തിരയുക

Apostolic Summer Villa  in Castel Gandolfo Apostolic Summer Villa in Castel Gandolfo  

ക്യാസില്‍ ഗണ്ടോള്‍ഫോ പാപ്പാമാരുടെ വേനല്‍ക്കാല വസതി

സെപ്തംബര്‍ 22, ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് ഇടയസന്ദര്‍ശനം നടത്തിയ അല്‍ബാനോ നഗരപ്രാന്തത്തിലെ അപ്പസ്തോലിക വിശ്രമകേന്ദ്രത്തിലേയ്ക്ക് (Castel Gandolfo Apostolic Palace) ഒരെത്തിനോട്ടം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അല്‍ബാനോയിലെ അപ്പസ്തോലിക വിശ്രമകേന്ദ്രം
ഇന്നുവരെയ്ക്കും ആഗോള സഭാതലവന്മാര്‍, ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പാ ഒഴികെ മറ്റെല്ലാവരും ഉപയോഗിക്കുകയും, എന്നാല്‍ പാപ്പാ ഫ്രാന്‍സിസ് ഉപയോഗിക്കാതിരിക്കുന്നതുമായ പുരാതനവും അതിമനോഹരവുമായ വത്തിക്കാന്‍റെ വേനല്‍ക്കാല വിശ്രമകേന്ദ്രമാണ് ക്യാസില്‍ ഗണ്ടോള്‍ഫോ. സെപ്തംബര്‍ 22-Ɔο തിയതി ഞായറാഴ്ച അല്‍ബാനോയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടത്തിയ ഇടയസന്ദര്‍ശനം ക്യാസില്‍ ഗണ്ടോള്‍ഫോയിലെ അപ്പസ്തോലിക അരമനയില്‍നിന്നും ഒരു കല്ലേറു ദൂരം മാത്രമായിരുന്നു. എന്നാല്‍ ഹ്രസ്വമായ ഈ സന്ദര്‍ശനം അല്‍ബാനോയിലെ വിശുദ്ധ പാക്രിയേഷ്യസിന്‍റെ ഭദ്രാസന ദേവാലയവും,  ബലിവേദിയായ പിയൂസ് 11-Ɔമന്‍ പാപ്പായുടെ നാമത്തിലുള്ള ചത്വരവും (Palazzo Pio) കേന്ദ്രീകരിച്ചായിരുന്നു.

പൗരാണികതയുടെ പ്രൗഢിയുള്ള മന്ദിരം
വിസ്തൃതവും മദ്ധ്യകാലഘട്ടത്തിന്‍റെ വാസ്തുഭംഗിയുള്ളതും, ചുറ്റും അതിവിശാലവും മനോഹരവുമായ തോട്ടവുമുള്ള ക്യാസില്‍ ഗണ്ടോള്‍ഫോ അപ്പസ്തോലിക അരമന വത്തിക്കാന്‍റെ അധീനത്തിലുള്ളതും, എന്നാല്‍ അകലെ സ്ഥിതിചെയ്യുന്നതുമായ വസ്തുവകയാണ് (Extra territorial property of Vatican). 135 ഏക്കര്‍ സ്ഥലത്തു സ്ഥിതിചെയ്യുന്ന അതിമനോഹരവും പുരാതനവുമായ കെട്ടിട സമുച്ചയമാണിത്. താമരക്കുളത്തിന് അരികെയുള്ള ദിവ്യജനനിയുടെ തോട്ടം (the Garden of Blessed Virgin Mary) പാപ്പാമാരുടെ നിശ്ശബ്ദമായ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്‍റെയും രമ്യഹര്‍മ്മ്യമാണ്.

തോട്ടവും മന്ദിരവും വാനനിരീക്ഷണ കേന്ദ്രവും
അപൂര്‍വ്വവും പുരാതനവുമായ വൃക്ഷങ്ങളും, വാസ്തുകാരങ്ങളുമുള്ള ക്യാസില്‍ ഗണ്ടോള്‍ഫോയിലെ തോട്ടങ്ങള്‍ ആഗോളതലത്തില്‍  സസ്യശാസ്ത്രജ്ഞന്മാരെയും, പുരാവസ്തു ഗവേഷകരെയും ഏറെ ആകര്‍ഷിക്കുന്ന ഇടമാണ്. അരമനയുടെ ചുറ്റുവട്ടത്തിലുള്ള വിസ്തൃതമായ തോട്ടത്തില്‍ത്തന്നെയാണ് വത്തിക്കാന്‍റെ വാനനിരീക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. 2014-മുതല്‍ അപ്പസ്തോലിക അരമനയുടെ പൊതുവായ ഭാഗങ്ങളും അതിനോടു ചേര്‍ന്നുള്ള തോട്ടവും പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. സ്ഥാനത്യാഗംചെയ്ത മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനാണ് അപ്പസ്തോലിക വിശ്രമ കേന്ദ്രത്തില്‍ ഏറ്റവും അവസാനമായി പാര്‍ത്ത പത്രോസി‍ന്‍റെ പിന്‍ഗാമി. അത് 2013 ഫെബ്രുവരിയിലായിരുന്നു.

ഇറ്റലിയുടെ അതിമനോഹരമായ  പ്രദേശം 
ഇറ്റലിയുടെ ലാസിയോ പ്രവിശ്യയില്‍പ്പെട്ടതും വത്തിക്കാനില്‍നിന്നും ഏകദേശം
30 കി.മീ. അകലെ റോമിന്‍റെ  തെക്കു കിഴക്കന്‍ ഭാഗത്ത്  കസ്തേലി റൊമാനി (Castelli Romani) പ്രദേശത്ത് ആല്‍ബന്‍ കുന്നിന്‍ ചെരുവിലായും, അല്‍ബാനോ തടാകത്തോടു ചേര്‍ന്നുമാണ് ക്യാസില്‍ ഗണ്ടോള്‍ഫോയിലെ വത്തിക്കാന്‍റെ വേനല്‍ക്കാല വസതി സ്ഥിതിചെയ്യുന്നത്. ഇറ്റലിയുടെ അതിമനോഹരമായ ഒരു പ്രദേശമായിട്ടാണ് പുരാതനമായ കസ്തേലോ അല്ലെങ്കില്‍ കസ്തേലി റൊമാനി മലയോര നഗരം കണക്കാക്കപ്പെടുന്നത്. 17-Ɔο നൂറ്റാണ്ടില്‍ പണിതീര്‍ത്ത സുഖവാസകേന്ദ്രങ്ങളാണ് ഇവിടെ അധികവും. 1960-ലെ റോമാ ഒളിംപിക്സ് തുഴയല്‍ മത്സരങ്ങള്‍ക്ക് (Rowing) വേദിയായ സ്റ്റേ‍ഡിയവും (Acquatic Stadium) ഇവിടെയാണ്  സ്ഥിതിചെയ്യുന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2019, 16:22