന്‍റുമായി സമ്മാനങ്ങള്‍ കൈമാറി. തുടര്‍ന്ന് സമീപത്തുള്ള ഔപചാരിക സമ്മേളനത്തിനുള്ള ഹാളിലേയ്ക്ക് പ്രസിഡന്‍റ് ആന്‍ഡ്രി പാപ്പായെ ആനയിച്ചു. ഹസ്താരവത്തോടെയും ഗാനാലാപനത്തോടെയുമാണ് രാഷ്ട്രപ്രതിനിധികളും മതനേതാക്കളും നയതന്ത്രപ്രതിനിധികളും അടങ്ങിയ വിശിഷ്ടമായ വേദി പാപ്പായെ വരവേറ്റത്. കുട്ടികളുടെ ഗായകസംഘം ആലപിച്ച മലഗാസി പ്രാര്‍ത്ഥന ഗാനത്തോടെ രാഷ്ട്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു.
7. പ്രസിഡന്‍റിന്‍റെ പ്രഭാഷണം ( രത്നച്ചുരുക്കം)
തുടര്‍ന്ന് പ്രസിഡന്‍റ് ആന്‍ഡ്രി ഫ്രഞ്ചുഭാഷയില്‍ പാപ്പായ്ക്കു സ്വാഗതമോതി. പുണ്യത്മാവായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ 30 വര്‍ഷങ്ങള്‍ക്കുശേഷം.. അത് സ്വാതന്ത്ര്യത്തിന്‍റെ 30 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നെന്നും പ്രസിഡന്‍റ് ആന്‍ഡ്രി അനുസ്മരിച്ചു.
Audio : ഇതാ... മഡഗാസ്ക്കറിനെ മറക്കാതെ... പാപ്പാ ഫ്രാന്‍സിസ്... tongasoa.. സ്വാഗതം! മലഗാസികളുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള യാത്ര വാഗ്ദത്ത ഭൂമിയിലേയ്ക്കുള്ള ഇസ്രായേല്യരുടെ യാത്രപോലെയായിരുന്നു. കലാവസ്ഥക്കെടുതികളും കൊടുങ്കാറ്റുമേറ്റാണെങ്കിലും പ്രത്യാശ കൈവെടിയാതെ മുന്നേറുകയാണ്... നവയുഗത്തിലേയ്ക്ക്.. നവസഹസ്രാബ്ദത്തിലേയ്ക്ക്...! 2013-ല്‍, 6 വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്‍റെ പത്നിയോടൊപ്പം വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിനെ സന്ദര്‍ശിച്ചതും, കൂടിക്കാഴ്ച നടത്തിയതും പ്രത്യാശപകര്‍ന്ന സംഭവമായിരുന്നെന്നും, അത് ഇന്നലെ നടന്നപോലെ മനസ്സില്‍നിറഞ്ഞു നില്ക്കുന്നെന്നും അദ്ദേഹം അനുസ്മരിച്ചു. പാപ്പാ ഫ്രാന്‍സിസുമായുള്ള ആദ്യകൂടിക്കാഴ്ചതന്നെ പ്രത്യാശ പകരുന്നതായിരുന്നെന്നും, അത് തനിക്കു കരുത്തായെന്നും പ്രസിഡന്‍റ് ആന്‍ഡ്രി ഏറ്റുപറഞ്ഞു. കരുണാസമ്പന്നവും അനുഗ്രഹപൂര്‍ണ്ണവുമായ പാപ്പായുടെ സാന്നിദ്ധ്യത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ടും ദൈവത്തെ സ്തുതിച്ചുകൊണ്ടുമാണ് അദ്ദേഹം വാക്കുകള്‍ ഉപസംഹരിച്ചത്.
8. പാപ്പായുടെ പ്രഭാഷണം രാഷ്ട്രത്തോട് (പ്രഭാഷണം ശബ്ദരേഖ മാത്രം)
തുടര്‍ന്ന്, പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തെ അഭിസംബോധനചെയ്തു. ഇറ്റാലിയനില്‍ നടത്തിയ പ്രഭാഷണം പരിഭാഷചെയ്യപ്പെട്ടു. പ്രഭാഷണാനന്തരം കുട്ടികള്‍ വീണ്ടുമൊരു ഗാനം ആലപിച്ചു, പാപ്പായുടെ സാന്നിദ്ധ്യത്തെ അനുമോദിച്ച് ആഹ്ലാദം പ്രകടമാക്കി. മന്ദിരത്തിന്‍റെ തോട്ടത്തിലേയ്ക്കാണ് പ്രസിഡന്‍റ് ആന്‍ഡ്രി പാപ്പായെ ആനയിച്ചത്. സന്ദര്‍ശനത്തിന്‍റെ സ്മരണയ്ക്കായി പ്രസിഡന്‍റിനോടു ചേര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് ഒരു ദേവദാരു അവിടെ നട്ടുനച്ചു. തുടര്‍ന്ന് പ്രധാനകവാടത്തിലെത്തി.. കാറില്‍ 15 കി.മീ. അകലെ അമ്പസാനിമാലോയിലുള്ള കര്‍മ്മലീത്ത കോണ്‍വെന്‍റിലേയ്ക്ക് പാപ്പാ യാത്രയായി.
