തിരയുക

Vatican News
Fraternal Meter of Pope Emeritus Benedict XVI and Pope Francis in Mater Ecclesiae - 23 December 2013. Fraternal Meter of Pope Emeritus Benedict XVI and Pope Francis in Mater Ecclesiae - 23 December 2013. 

“മാത്തര്‍ എക്ലേസിയെ” ഭവനത്തിലെ ധന്യജീവിതം

വത്തിക്കാന്‍ തോട്ടത്തിലെ ചെറുഭവനത്തില്‍ മുന്‍പാപ്പാ ബെഡിക്ട് 16-Ɔമന്‍ നയിക്കുന്ന ഏകാന്തജീവിതവും അതിന്‍റെ ചരിത്രപശ്ചാത്തലവും - ഒരെത്തിനോട്ടം

- ഫാദര്‍  വില്യം നെല്ലിക്കല്‍ 

1. വിശുദ്ധ പത്രോസിന്‍റെ ചുറ്റുമതിലിനുള്ളില്‍

2013 ഫെബ്രുവരി 28-ന് റോമിന് തെക്കുഭാഗത്തുള്ള പാപ്പായുടെ വേനല്‍ക്കാല വസതിയായ ക്യാസില്‍ ഗണ്ടോള്‍ഫോയിലാണ് (Castle Gandolfo) ആ ദൃശ്യം അരങ്ങേറിയത്. മാധ്യമലോകത്തിന്‍റെ ക്യാമറകള്‍ കണ്‍ചിമ്മുന്നതിന്‍റെ മദ്ധ്യത്തില്‍, വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെ പേപ്പല്‍ വസതിയുടെ ചെറിയ അങ്കണത്തില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തിനിടയില്‍ മുന്‍നിശ്ചയിച്ച രാത്രിയുടെ 8 മണിയിലേയ്ക്ക് വലിയ ഘടികാരത്തിന്‍റെ സൂചി മെല്ലെ നീങ്ങിയപ്പോള്‍ ഇതുവരെ കാണാത്ത പ്രതീകാത്മക ശക്തിയുള്ള ഒരു ചടങ്ങിന് ലോകം സാക്ഷിയായി. ആള്‍ക്കൂട്ടത്തിന്‍റ ആരവത്തിനും ക്യാമറകളുടെ മിന്നലിനും ഇടയില്‍ രണ്ടു സ്വിസ് ഭടന്മാര്‍ പേപ്പല്‍ വസതിയുടെ പ്രവേശന കവാടത്തില്‍ പരസ്പരം അഭിവാദ്യംചെയ്തശേഷം അകത്തേയ്ക്ക് നിഷ്ക്രമിച്ചുകൊണ്ട് വാതിലുകള്‍ അടച്ചു.

2. താബോറിന്‍റെ ഗുപ്തമായ വശം
ഒരു അനിതരസാധാരണ ദൃശ്യത്തിന് സാക്ഷികളാകുന്നതിന്‍റെ പ്രതീതിയുണര്‍ന്നു. അവിടെ ആ ഭീമാകാരമായ കവാടത്തില്‍ ഒരു പാപ്പാ പദവിയുടെ ജനനത്തിനായല്ല, അന്ത്യത്തിനായാണ് ആ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടത്. ആ കാലയളവില്‍ ആഗോള സഭ ആചരിച്ചിരുന്ന വിശ്വാസത്തിന്‍റെ വര്‍ഷത്തില്‍ (Year of Faith) ജീവിച്ചിരുന്ന സഭയിലെ പലരുടേയും വിശ്വാസം വാസ്തവത്തില്‍ ഉലയുന്നതുപോലെ തോന്നി. ബെനഡിക്ട് 16-Ɔമന്‍ പാപ്പായുടെ രാജിയെത്തുടര്‍ന്നുണ്ടായ ഞെട്ടലില്‍നിന്ന് ഉണര്‍ന്ന് സഭയും ലോകവും ഒരു പുതുയുഗത്തിന് തയ്യാറെടുക്കുകയായിരുന്നു ആ ഔപചാരികമായ ചടങ്ങോടെ...!

3. തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം
പതുക്കെയെങ്കിലും വീണ്ടെടുക്കാന്‍ ആവാത്തവിധം ചോര്‍ന്നുകൊണ്ടിരുന്ന പാപ്പാ ബെനഡിക്ട്  16-Ɔമന്‍റെ കരുത്ത് നൂറുകണക്കിന് വര്‍ഷങ്ങളായി ദൃശ്യമല്ലാതിരുന്ന ഒരു ചുവടുവെയ്പിലേയ്ക്കാണ് അദ്ദേഹത്തെ നയിച്ചത്. രാജിവയ്ക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം, വര്‍ഷങ്ങള്‍ക്കുശേഷം പുറത്തിറങ്ങിയ “അന്തിമ സാക്ഷിപത്രം” (The Last Testaments, Edited by Peter Seawald, Sept. 2016) എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തകനായ പീറ്റര്‍ സീവാള്‍ഡിനോട് അദ്ദേഹം പറഞ്ഞു. “തന്‍റെ ഉടയവനായ ദൈവവുമായി ഇനി ഐക്യദാര്‍ഢ്യത്തില്‍ വളരുകയും വികസിക്കുകയും ചെയ്യുന്ന സമയമാണ്.” സ്ഥാനത്യാഗിയായ പാപ്പാ ബെനഡിക്ട് കാഴ്ചബംഗ്ലാവിലെ പ്രതിയല്ല, ഒരു സ്ഥാപനമാണെന്ന് ഇതിലൂടെ തെളിയുന്നു. സ്ഥാപനപരമായ കീഴ്വഴക്കങ്ങള്‍ നിലനിര്‍ത്തുവാനും സൃഷ്ടിക്കുവാനുമുള്ള മുന്‍പാപ്പായുടെ കഴിവിന്‍റെ മറ്റൊരു വശമായി പാപ്പാ ഫ്രാന്‍സിസ് പലപ്പോഴും അടിവരയിട്ടു പ്രസ്താവിക്കുന്നുണ്ട്. പാപ്പാ റാത്സിങ്കര്‍ കാഴ്ചബംഗ്ലാവിലെ പ്രതിമയല്ല ഒരു സ്ഥാപനമാണെന്ന് ഇറ്റാലിയന്‍ പത്രമായ “കൊറേര്‍ ദേ ലാ സേരാ”യ്ക്ക് (Courriere della Serra), 2014 മാര്‍ച്ച് 5-ന് നല്കിയ അഭിമുഖത്തില്‍ പാപ്പാ ഫ്രാന്‍സിസ് പറഞ്ഞു, “സ്ഥാനത്യാഗംചെയ്യുന്ന പത്രോസിന്‍റെ ആദ്യത്തെ പിന്‍ഗാമിയാണ് ബെനഡിക്ട് 16-Ɔമന്‍. ചിലപ്പോള്‍ ഇനിയും പലര്‍ പിന്നീട് ഉണ്ടായേക്കാം.”

4. സ്ഥാനത്യാഗിയായ മുന്‍പാപ്പാ ബെനഡിക്ട്
അതേവര്‍ഷം ആഗസ്റ്റ് 18-ന് ദക്ഷിണ കൊറിയയിലെ അപ്പസ്തോലിക സന്ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഈ സങ്കല്പം പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു. “പാപ്പാ ബെനഡിക്ട് ഒരു അപൂര്‍വ്വത മാത്രമല്ല, പക്ഷെ നൂറ്റാണ്ടുകള്‍ക്കുശേഷം സ്ഥാനത്യാഗിയായ ആദ്യ പാപ്പായാണ്.” സ്ഥാനമൊഴിഞ്ഞ പാപ്പാ (Pope Emeritus) എന്ന യാഥാര്‍ത്ഥ്യം വാസ്തവത്തില്‍ അങ്ങനെ പാപ്പാ ഫ്രാന്‍സിസ് സ്ഥാപിക്കുകയാണുണ്ടായത്. അസാധാരണമായ എന്തോ അല്ല, സ്ഥാപനപരമായ ഒരു പുതിയ വാതില്‍ തുറക്കപ്പെടുകയായിരുന്നു ഈ ചരിത്രപരമായ സ്ഥാനത്യാഗത്തില്‍. “യഥാര്‍ത്ഥത്തില്‍ സഹോദരങ്ങളാണ് ഞങ്ങള്‍,” പാപ്പാ ഫ്രാന്‍സിസ് പറഞ്ഞു. “എനിക്കു അനുഭവപ്പെടുന്നത്, ഒരു കാലത്ത് തന്‍റെ മുത്തച്ഛന്‍ അദ്ദേഹത്തിന്‍റെ അറിവുകളുമായി വീട്ടിലുണ്ടായിരുന്നതുപോലെയാണ്. അദ്ദേഹത്തെ ശ്രവിക്കുന്നത് എനിക്കു നല്ലതാണ്. അദ്ദേഹം എന്നെ ധാരാളം പ്രോത്സാഹിപ്പിക്കുകയും എനിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്.”

