തിരയുക

Vatican News
Rabbi BRUCE LUSTIG of Washington, America Rabbi BRUCE LUSTIG of Washington, America 

മാനവസാഹോദര്യ കമ്മിറ്റിയില്‍ അമേരിക്കയിലെ റബ്ബിയും

മാനവ സാഹോദര്യ പ്രഖ്യാപനത്തിന്‍റെ (Human Fraternity Declaration of Dubai) നടത്തിപ്പിനുള്ള കമ്മിറ്റി വീണ്ടും വിപുലീകരിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വാഷിങ്ടണിലെ ഹെബ്രായ സമൂഹത്തിന്‍റെ തലവന്‍, റാബായ എം. ബ്രൂസ് ലസ്റ്റിഗിനെ നിലവിലുള്ള ഏഴംഗ കമ്മറ്റിയിലേയ്ക്ക് സെപ്തംബര്‍ 18-Ɔο തിയതി ബുധനാഴ്ച ചേര്‍ത്തതോടെയാണ് അബുദാബിയില്‍ രൂപമെടുത്ത മാനവ സാഹോദര്യപ്രഖ്യാപനത്തിന്‍റെ കമ്മിറ്റി വിപുലീകരിക്കപ്പെട്ടത്.

വിശുദ്ധമായ ദൗത്യത്തിലെ പങ്കാളിത്തം
സെപ്തംബര്‍ 11-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ വത്തിക്കാനില്‍ സംഗമിച്ച ദുബായ് മാനവ സാഹോദര്യ പ്രഖ്യാപനം നടപ്പിലാക്കാനുള്ള 7 കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ്മയിലേയ്ക്കാണ് റാബായ് ലസ്റ്റിഗും കൂട്ടുചേരുന്നത്. ഹെബ്രായ സമൂഹത്തില്‍നിന്നും കമ്മിറ്റിയില്‍ ചേരുന്ന പ്രഥമ അംഗമാണ് റാബായ് ലസ്റ്റിഗ്. തന്നെ കമ്മിറ്റിയില്‍ ചേര്‍ത്തതിലുള്ള സന്തോഷം പാപ്പാ ഫ്രാന്‍സിസിനെയും ഈജിപ്തിലെ വലിയ ഇമാം മുഹമ്മദ് അല്‍ തയ്യീബിനെയും കത്തിലൂടെ റാബായ് അറിയിക്കുകയുണ്ടായി. അതുപോലെ മറ്റ് കമ്മിറ്റി അംഗങ്ങളെയും തന്നെ തിരഞ്ഞെടുത്തിലുള്ള സന്തോഷം പ്രകടമാക്കുകയും, വിശ്വസാഹോദര്യത്തെ ബലപ്പെടുത്താനുള്ള ഈ വിശുദ്ധമായ ദൗത്യത്തില്‍ കൈകോര്‍ക്കാന്‍ സാധിച്ചതിലുള്ള അഭിമാനം പങ്കുവയ്ക്കുകയും ചെയ്തു.

ഹെബ്രായ സമൂഹത്തിന്‍റെ പ്രതിനിധി
1. റാബായ് എം. ബ്രൂസ് ലസ്റ്റിഗ്, വാഷിംങ്ടണിലെ ഹെബ്രായ സമൂഹത്തിന്‍റെ തലവനാണ്.
25 വര്‍ഷത്തില്‍ അധികമായി അമേരിക്കയില്‍ വാഷിംങ്ടണിലുള്ള 2800-ല്‍ അധികം കുടുംബങ്ങളുടെ ആത്മീയ ശുശ്രൂഷയില്‍ വ്യാപൃതനായി അദ്ദേഹം ജീവിക്കുന്നു. ദേശീയവും രാജ്യാന്തര തലത്തിലുള്ളതുമായ ഹെബ്രായ സംഗമങ്ങള്‍ക്ക് നേതൃത്വം നല്കിയിട്ടുണ്ട്.