9. കര്‍മ്മലീത്ത സന്ന്യാസിനിമാരുടെ മിണ്ടാമഠത്തില്‍
പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍നിന്നും 15 കി.മീ. യാത്രചെയ്താണ് പാപ്പാ ഫ്രാന്‍സിസ് കര്‍മ്മലീത്ത സന്ന്യാസിനിമാരുടെ മിണ്ടാമഠത്തിന്‍റെ സമൂഹത്തില്‍ എത്തിയത്. 1927-ലാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുമുള്ള കര്‍മ്മലീത്ത നിഷ്പാദുക സഭാംഗങ്ങളായ സന്ന്യാസിനികള്‍ മഡഗാസ്കറില്‍ എത്തിയത്. 1937-ലാണ് ഇന്നത്തെ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള കോണ്‍വെന്‍റും മറ്റും സംവിധാനങ്ങളും തയ്യാറായത്. 100-ഓളം സന്ന്യാസിനിമാരും 70 സന്ന്യാസാര്‍ത്ഥിനികളുമാണ് 4 ഏക്കര്‍ വിസ്തൃതിയുള്ള ആ പ്രദേശത്ത് വികസിച്ചിട്ടുള്ളത്. തുടര്‍ന്ന് സുപ്പീരിയര്‍, സിസ്റ്റര്‍ മാഗ്ദലീന്‍ ദേവാലയത്തിന്‍റെ പ്രധാനകവാടത്തില്‍ പാപ്പായെ സ്വീകരിച്ചു. അവിടെ ഗാനാലാപനത്തോടെയാണ് മറ്റു സിസ്റ്റേഴ്സ് പാപ്പായെ വരവേറ്റത്.
10. മദ്ധ്യാഹ്നപ്രാര്‍ത്ഥന
അള്‍ത്താരയുടെ പ്രധാനവേദിയില്‍ ഉപവിഷ്ടനായ പാപ്പായ്ക്കൊപ്പം സിസ്റ്റേഴ്സ് മദ്ധ്യാഹ്നപ്രാര്‍ത്ഥനചൊല്ലി. പരിശുദ്ധാത്മഗീതത്തോടെ ആരംഭിച്ചു. തുടര്‍ന്ന് മൂന്നു സങ്കീര്‍ത്തനങ്ങള്‍ അവര്‍ സമൂഹമായി ആലപിച്ചു. വചനപാരായണം രാജാക്കന്മാരുടെ പുസ്തകത്തില്‍നിന്നുമായിരുന്നു – (1 രാജ. 2, 2-3). ധീരന്മാര്‍ കര്‍ത്താവിന്‍റെ കല്പനകള്‍ അനുസരിക്കുന്നു. തുടര്‍ന്ന് പാപ്പായുടെ വചനചിന്തകളായിരുന്നു.
11. പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകള്‍
പ്രഭാഷണാനന്തരം പാപ്പാ, പാര്‍ശ്വത്തില്‍ ഒരുക്കിയ പ്രത്യേകമായ വേദിയില്‍ ഉപവിഷ്ടനായി. മഠാധിപ പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു. തുടര്‍ന്ന്, മഡഗാസ്ക്കറിന്‍റെ പടിഞ്ഞാറന്‍ തീരത്തുള്ള മൊറൊന്താവാ രൂപതയുടെ ഭദ്രാസന ദേവാലയത്തിനുള്ള അള്‍ത്താര പാപ്പാ ആശീര്‍വ്വദിച്ചു നല്കി. ഹ്രസ്വമായ പരിപാടിയില്‍ മൊറന്താവയുടെ മെത്രാനും, മുന്‍മെത്രാനും, വികാരി ജനറല്‍, ഏതാനും വൈദികരും, പ്രാതിനിധ്യസ്വഭാവത്തോടെ 3 കുടുംബങ്ങളും സന്നിഹിതരായിരുന്നു.
യാമപ്രാര്‍ത്ഥനയുടെ സമാപനപ്രാര്‍ത്ഥന ചൊല്ലിയശേഷം, അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കിയതോടെയാണ് കര്‍മ്മലീത്ത മിണ്ടാമഠത്തിലെ പരിപാടികള്‍ സമാപിച്ചത്. തുടര്‍ന്ന് 8 കി.മീ. അകലെയുള്ള അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദരത്തിലേയ്ക്ക് പാപ്പാ കാറില്‍ യാത്രയായി. അപ്പോള്‍ സമയം മദ്ധ്യാഹ്നം 12 മണിയായിരുന്നു. തുടര്‍ന്ന് പാപ്പാ അവിടെ ഉച്ചഭക്ഷണംകഴിച്ച് വിശ്രമിച്ചു.
പാപ്പാ ഫ്രാന്‍സിസിന്‍റെ 31-Ɔമത് അപ്പസ്തോലിക പര്യടനത്തിന്‍റെ രണ്ടാം ഘട്ടം മഡഗാസ്കറിലെ അര്‍ദ്ധദിന പരിപാടികളുടെ റിപ്പോര്‍ട്ട്.