5.  മാര്‍ച്ച് 13, 2013
സ്ഥാനമേറ്റ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍നിന്നുകൊണ്ടു നടത്തിയ ആദ്യ അഭിവാദനം പാപ്പാ ബെനഡിക്ടിനായിരുന്നു.  2013 മാര്‍ച്ച് 13-ലെ സായാഹ്നം അതുകൊണ്ടു നമുക്ക് മറക്കാനാവില്ല. കര്‍ദ്ദിനാള്‍ ബാര്‍ഗോളിയോ പാപ്പാ പദവിയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിട്ട് ക്ഷണികനേരമേ ആയുള്ളൂ! എന്നിട്ടും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്ന് വന്‍ജനാവലിയെ അഭിസംബോധനചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ ആദ്യചിന്ത തന്‍റെ മുന്‍ഗാമിയെക്കുറിച്ചായിരുന്നു. “ഇവിടെ പറയുവാന്‍ ഞാനിഷ്ടപ്പെടുന്ന ആദ്യകാര്യം സ്ഥാനത്യാഗിയായ പാപ്പാ ബെനഡിക്ട്
16-Ɔമനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ്!” അദ്ദേഹം പറഞ്ഞു, “ദൈവത്തിന്‍റെ അനുഗ്രഹാശിസ്സുകളും പരിശുദ്ധ കന്യകാനാഥയുടെ സംരക്ഷണവും അദ്ദേഹത്തിനു ലഭിക്കുവാന്‍ നമുക്കൊരുമിച്ചു പ്രാര്‍ത്ഥിക്കാം.”

അവര്‍ രണ്ടുപേര്‍ക്കും, പാപ്പാ ഫ്രാന്‍സിസിനും മുന്‍പാപ്പാ ബെനഡിക്ടിനും ഇടയില്‍ മുഖാമുഖം നടന്നിട്ടള്ള നിരവധിയായ അനൗപചാരിക സംഭാഷണങ്ങളില്‍, തന്‍റെ രാജി ബാഹ്യസമ്മര്‍ദ്ദങ്ങളാല്‍ പ്രകോപിതമായതല്ലെന്നു പാപ്പാ ബെനഡിക്ട് വിശദീകരിച്ചിട്ടുണ്ട്. വാറ്റി ലീക്സ് കേസും (Cases of Vati-leaks) ഗൂഢാലോചനാവാദികള്‍ പ്രചരിപ്പിച്ച വിവാദങ്ങള്‍ക്കും ഘടക വിരുദ്ധമായിരുന്നു മുന്‍പാപ്പാ ബെനഡിക്ടിന്‍റെ വെളിപ്പെടുത്തലുകള്‍. അദ്ദേഹം പറഞ്ഞത് പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തിയിട്ടുണ്ട്, “സമ്മര്‍ദ്ധങ്ങള്‍ക്ക് അടിമപ്പെട്ട് ഒരാള്‍ ഒരിക്കലും ഓടിപ്പോകരുത് എന്ന കാരണമുണ്ട്, അതിനാല്‍ താന്‍ ഇറങ്ങിപ്പോവുകയായിരുന്നില്ല.”

