തിരയുക

Vatican News
Priests gathered around the altar of Pope Francis in concelebration 5th July 2019. വൈദികര്‍ - വത്തിക്കാനിലെ സമൂഹബലിയര്‍പ്പണത്തില് 05-07-2019 

വൈദികര്‍ക്കു സാന്ത്വനമായി പാപ്പാ ഫ്രാന്‍സിസിന്‍റെ കത്ത്

പാപ്പാ ഫ്രാന്‍സിസ് വൈദികര്‍ക്ക് അയച്ച കത്തിനോടുള്ള അമേരിക്കയിലെ മെത്രാന്‍ സംഘത്തിന്‍റെ പ്രതികരണം, വൈദികര്‍ക്കായുള്ള ദേശീയ കമ്മിറ്റിയുടെ ചെയര്‍മാന്‍, കര്‍ദ്ദിനാള്‍ ജോസഫ് ടോബിന്‍റെ വാക്കുകളില്‍...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വൈദികരെ ദുഃഖത്തില്‍ ആഴ്ത്തിയ പീഡനക്കേസുകള്‍
ആഗോളതലത്തില്‍ അടുത്തകാലത്ത് ഉയര്‍ന്നുവന്ന കുട്ടികളുമായി ബന്ധപ്പെട്ട വൈദികരുടെ ലൈംഗിക പീഡനക്കേസുകള്‍മൂലം ദുഃഖവും നിരാശയും അനുഭവിക്കുന്ന വൈദികര്‍ക്ക് സാന്ത്വനവും ധൈര്യവും പകരുന്നതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ കത്തെന്ന്, അമേരിക്കയുടെ ദേശീയ മെത്രാന്‍ സമിതിയില്‍ വൈദികരുടെയും സന്ന്യസ്തരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും കാര്യങ്ങള്‍ക്കായുള്ള കമ്മിറ്റി ചെയര്‍മാന്‍, കര്‍ദ്ദിനാള്‍ ജോസഫ് ടോബിന്‍ പ്രസ്താവിച്ചു. ഇടവകവൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ചരമവാര്‍ഷികം പ്രമാണിച്ച് പാപ്പാ ഫ്രാന്‍സിസ് ലോകത്തുള്ള വൈദികര്‍ക്കായി എഴുതിയ തുറന്ന കത്തിനോടു പ്രതികരിച്ചുകൊണ്ട് ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി, നെവാര്‍ക്ക് അതിരൂപതാ അദ്ധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ ടോബിന്‍ ആഗസ്റ്റ് 8-Ɔο തിയതി വിഷിങ്ടണ്‍ ഓഫിസില്‍നിന്നും പ്രസിദ്ധപ്പെടുത്തിയതാണ് ഈ പ്രതികരണം.

വൈദികരുടെ സ്നേഹസമര്‍പ്പണത്തിന്
നന്ദിപറയുന്ന പാപ്പാ ഫ്രാന്‍സിസ് 

നല്ലിടയനായ ക്രിസ്തുവിന്‍റെ പ്രതിച്ഛായ അനുകരിച്ച് സഭയില്‍ വിശ്വസ്തമായി സേവനംചെയ്യുന്ന വൈദികരുടെ സേവനത്തെ പാപ്പാ കത്തില്‍ ശ്ലാഘിക്കുകയും നന്ദിപറയുകയും ചെയ്യുന്നുണ്ട്. അനുദിന പൗരോഹിത്യ ജീവിതത്തിന്‍റെ വ്യഗ്രതകളില്‍ ക്രിസ്തുവിന്‍റെ രക്ഷാകര പദ്ധതിയില്‍ വൈദികര്‍ പ്രത്യാശപൂര്‍വ്വം പങ്കുചേരണമെന്ന് അനുസ്മരിപ്പിക്കുന്നതാണ് ഈ നീണ്ട കത്ത്. ഒപ്പം വൈദികര്‍ അനുകരിക്കുന്ന ക്രിസ്തുവിന്‍റെ കുരിശിനെ ധ്യാനിച്ചും, അമ്മയായ പരിശുദ്ധ കന്യാകാനാഥയുടെ മാദ്ധ്യസ്ഥം തേടിയും പ്രത്യാശയോടെ മുന്നേറാന്‍ പാപ്പാ നല്കുന്ന സാഹോദര്യത്തിന്‍റെയും പിതൃസ്ഥാനത്തിന്‍റെയും ആഹ്വാനങ്ങള്‍ കര്‍ദ്ദിനാള്‍ ടോബിന്‍ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടി.

