ചൈനയ്ക്കു രണ്ടു പുതിയ മെത്രാന്മാര്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
വത്തിക്കാന്‍ നിയോഗിച്ച 2 മെത്രാന്മാര്‍
ആഗസ്റ്റ് 26, തിങ്കളാഴ്ച ചൈനയിലെ മംഗോളിയ പ്രവിശ്യയിലും ആഗസ്റ്റ് 28, ബുധനാഴ്ച ഷാങ്ഹായ് പ്രവിശ്യയിലുമായി രണ്ടു മെത്രാഭിഷേകങ്ങള്‍ നടന്നതായി വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു. തിങ്കളാഴ്ച "ഇന്നര്‍" മംഗോളിയ (Inner Mangolia) പ്രവിശ്യയിലുള്ള ജിനിങ് വുലാങ്ചാബൂ രൂപതയുടെ മെത്രാന്‍, ആന്‍റെണി യാവോ ഷൂണിന്‍റെ അഭിഷേകത്തെ തുടര്‍ന്നാണ് ബുധനാഴ്ച ഷാങ്ഹായ് പ്രവിശ്യയിലെ ഹാന്‍സോങ് രൂപതയുടെ മെത്രാന്‍, സ്റ്റീഫന്‍ സൂ ഹോങ്-വേയുടെ അഭിഷേകം നടന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. രണ്ടു മെത്രാഭിഷേകങ്ങളും വത്തിക്കാന്‍റെ അറിവോടെ വളരെ സമാധാനപരമായ അന്തരീക്ഷത്തിലും, വന്‍ ജനപങ്കാളിത്തത്തോടെയുമാണ് ചൈനയില്‍ നടന്നതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, മത്തെയോ ബ്രൂണിയുടെ പ്രസ്താവന സ്ഥിരപ്പെടുത്തി.
അനുരഞ്ജിത സഭയിലെ പുതിയ മെത്രാന്മാര്‍
ആഗസ്റ്റ് 26-Ɔο തിയതി തിങ്കളാഴ്ച നടന്ന ജിനിങ് വുലാങ്ചാബൂ രൂപതയുടെ മെത്രാന്‍, ആന്‍റെണി യാവോ ഷൂണിന്‍റെ മെത്രാഭിഷേകത്തെക്കുറിച്ച് ആഗോളതലത്തില്‍ ഉയര്‍ന്ന സംശയങ്ങളുടെ വെളിച്ചത്തിലാണ് അതിന്‍റെ സാധുതയും, വത്തിക്കാന്‍റെ ഭാഗത്തുനിന്നുള്ള അംഗീകാരവും അറിവും സ്ഥിരീകരിച്ചുകൊണ്ട് ആഗസ്റ്റ് 27-ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് പ്രസ്താവന പുറത്തു വന്നത്. ചൈനീസ് സര്‍ക്കാരുമായി പാപ്പാ ഫ്രാന്‍സിസ് നടത്തിയ ഇടപെടലുകളിലൂടെ 2018 സെപ്തംബറില്‍ ബീജിങില്‍ വത്തിക്കാന്‍റെ നയതന്ത്ര വിഭാഗവുമായി ചേര്‍ന്ന് ഒപ്പുവച്ച അനുരഞ്ജനക്കരാര്‍ പ്രകാരമാണ് മോണ്‍സീഞ്ഞോര്‍ ആന്‍റെണി യാവോ ഷൂണിനെ ജിനിങ് വുലാങ്ചാബൂ രൂപതയുടെ മെത്രാനായും, മോണ്‍സീഞ്ഞോര്‍ സ്റ്റീഫന്‍ സൂ ഹോങ്-വേയെ ഹാന്‍സോങ് രൂപതയുടെ മെത്രാനായും ചൈനയില്‍ അഭിഷേകംചെയ്തതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.
സഭ നവീകൃതമാകുന്നതിന്‍റെ പ്രതീകം
ചൈനയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ കീഴിലെ സര്‍ക്കാര്‍-നിയന്ത്രിത സഭയെന്നും റോമിന്‍റെ കീഴിലെ സഭയെന്നുമുള്ള നീണ്ടകാല ഭിന്നിപ്പ് അനുരഞ്ജനപ്പെടുത്തിയ ശേഷമാണ് ഒരു രമ്യതയുടെ കരാര്‍ സൃഷ്ടിച്ചതും, തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് അനുരഞ്ജനത്തിന്‍റെ പ്രഖ്യാപനം നടത്തിയതും. ഇതുപ്രകാരം മെത്രാന്മാരെ സര്‍ക്കാര്‍ നിയമിക്കുകയോ, അഭിഷേചിക്കുകയോ ചെയ്യുന്ന പതിവ് ചൈന നിര്‍ത്തലാക്കുകയും, സഭയുടെ ആത്മീയകാര്യങ്ങളിലും, മെത്രാന്മാരുടെ നിയമനത്തിലും, ജനങ്ങളുടെ വിശ്വാസജീവിതത്തിലും പൊതുവെ സ്വാതന്ത്ര്യം അനുഭവിക്കുന്ന അനുരജ്ഞിതമായ അന്തരീക്ഷത്തിലാണ് പുതിയ രണ്ടു മെത്രാന്മാരുടെ നിയമനങ്ങളും അഭിഷേകങ്ങളും ചൈനയിലെ രണ്ടു പ്രവിശ്യകളില്‍ നടന്നതെന്ന് ആഗസ്റ്റ് 28-ന് ഇറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. അനുരഞ്ജിതമായ ഒരു സഭ ഇപ്പോള്‍ ചൈനയില്‍ പ്രബലപ്പെട്ടു വരുന്നതിന്‍റെ അടയാളംകൂടിയാണ് ഈ നവാഭിഷിക്തരെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് വിശദീകരിച്ചു.