6. എന്നും ഒരു നല്ല പിതാവ്
യുക്തിസഹമായ ഒരു ഉള്‍വിളി പിന്തുടര്‍ന്നുകൊണ്ട് ഒരു വൈദികന്‍, അത് പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പയോ, മെത്രാനോ ആരായിരുന്നാലും, ബാഹ്യനിഷ്ഠകളില്‍നിന്ന് ഒഴിയാന്‍ കഴിയും. പക്ഷെ, തന്‍റെ ഹൃദയത്തില്‍ ബന്ധിതമായ കൗദാശിക ദൗത്യത്തില്‍നിന്ന് ഒരിക്കലും പിന്മാറാനാവില്ല. പാപ്പാ ബെനഡിക്ട് തന്‍റെ രാജിക്കത്തില്‍ കുറിച്ചത് ഇപ്രകാരമായിരുന്നു, “പ്രായത്തിന്‍റെ ഭാരം അനുഭവപ്പെടുമ്പോള്‍ തന്‍റെ മൂര്‍ത്തമായ ഉത്തരവാദിത്വങ്ങളില്‍നിന്ന് പിന്മാറുകയാണെങ്കിലും ഒരു പിതാവിന് ഒരിക്കലും പിതാവ് അല്ലാതാകുവാന്‍ സാധിക്കില്ല. ആയതിനാല്‍ ഇത് പിന്തിരിയലിന്‍റെ വഞ്ചനയല്ല, മറിച്ച് വ്യത്യസ്തമായൊരു പാത പിന്തുടരുന്നതിന്‍റെ വിശ്വാസപൂര്‍ണ്ണതയാണ്.”

7. പ്രാര്‍ത്ഥനയില്‍ സകലരെയും ആശ്ലേഷിക്കും
സ്വകാര്യ ഇടങ്ങളിലേയ്ക്കുള്ള മടക്കം ഒരിക്കലും പാപ്പാ ബെനഡിക്ടിന്‍റെ പദ്ധതിയായിരുന്നില്ല. അദ്ദേഹത്തിന്‍റെ വാക്കുകള്‍തന്നെ അതു വെളിപ്പെടുത്തുന്നു. “പൗരോഹിത്യത്തിന്‍റെ സജീവ പ്രവര്‍ത്തനങ്ങളില്‍നിന്ന് രാജിവയ്ക്കാനുള്ള എന്‍റെ തീരുമാനം പൗരോഹിത്യത്തിന്‍റെ വിശ്വാസ പൂര്‍ണ്ണത ഇല്ലാതാക്കുന്നില്ല. സ്വകാര്യ ജീവിതത്തിലേയ്ക്ക് മടങ്ങുകയോ, യാത്രയുടെയോ സമ്മേളനങ്ങളുടെയോ, സ്വീകരണങ്ങളുടെയോപോലുള്ള ജീവിതമല്ല ഞാന്‍ ചെലവിടുന്നത്. ഞാന്‍ കുരിശിനെ കൈവിടുകയല്ല, മറിച്ച് ക്രൂശിതനായ നാഥന്‍റെ ചാരെ മറ്റൊരു വിധത്തില്‍ നിലകൊള്ളുകയാണ്. സഭയുടെ ഭരണം കൈകാര്യംചെയ്യുന്ന അധികാരശക്തി ഇനി എനിക്കില്ലായിരിക്കാം, പക്ഷെ പ്രാര്‍ത്ഥനാ നിര്‍ഭരമായ സേവനത്തില്‍ ഞാന്‍ തുടരുകയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ വിശുദ്ധ പത്രോസിന്‍റെ മതില്‍ക്കെട്ടിനകത്തു തന്നെ എല്ലായിപ്പോഴും എന്നേയ്ക്കും...!” (2013 ഫെബ്രുവരി 27-ന്‍റെ പൊതുകൂടിക്കാഴ്ച പരിപാടിയില്‍). അവസാനത്തെ പൊതുദര്‍ശനത്തില്‍ പാപ്പാ ബെനഡിക്ട് പറഞ്ഞ ഈ വാക്കുകള്‍ സ്ഥാനം ഒഴിയുന്നതിനുമുമ്പ് അദ്ദേഹം നടത്തിയ പരിചിന്തനങ്ങളുടെ ആകത്തുകയാണ്. സ്ഥാനത്യാഗിയായ പാപ്പായുടെ വത്തിക്കാനിലെ വസതിയായി പരിണമിച്ച, “മാത്തര്‍ എക്ലേസിയേ” (Mater Ecclesiae) എന്നു പേരുള്ള, മുന്‍കാലത്തെ ഒരു മിണ്ടാമഠമായിരുന്നു.
 