സാമൂഹ്യപ്രതിബദ്ധതയുള്ള റാബായ്
ന്യൂയോര്‍ക്കിലെ സെപ്തംബര്‍ 11-ന്‍റെ ഭീകരാക്രമണത്തെ തുടര്‍‍ന്ന് ക്രൈസ്തവരെയും യഹൂദരെയും ഇസ്ലാമികരെയും ഒന്നിച്ചുകൂട്ടി വാഷിങ്ടണില്‍  "അബ്രാഹമിന്‍റെ ഉച്ചകോടി" റാബായ് ലസ്റ്റിങ് മുന്‍കൈയ്യെടുത്തു സംഘടിപ്പിച്ചത് വന്‍ വിജയമായിരുന്നു. പ്രസിദ്ധമായ ന്യൂസ് വീക്ക് അമേരിക്കന്‍ മാസിക (Newsweek Magazine) റാബായ് ലസ്റ്റിങിനെ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ ഒരു മതനേതാവായി കണക്കാക്കുന്നു. മതസൗഹാര്‍ദ്ദ സംരംഭങ്ങളിലുള്ള   സംഭാവനകള്‍ കണക്കാക്കി വന്‍ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മറ്റ് കമ്മിറ്റി അംഗങ്ങള്‍ :
വത്തിക്കാന്‍റെ 2 പ്രതിനിധികള്‍

2. മതാന്തര സംദാവങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, നിയുക്തകര്‍ദ്ദിനാള്‍ ബിഷപ്പ് മിഗുവേല്‍ എയിഞ്ചല്‍ ഗ്വിക്സോ,
3. പാപ്പായുടെ സ്വകാര്യ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ യാന്നിസ് ലാസി ഗായിദ്.

ഈജിപ്തിലെ അല്‍ അസ്സാര്‍ യൂണിവേഴ്സിറ്റി പ്രതിനിധികള്‍
4. പ്രഫസര്‍ മുഹമ്മദ് ഖാലിഫ് അല്‍ മുബാറക്.
5. ന്യായാധിപനും, വലിയ ഇമാം തയ്യീബിന്‍റെ ഉപദേശകനുമായിരുന്ന
മുഹമ്മദ് മഹമൂദ് അബ്ദേല്‍ സലാമും.

എമിറേറ്റ് രാജ്യങ്ങളില്‍നിന്നും
6. അബുദാബി സാംസ്കാരിക കാര്യങ്ങളുടെ ഡയറക്ടര്‍
മുഹമ്മദ് ഖലീഫാ അല്‍ മുബാറക്ക്.
7. എഴുത്തുകാരനും മാദ്ധ്യമപ്രവര്‍ത്തകനുമായ യാസര്‍ സയീദ്
അബ്ദുള്ള ഹരേബ് അല്‍മുഹായിരിയും.
8. എമിറേറ്റ് രാജ്യങ്ങളിലെ മുതിര്‍ന്ന സമുദായ നേതാക്കളുടെ സംഘടന
സെക്രട്ടറി ജനറല്‍, സുല്‍ത്താന്‍ ഫൈസല്‍ അല്‍ ഖലീഫ് അല്‍റെമയ്ത്തി.

എന്നിങ്ങനെ 8 പേരാണ് വിശ്വസാഹോദര്യ പ്രഖാപനത്തിന്‍റെ നടത്തിപ്പിനായി പാപ്പാ ഫ്രാന്‍സിസിനൊപ്പം വത്തിക്കാനില്‍ സംഗമിച്ചത്.  

ഭാവി തലമുറയെ പിന്‍തുണയ്ക്കാം!
ദുബായ് സംഗമത്തില്‍ പ്രബോധിപ്പിച്ച മാനവസാഹോദര്യ പ്രഖ്യാപനത്തിന്‍റെ പ്രായോഗികമായ നടത്തിപ്പാണ് കമ്മിറ്റിയുടെ പ്രഥമ ലക്ഷ്യം. അതിനാവശ്യമായ പദ്ധതികള്‍ മെനഞ്ഞെടുക്കുക, നടത്തിപ്പിനുള്ള മാര്‍ഗ്ഗരേഖകള്‍ രൂപപ്പെടുത്തുക എന്നിവ കമ്മിറ്റിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളാണ്. ലോകസമാധാനം, കൂട്ടായ്മ, സഹവര്‍തിത്ത്വം എന്നിവയുടെ പാതയില്‍ ഭാവി തലമുറയെ ഒരുക്കുകയെന്നതും കമ്മിറ്റിയുടെ അടിസ്ഥാന ലക്ഷ്യമാണ്.
 

19 September 2019, 18:58