ക്ലേശങ്ങളില്‍ മുഴുകിയ ഇന്നിന്‍റെ സഭ
പാപ്പായുടെ കത്തിനു കാലിക പ്രസക്തിയുണ്ട്, കാരണം പ്രതിസന്ധികളുടെ നടുവിലാണു ഇന്നു സഭ! അതിനാല്‍ വേദനയുടെയും, അധിക്ഷേപത്തിന്‍റെയും, വിദ്വേഷത്തിന്‍റെയും നിരാശയുടെയും വികാരങ്ങള്‍ വിങ്ങിനില്ക്കുന്ന വൈദികരുടെ ഹൃദയങ്ങള്‍ക്ക്  പ്രത്യാശപകരുന്ന വാക്കുകളാണ് പാപ്പാ ഫ്രാന്‍സിസ് കത്തിലൂടെ പങ്കുവയ്ക്കുന്നത്.

കാത്തുസൂക്ഷിക്കേണ്ട വിളിയുടെ ചൈതന്യം
ക്രിസ്തു ഓരോരുത്തരെയും വിളിച്ച ആ നല്ല നാളിനെയും, അതിനായി ആകാംക്ഷയോടെ പരിശ്രമിച്ച രൂപീകരണത്തിന്‍റെ നീണ്ട കാലത്തെക്കുറിച്ചും വൈദികരെ പാപ്പാ അനുസ്മരിപ്പിക്കുന്നത് ഹൃദയസ്പര്‍ശിയാണ്. ഓര്‍മ്മയില്‍ തെളിയുന്ന വൈദിക ജീവിതത്തിന്‍റെ നല്ലമുഹൂര്‍ത്തങ്ങള്‍ തീര്‍ച്ചയായും ദൈവത്തോടും ധാരാളം മനുഷ്യരോടും കടപ്പാടുകള്‍ ഉള്ളതും, നന്ദിയുടെ വികാരം വളര്‍ത്തുന്നതുമാണ്. അതിനാല്‍ ദൈവജനത്തിനായി പ്രവര്‍ത്തിക്കുന്ന നാളുകളില്‍, പ്രത്യേകിച്ച് പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും വ്രണിതാക്കളുമായവര്‍ ധാരാളമായി ജീവിക്കുന്ന സമൂഹങ്ങളില്‍ ജോലിചെയ്യുമ്പോള്‍ ക്രിസ്തുവിലുള്ള സന്തോഷവും പ്രത്യാശയുമാണ് മനസ്സില്‍ മുന്തിനില്ക്കേണ്ടതും വൈദികരെ നയിക്കേണ്ടതുമെന്നു പാപ്പാ ഉദ്ബോധിപ്പിക്കുന്നത് കര്‍ദ്ദിനാള്‍ ടോബിന്‍ തന്‍റെ പ്രതികരണത്തില്‍ ആവര്‍ത്തിച്ചു.

പാപ്പായുടെ കത്തിലുള്ള സംതൃപ്തി
അമേരിക്കയില്‍ ധാരാളം വൈദികരോടും മെത്രാന്മാരോടും പാപ്പായുടെ കത്തിനെക്കുറിച്ചു സംസാരിക്കുകയും അഭിപ്രായം ആരായുകയും ചെയ്തതിനുശേഷമാണ് താന്‍ അവരുടെ സന്തോഷവും സംതൃപ്തിയും കടപ്പാടും കൂട്ടിയിണക്കി നന്ദിയുള്ള മനസ്സോടെ ഈ വരികള്‍ കുറിയ്ക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ ടോബിന്‍ പ്രതികരണം ഉപസംഹരിച്ചത്.
കത്തിന്‍റെ പൂര്‍ണ്ണരൂപം പാപ്പായുടെ സൈറ്റില്‍നിന്നും ഇംഗ്ലിഷില്‍ ലഭിക്കാന്‍...

http://w2.vatican.va/content/francesco/en/letters/2019/documents/papa-francesco_20190804_lettera-presbiteri.html
 

09 August 2019, 10:03