8. രണ്ടു സഹോദരങ്ങള്‍
2013 മാര്‍ച്ച് 23 ഉച്ചയ്ക്ക് അല്പം മുന്നേ, വത്തിക്കാനില്‍നിന്നും 35 കി. മി. അകലെ റോമാ നഗരത്തിന്‍റെ പ്രാന്തത്തിലുള്ള പേപ്പല്‍ വിശ്രമകേന്ദ്രമായ കാസില്‍‍ ഗൊണ്ടോള്‍ഫോയിലെ (Castle Gandolfo) ‘ഹെലിപ്പാടി’ല്‍ ഒരു വെളുത്ത ഹെലികോപ്റ്റര്‍ പറന്നിറങ്ങി. ഊഷ്മളമായി ആശ്ലേഷിച്ചുകൊണ്ട് പുഞ്ചിരിക്കുന്ന രണ്ടു പാപ്പാമാരെയാണ് അല്പ നിമിഷങ്ങള്‍ക്കകം ലോകമാധ്യമങ്ങള്‍ ചിത്രീകരിച്ചത് – സ്ഥാനാരോപിതനായ പാപ്പാ ഫ്രാന്‍സിസും സ്ഥാനത്യാഗിയായ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനും. അഭൂതപൂര്‍വ്വവും ചരിത്രപരവുമായ ഒരു ദൃശ്യമായിരുന്നു ആ നേര്‍ക്കാഴ്ചയുടെ രംഗം. വരുംവര്‍ഷങ്ങളില്‍ വിശുദ്ധപത്രോസിന്‍റെ ചത്വരത്തിലും വത്തിക്കാനിലെ വിവിധ ഹാളുകള്‍ക്കുള്ളിലും അരങ്ങേറുന്ന സമാനമായ സമാഗമങ്ങളുടെ പരമ്പരയിലെ ആദ്യത്തേതായിരുന്നു അത്. ക്രിസ്തുമസ്, ഈസ്റ്റര്‍, ജന്മദിനങ്ങള്‍, മറ്റു വാര്‍ഷികങ്ങള്‍ എന്നിവ പാപ്പാ ഫ്രാന്‍സിസ് സാന്താ മാര്‍ത്തയിലെ സ്വവസതിയില്‍നിന്ന് ‘മാത്തര്‍ എക്ലേസിയെ’ ആശ്രമത്തിലേയ്ക്കുള്ള ചെറുദൂരം താണ്ടുവാനും “വീട്ടിലെ വിവരമുള്ള കാരണവര്‍” എന്ന് അദ്ദേഹം സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന വലിയ മനുഷ്യന്‍, പാപ്പാ ബെനഡിക്ടിനെ കാണുവാനും പോകുമായിരുന്നു.

9.  മരുപ്പച്ചയുടെ സ്വൈര്യത
ബാഹ്യലോകത്തിന്‍റെ ദൃഷ്ടിയില്‍നിന്നു ഗോചരമായ വത്തിക്കാന്‍ ഉദ്യാനത്തിലെ “മാത്തര്‍ എക്ലേസിയേ” ചെറിയ ഭവനത്തില്‍ സ്വസ്ഥമായ ജീവിതം നയിക്കുകയായിരുന്നു മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍. പ്രാര്‍ത്ഥന, വായന, എഴുത്ത്, അല്പം നടത്തം, ടെലിവിഷന്‍ വാര്‍ത്തകളിലേയ്ക്ക് ഒരെത്തിനോട്ടം, അത്താഴത്തിനുശേഷം തന്‍റെ “പിയാനോ”യില്‍ മൊസാര്‍ട്ടിന്‍റെയോ മറ്റേതെങ്കിലും പ്രതിഭകളുടേയോ സംഗീതസൃഷ്ടികള്‍ വായിക്കുക എന്നിവ അടങ്ങിയതായിരുന്നു ആ ദിനചര്യ. ലോകമാസകലം അദ്ദേഹത്തിനുള്ള പണ്ഡിതന്മാരായ സുഹൃത്തുക്കളുടെ വര്‍ഷത്തില്‍ ഒരിക്കലുള്ള സന്ദര്‍ശനം അത്യപൂര്‍വ്വമായ ആ സ്വസ്ഥജീവിതത്തിന് ഭംഗം വരുത്താറുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഈ സുഹൃത്തുക്കള്‍ ഇടുന്ന അപൂര്‍വ്വ ചിത്രങ്ങളും ചെറിയ വാര്‍ത്തകളും പലതവണ പുറത്തുവന്നിട്ടുണ്ട്.

തന്‍റെ 91- Ɔο ജന്മദിനത്തില്‍ പാപ്പാ ബെനഡിക്ട് ഇറ്റാലിയന്‍ പത്രമായ “കൊറിയേറെ ദേല സേറാ”യില്‍ ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാ വായനക്കാര്‍ക്കും നന്ദിപറഞ്ഞു. അതില്‍ അദ്ദേഹം സാവധാനം മോശമായിക്കൊണ്ടിരിക്കുന്ന തന്‍റെ ശാരീരിക ആരോഗ്യത്തെക്കുറിച്ചും സൂചിപ്പിക്കുകയുണ്ടായി. “ശാരീരകമായി ജീവന്‍ ക്ഷയിക്കുമ്പോഴും ആന്തരികമായി ഞാന്‍ സന്തോഷത്തോടെ പിതൃഗേഹത്തിലേയ്ക്കുള്ള ആത്മീയ യാത്രയില്‍ മുന്നേറുകയാണ്...!” (2018, April 16, Courriere della Sera).

10. നന്മയാല്‍ സംരക്ഷിതം
2013 ജൂണ്‍ 28-ന് ബെനഡിക്ട് 16-Ɔമന്‍റെ ശബ്ദം ഒരിക്കല്‍ക്കൂടി പൊതുവേദിയില്‍ കേള്‍ക്കുകയുണ്ടായി. പാപ്പാ ഫ്രാന്‍സിസും അനേകം കര്‍ദ്ദിനാളന്മാരും പങ്കെടുത്ത വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ സംഘടിപ്പിക്കപ്പെട്ട മുന്‍പാപ്പായുടെ 65- Ɔο പൗരോഹിത്യ വാര്‍ഷിക ചടങ്ങിലായിരുന്നു അത്. ആ സന്ദര്‍ഭത്തില്‍ തന്‍റെ പിന്‍ഗാമിയോടുള്ള നന്ദി പാപ്പാ ബെനഡിക്ട് ഒരിക്കല്‍ക്കൂടി രേഖപ്പെടുത്തുകയുണ്ടായി. “പാപ്പാ ഫ്രാന്‍ചേസ്കോ, അങ്ങേയ്ക്ക് പ്രത്യേകം നന്ദിപറയുന്നു. തിരഞ്ഞെടുപ്പിന്‍റെ ആദ്യനിമിഷങ്ങള്‍ മുതലേ അങ്ങയുടെ നന്മ എന്‍റെ ഹൃദയത്തെ സ്പര്‍ശിക്കുന്നുണ്ടായിരുന്നു. വത്തിക്കാന്‍ ഉദ്യാനങ്ങളുടെ എല്ലാ പ്രകൃതി ഭംഗിയേക്കാളും അങ്ങയുടെ നന്മനിറഞ്ഞ സാന്നിദ്ധ്യത്തില്‍ ജീവിക്കുന്നതാണ് എനിക്ക് സുരക്ഷിതനാണെന്ന തോന്നല്‍ ഉളവാക്കുന്നതും ഞാന്‍ വിലമതിക്കുന്നതും. ഇന്ന്, എന്‍റെ പൗരോഹിത്യ വാര്‍ഷികനാളില്‍ അങ്ങു പറഞ്ഞ നന്ദിയുടെ വാക്കുകള്‍ക്കും സാന്നിദ്ധ്യത്തിനും ഞാന്‍ കൃതാര്‍ത്ഥനാണ്. സുവിശേഷപാത തെളിയിച്ചുകൊണ്ട് യേശുവിലേയ്ക്കും ദൈവത്തിലേയ്ക്കും അടുക്കുവാനും ദിവ്യകാരുണ്യത്തിന്‍റെ പാതയില്‍ മുന്നേറുവാനും അങ്ങേയ്ക്കു കഴിയട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു!”.

11. ജീവന്‍റെയും സ്നേഹത്തിന്‍റെയും ഒരു ലോകം
അന്ന്, പൗരോഹിത്യത്തിന്‍റെ വാര്‍ഷികനാളില്‍ എല്ലാവരുടെയും മുന്നില്‍ എഴുന്നേറ്റുനിന്നുകൊണ്ട് അനൗപചാരികമായി അദ്ദേഹം നടത്തിയ ഹ്രസ്വപ്രഭാഷണം, ആത്മീയതലത്തിലും അക്ഷരാര്‍ത്ഥത്തിലും പരിശുദ്ധ കുര്‍ബ്ബാനയുടെ മൂല്യവും മഹത്വവും പ്രതിഫലിപ്പിക്കുന്ന മഹാനായ ഒരു ദൈവശാസ്ത്രജ്ഞന്‍റെ ചിന്തകളായിരുന്നു. “കുരിശിലെ തന്‍റെ സഹനത്തെ യേശു മാനവരാശിക്കുള്ള അനുഗ്രഹമായി മാറ്റിത്തീര്‍ത്തുകൊണ്ട് ദൈവത്തിന് നന്ദിപറയുന്ന കൂദാശയാണ് പരിശുദ്ധ കുര്‍ബ്ബാന. വിശ്രമജീവിതത്തിലൂടെ വിശ്വാസപൂര്‍വ്വം ആ കുരിശില്‍ സ്വയമേവ ഞാന്‍ ശരണപ്പെടുകയാണ്. പൂമുഖത്തുനിന്ന് നാഥന്‍റെ മുന്തിരിത്തോപ്പിന്‍റെ അകത്തളത്തിലേയ്ക്കു നീങ്ങുന്ന എളിയ വേലക്കാരനാണു ഞാന്‍”. ഇങ്ങനെ സ്വയം വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം തന്‍റെ അന്ത്യാഭിലാഷത്തെക്കുറിച്ചും അന്ന് ഇങ്ങനെ പ്രസ്താവിച്ചു, “അവസാനം നാഥനായ ദൈവത്തോട് നന്ദി എന്നു പറയുന്നതിന്‍റെ ഭാഗമാകുവാന്‍ താന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ജീവന്‍റെ പുതുമ യഥാര്‍ത്ഥമായി സ്വീകരിക്കുവാനും ലോകത്തിനായി അത് ദൃഢീകരിക്കുവാനും സാധിക്കും. മരണത്തിന്‍റെയല്ല, ജീവന്‍റെ ലോകമായിരിക്കട്ടെ അത്. സ്നേഹം മരണത്തെ കീഴ്പ്പെടുത്തിയ ഒരു ലോകമാണത്!” ഹ്രസ്വമെങ്കിലും ദിവ്യകാരുണ്യവുമായി ബന്ധപ്പെടുത്തിയ ഒരു ദൈവശാസ്ത്രജ്ഞന്‍റെ ഗഹനവും അത്യപൂര്‍വ്വവുമായ നന്ദിപ്രകടനമായിരുന്നു അത്.
 

03 August 2019, 17:00